റീസർവ്വേയ്ക്കായി മാസങ്ങൾ! ഒരു നടപടിയുമില്ല, മനംമടുത്ത 70കാരൻ വില്ലേജ് ഓഫീസിന് തീയിട്ടു, എറണാകുളത്ത്
റീസർവ്വേയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനായി രവി മാസങ്ങളായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയിരുന്നു.
കൊച്ചി: റീസർവ്വേയ്ക്കായി മാസങ്ങളോളം കയറിയിറങ്ങിയിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് 70കാരൻ വില്ലേജ് ഓഫീസിന് തീയിട്ടു. എറണാകുളം ആമ്പല്ലൂർ വില്ലേജ് ഓഫീസിലാണ് സംഭവം. കാഞ്ഞിരമറ്റം സ്വദേശിയായ രവിയാണ് തിങ്കളാഴ്ച രാവിലെ വില്ലേജ് ഓഫീസിൽ പൊട്രോളൊഴിച്ച് തീയിട്ടത്.
റീസർവ്വേയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനായി രവി മാസങ്ങളായി വില്ലേജ് ഓഫീസിൽ കയറിയിറങ്ങിയിരുന്നു. എന്നാൽ ഓരോതവണയും പലവിധ ന്യായങ്ങൾ പറഞ്ഞ് വില്ലേജ് ഓഫീസ് ജീവനക്കാർ രവിയെ തിരികെ അയച്ചു. തുടർന്ന് തിങ്കളാഴ്ച രാവിലെയും ഓഫീസിലെത്തിയ രവി, വില്ലേജ് ഓഫീസറുടെ മുറിയിൽ കയറി തന്റെ ആവശ്യവും പരാതിയും ആവർത്തിച്ചു.

എന്നാൽ രവിയ്ക്ക് അനുകൂലമായ നടപടിയെടുക്കാൻ വില്ലേജ് ഓഫീസർ തയ്യാറായില്ല. ഇതോടെയാണ് രവി കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് വില്ലേജ് ഓഫീസറുടെ മുറിയിൽ തീയിട്ടത്. മുറിയിൽ തീ ആളിപടർന്നതോടെ ജീവനക്കാർ ഇറങ്ങിയോടി. ഒട്ടേറെ ഫയലുകൾ കത്തിനശിച്ചു.
തീയിട്ടതിന് പിന്നാലെ വില്ലേജ് ഓഫീസിൽ നിന്നും കടന്നുകളഞ്ഞ രവിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. റീസർവ്വേയ്ക്കായി മാസങ്ങളോളം കയറിയിറങ്ങിയതിൽ മനംമടുത്താൻ വില്ലേജ് ഓഫീസിന് തീയിട്ടതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. രവിയെ പോലീസ് സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
റവന്യൂ ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം ഇതിനുമുൻപും സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. 2016 ഏപ്രിലിൽ തിരുവനന്തപുരം വെള്ളറടയിൽ വില്ലേജ് ഓഫീസ് ജീവനക്കാരെ പൂട്ടിയിട്ട് ഓഫീസിന് തീവച്ചിരുന്നു.












Click it and Unblock the Notifications