തോറ്റ എംപി സമ്പത്തിന് ദില്ലിയില്‍ നിയമനം! കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലിയെന്ന് സുരേന്ദ്രൻ
ദില്ലി: ആറ്റിങ്ങലില്‍ ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടുവെങ്കിലും എ സമ്പത്തിനെ കൈവിടാതെ കേരള സര്‍ക്കാര്‍. എ സമ്പത്തിന് സര്‍ക്കാര്‍ പുതിയ നിയമനം നല്‍കിയിരിക്കുകയാണ്. ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായിട്ടാണ് എ സമ്പത്തിന്റെ നിയമനം നടത്തിയിരിക്കുന്നത്. സമ്പത്തിന്റെ നിയമിക്കാനുളള സര്‍ക്കാര്‍ തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. വ്യാഴാഴ്ചയാണ് മന്ത്രിസഭ യോഗം ചേരുക.
സംസ്ഥാനത്തിന്റെ പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോട് കൂടിയാണ് സമ്പത്തിനെ നിയമിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുളള ബന്ധവും ഇടപെടലുകളും സുഗമമാക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പ്രതിനിധിയെ ദില്ലിയില്‍ നിയമിച്ചിരിക്കുന്നത്. സമ്പത്തിന് ദില്ലിയില്‍ പ്രത്യേക ഓഫീസും ജീവനക്കാരെയും അനുവദിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

എ സമ്പത്തിന്റെ നിയമനത്തെ പരിഹസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്ത് എത്തി. ഫേസ്ബുക്കിലാണ് പ്രതികരണം. പോസ്റ്റ് ഇങ്ങനെയാണ്: '' സമ്പത്തിന് സമ്പത്തുകാലം വരുന്നു. ക്യാബിനറ്റ് പദവിയോടെ ദില്ലിയിൽ കുടിയിരുത്താൻ പോകുന്നു. കാറും ബംഗ്ളാവും പരിചാരകരും ശമ്പളവും ബത്തയും ആപ്പീസുമടുക്കം ഒരു വർഷം കോടികൾ കേരള ഖജനാവിൽ നിന്ന് കൊടുക്കും. കേരളത്തിന്റെ കേന്ദ്രകാര്യങ്ങൾക്കുള്ള അംബാസിഡർ.
കേന്ദ്രവും ഇതരസംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനാണു പോലും. ഭരണപരിഷ്കാര കമ്മീഷന്‍ പോലെ കോടികൾ ചെലവാക്കിയുള്ള വേറൊരിനം. കേരളം കടക്കെണിയിലാണെന്നാരു പറഞ്ഞു. ബന്ധം നന്നാക്കാൻ ആദ്യം മുഖ്യന്റെ ശൈലി മാറണം. വികസനകാര്യത്തിനാണെങ്കിൽ വിഷണറി ആയുള്ള ഭരണത്തലവൻ വേണം. ഇതു വെറും അജഗളസ്തനം പോലെ ആർക്കും ഗുണമില്ലാത്ത കാര്യമാവുമെന്നുറപ്പ്. കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി'' എന്നാണ് പോസ്റ്റ്.












Click it and Unblock the Notifications