'മിണ്ടാതിരിക്കുന്നവർക്ക് മാത്രം സ്ഥാനം'; എംകെ രാഘവന് താക്കീതുമായി കോൺഗ്രസ്, മുരളീധരന് മുന്നറിയിപ്പ്
സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസിൽ ഉള്ളതെന്നായിരുന്നു രാഘവന്റെ പ്രതികരണം

കൊച്ചി: മിണ്ടാതിരിക്കുന്നവർക്കെ പാർട്ടിയിൽ സ്ഥാനമുള്ളൂവെന്ന പരസ്യ വിമർശനത്തിൽ എംപി എംക രാഘവന് കോൺഗ്രസ് നേതൃത്വത്തിന്റെ താക്കീത്. പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ താക്കീത്. പറയാൻ നിരവധി പാർട്ടി വേദികൾ ഉണ്ടായിട്ടും രാഘവൻ പാർട്ടി വേദികളിൽ വിമർശനം ഉന്നയിച്ചില്ലെന്നും സുധാകരൻ വിമർശിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഘവന് നേതൃത്വം കത്തയക്കുകയും ചെയ്തു. കെ മുരളീധരന് നേതൃത്വം മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
അതേസമയം കെപിസിസി അയച്ചെന്ന് പറയുന്ന കത്തിനെക്കുറിച്ച് അറിയില്ലെന്നാണ് രാഘവന്റെ പ്രതികരണം. തനിക്ക് കെപിസിസി അദ്ധ്യക്ഷന്‍ കത്തയച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിഷയത്തെക്കുറിച്ച് അറിയാത്തതിനാല്‍ കൂടുതലൊന്നും പ്രതികരിക്കാനില്ല. സൃഷ്ടിയും സംഹാരവുമെല്ലാം മാധ്യമങ്ങളാണെന്നും എം കെ രാഘവന്‍ പറഞ്ഞു.
പി ശങ്കരന്‍ അനുസ്മരണ പരിപാടിയിലായിരുന്നു എം കെ രാഘവന്റെ വിവാദ പരാമര്‍ശം. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണ് ഇന്ന് കോണ്‍ഗ്രസിൽ ഉള്ളതെന്നാണ് രാഘവന്റെ പ്രതികരണം. വിയോജിപ്പും വിമര്‍ശനവും നടത്താന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും രാഘവൻ കുറ്റപ്പെടുത്തിയിരുന്നു.
അര്‍ഹതയുള്ളവര്‍ പുറത്ത് നില്‍ക്കുകയാണ്. പഴയ കോണ്‍ഗ്രസിലെ ആത്മബന്ധം ഇന്നത്തെ കോണ്‍ഗ്രസില്‍ ഇല്ല. അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ഇന്ന് ആത്മബന്ധങ്ങള്‍ ഇല്ലാതാവുന്നു. സ്ഥാനമാനങ്ങള്‍ മിണ്ടാതിരിക്കാന്‍ പ്രേരിപ്പിക്കുന്നു. പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണപരമായ ആളുകളെ കൊണ്ടുവന്നില്ലെങ്കിൽ കോൺഗ്രസ് അധഃപതിച്ച് പോകുമെന്നും കെ രാഘവൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications