എ രാജയ്ക്ക് എംഎല്‍എയായി തുടരാം; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: ദേവികുളം നിയമസഭ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ രാജ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ആശ്വാസ വിധി. എ രാജ എംഎല്‍എയുടെ തിരഞ്ഞെടുപ്പ് വിജയം സുപ്രീം കോടതി ശരിവച്ചു. ദേവികുളം ഉപതിരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കുകയും ചെയ്തു. എ രാജയ്ക്ക് പട്ടികജാതി സംവരണത്തിന് എല്ലാ അര്‍ഹതയുമുണ്ടെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നു.
ഇന്ന് രാവിലെ പത്തരയ്ക്കാണ് സുപ്രിംകോടതി വിധി പറഞ്ഞത്. ജഡ്ജിമാരായ എ അമാനത്തുള്ള, പികെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. രാജയ്ക്ക് പട്ടിക വിഭാഗം സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുണ്ടെന്നും എംഎല്‍എ എന്ന നിലയില്‍ ഇതുവരെയുള്ള എല്ലാ അനുകൂല്യങ്ങളും രാജയ്ക്ക് നല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. എംഎല്‍എ എന്ന നിലയില്‍ രാജയ്ക്കും സിപിഎമ്മിനും ആശ്വാസമേകുന്നതാണ് വിധി.

പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചത് എന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ആരോപിച്ചത്. ഇതേ തുടര്‍ന്ന് സംവരണ സീറ്റില്‍ മത്സരിക്കാന്‍ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. എ രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2023 മാര്‍ച്ച് 20 നായിരുന്നു ഹൈക്കോടതി വിധി വന്നത്.
അതേസമയം, തമിഴ്നാട്ടില്‍ നിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയര്‍ വിഭാഗക്കാരായ മാതാപിതാക്കള്‍ക്കുണ്ടായ മകനാണ് തന്റെ പിതാവെന്ന് രാജ സുപ്രീംകോടതിയില്‍ വാദിച്ചു. 1950 ന് മുന്‍പ് കുടിയേറിയതിനാല്‍ കേരളത്തില്‍ സംവരണത്തിന് അര്‍ഹതയുണ്ടെന്നും രാജ വാദിക്കുന്നു. പൂര്‍വ്വികര്‍ തിരുനെല്‍വേലിയില്‍ നിന്ന് 1950 ഓഗസ്റ്റ് 10 ന് മുന്‍പ് കുടിയേറിയവരാണെന്ന രാജയുടെ വാദം സുപ്രീം കോടതി ശരിവച്ചു.
രാജയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ മുഴുവന്‍ കുടുംബവും ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാല്‍ പട്ടിക ജാതി സംവരണത്തിന് അര്‍ഹതയില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാര്‍ വാദമുയര്‍ത്തി. ക്രിസ്ത്യന്‍ വിശ്വാസിയായ എ രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ല. രാജയുടെ കുടുംബം പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിലുള്ളവരാണെന്നും മാട്ടുപ്പെട്ടി സിഎസ്ഐ പള്ളിയില്‍ മാമോദീസ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നുമായിരുന്നു ഡി കുമാറിന്റെ വാദം.
യഥാര്‍ത്ഥ മതം സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ രാജ കോടതിയില്‍നിന്ന് മറച്ചുവച്ചെന്ന് ഡി കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ സുപ്രീം കോടതി ഈ വാദങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞു. രാജ നല്‍കിയ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി അയോഗ്യനാക്കിയതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications