'സര്‍ക്കാരിന്റെ നയരൂപീകരണത്തിന് സ്വകാര്യ ബഹുരാഷ്ട്ര കമ്പനി', വോട്ടര്‍മാരോടുള്ള വെല്ലുവിളിയെന്ന് പിണറായി
സര്‍ക്കാരിന്റെ നയരൂപീകരണത്തിന് സ്വകാര്യ ബഹുരാഷ്ട്ര കമ്പനിയെ ചുമതലപ്പെടുത്തുന്ന തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രി വിഡി സതീശന്റെ നീക്കം വോട്ടര്‍മാരോടുള്ള വെല്ലുവിളിയും അവഹേളനവുമാണെന്ന് പിണറായി ഫേസ്ബുക്കിൽ കുറിച്ചു.
'റീ ഇമാജിനിംഗ് കേരളം' നടത്തിപ്പിനായി സർക്കാർ 'ഗ്രാന്‍റ് തോണ്‍ടണ്‍' എന്ന ബഹുരാഷ്ട്ര കമ്പനിക്ക് 50 ലക്ഷം രൂപ പ്രതിഫലം നല്‍കിയെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്: 'തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ നയരൂപീകരണവും വികസന പരിപ്രേക്ഷ്യവും അതത് കക്ഷികളോ മുന്നണികളോ കൂടിയാലോചിച്ച് തീരുമാനിക്കുന്നതാണ് ജനാധിപത്യ രീതി. എന്നാല്‍ ഇതാദ്യമായി ഒരു സര്‍ക്കാരിന്റെ നയരൂപീകരണത്തിന് സ്വകാര്യ ബഹുരാഷ്ട്ര കമ്പനിയെ ചുമതലപ്പെടുത്തുന്ന തീരുമാനം യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെയും യുഡിഎഫിന്റെ മറ്റു കക്ഷികളുടെയും ഇതിനോടുള്ള പൊതുനിലപാട് വ്യക്തമാക്കപ്പെടേണ്ടതാണ്. മുഖ്യമന്ത്രിയുടെ ഈ നിലപാട് ജനാധിപത്യ ഭരണരീതിയോടുള്ള അവജ്ഞയും വോട്ടര്‍മാരോടുള്ള വെല്ലുവിളിയും അവഹേളനവുമാണ്.

'റീ ഇമാജിനിംഗ് കേരളം' എന്ന പേരില്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികളെ നിശ്ചയിക്കുകയും അവയുടെ നടത്തിപ്പിനായി ലണ്ടന്‍ ആസ്ഥാനമായുള്ള 'ഗ്രാന്‍റ് തോണ്‍ടണ്‍' എന്ന ബഹുരാഷ്ട്ര കമ്പനിക്ക് 50 ലക്ഷം രൂപ പ്രതിഫലം നല്‍കിയ വാര്‍ത്തയാണ് തെളിവ് സഹിതം പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാരിന്റെ തന്ത്രപ്രധാനമായ പരിപാടികളും പദ്ധതികളും ഏകോപിപ്പിക്കാന്‍ 40 പേരടങ്ങിയ വിദേശ കമ്പനിയിലെ ജീവനക്കാരെയാണ് ഏല്‍പ്പിച്ചത്. പദ്ധതി വിശദാംശങ്ങളുടെ രഹസ്യാത്മകതയെ ഇത് ബാധിക്കും.
സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ ഒഴിവാക്കി, ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സര്‍ക്കാര്‍ തന്നെ നിയോഗിച്ച പ്ലാനിംഗ് ബോര്‍ഡിനെ തന്നെയും അവഗണിച്ചാണ് കോര്‍പ്പറേറ്റ് ഉപദേശികളെ ഏല്‍പ്പിച്ചിരിക്കുന്നത്. പ്രത്യേക സാങ്കേതിക ഉപദേശങ്ങള്‍ക്ക് പരിജ്ഞാനമുള്ള ഏജന്‍സികളെ കണ്‍സള്‍ട്ടന്‍സികളായി ഉപയോഗിക്കുന്നതുപോലെയല്ല നയരൂപീകരണവും മുന്‍ഗണന നിശ്ചയിക്കുന്നതിനുള്ള തീരുമാനവും ബഹുരാഷ്ട്ര കമ്പനിയെ ഏല്‍പ്പിക്കുന്നത്.
ഇത് വെറുമൊരു ധൂര്‍ത്ത് എന്ന രീതിയില്‍ മാത്രം വിലയിരുത്തേണ്ട കാര്യമല്ല.
സര്‍ക്കാരിന്റെ മുന്‍ഗണനയും നയരൂപീകരണവും നടത്തേണ്ടത് ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭയോ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച രാഷ്ട്രീയ നേതൃത്വമോ ആണ്, അല്ലാതെ ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സികളല്ല. നയരൂപീകരണത്തിന് ചുമതലപ്പെട്ട സംസ്ഥാന ആസൂത്രണ ബോര്‍ഡ് പോലെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പോലും റോളില്ലാതെ ഇതെല്ലാം തീരുമാനിക്കാന്‍ പുറം കരാര്‍ നല്‍കുന്നത് ശരിയായ രീതിയല്ല.
യുഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റ ഉടനെ ധനവകുപ്പ് പുറത്തിറക്കേണ്ട ധനസ്ഥിതി സംബന്ധിച്ച ധവളപത്രം തയ്യാറാക്കാന്‍ മറ്റൊരു സമിതിയെ നിയോഗിച്ചതിലും ഇതേ പാറ്റേണ്‍ നമ്മള്‍ കണ്ടതാണ്. രഹസ്യരേഖകളും സര്‍ക്കാര്‍ ഫയലുകളുമെല്ലാം സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ആ ഘട്ടത്തില്‍ തന്നെ പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അതേ രീതി പല വിഷയങ്ങളിലും തുടരുകയാണ്.
മന്ത്രിമാരുടെ വിദേശ യാത്രകളും ഉപയോഗിക്കുന്ന വാഹനങ്ങളും വരെ അജ്ഞാതരായ പല സ്പോണ്‍സര്‍മാരും നിര്‍വ്വഹിക്കുന്ന സ്ഥിതിയാണുള്ളത്. ലക്ഷങ്ങള്‍ ചിലവഴിക്കുന്ന ഇവരുടെ താല്‍പ്പര്യം എന്താണ് എന്ന് ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഒട്ടും വിശ്വാസത്തിലെടുക്കാതെ മറ്റാശ്രിതവൃന്ദങ്ങളെ എല്ലാ മേഖലകളിലും നിയോഗിക്കുന്ന രീതി ഭരണനിര്‍വ്വഹണത്തിന്റെ സുതാര്യതയെ ഇല്ലാതാക്കുകയാണ്. ഇങ്ങനെ സ്വകാര്യ മേഖലയുടെ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങുന്നത് അപകടകരവും ഭരണാധികാരികളുടെ പബ്ലിക്ക് അക്കൗണ്ടബിലിറ്റി ഹനിക്കുന്ന പ്രവര്‍ത്തിയുമാണ്. സര്‍ക്കാര്‍ ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്‍മാറണം'.


Click it and Unblock the Notifications
