ശബരിമലയിൽ മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഇന്നുമുതല്‍; പോലീസിന്റെ കർമ പദ്ധതി..
പത്തനംതിട്ട∙ ശബരിമലയിൽ പൊലീസിന്റെ പുതിയ കർമപദ്ധതി പ്രകാരം മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംവിധാനം ഇന്ന് മുതൽ നടപ്പിലാക്കും. നടപ്പന്തൽ മുതലായിരിക്കും ഈ സൗകര്യം ലഭ്യമാകുക. സന്നിധാനത്ത് കുട്ടികൾക്ക് ഇരിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു.
വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് 90,000ൽ കൂടാൻ പാടില്ലെന്നും, പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം മിനുറ്റിൽ 60ൽ കുറയാൻ പാടില്ലെന്നും കർമപദ്ധതി പറയുന്നു. എന്നാൽ തിങ്കളാഴ്ച 1,00,000ന് മുകളിൽ ആളുകളാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടെ വലിയ തിരക്ക് അനുഭവപ്പെടാനാണ് സാധ്യത.

അതേസമയം ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. തിരക്കനുസരിച്ച് ഒരുമണിക്കൂറിൽ 4,800 ഭക്തരെ 18-ാം പടിയിലൂടെ കടത്തിവിടാൻ ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല ചീഫ് പോലീസ് കോർഡിനേറ്റർക്കാണ്. തിരക്ക് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടേയും കലക്ടറുടേയും നിർദ്ദേശം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ശബരിമലയിലെ തിരക്ക് സംബന്ധിച്ച ഹർജികൾ പരിഗണിക്കവെ കോടതി സ്വമേധയ ഇടപെടുകയായിരുന്നു. തീർഥാടകത്തിരക്ക് ക്രമപ്പെടുത്തുന്നതിനായി നേരത്തേയും ഹൈക്കോടതി ഇടപെട്ടിരുന്നു. വ്യാഴാഴ്ച പമ്പയിൽ ചേർന്ന അവലോകനയോഗത്തിൽ പോലീസും ദേവസ്വം ബോർഡും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഈ വിഷയത്തിൽ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ശബരിമല സ്പെഷൽ കമ്മിഷണർ, കെഎസ്ആർടിസി സ്പെഷൽ ഓഫിസർ, ദേവസ്വം ബോർഡ് എക്സിക്യുട്ടിവ് എൻജിനീയർ എന്നിവരും ആയി ആലോചിച്ച് സംവിധാനം രൂപീകരിക്കണം എന്നാണ് നിർദേശം.
ശബരിമലയിലേയ്ക്കുള്ള റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഇതരസംസ്ഥാന ഡ്രൈവർമാരെ ബോധവൽക്കരിക്കണമെന്നും മോട്ടർ വാഹന വകുപ്പ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ താംബരത്തുനിന്നു തീർഥാടകരുമായി എത്തിയ വാഹനം അപകടത്തിൽപ്പെട്ട് 10 വയസ്സുള്ള കുട്ടി മരിക്കുകയും 13 പേർക്കു പരുക്കേൽക്കുകയും ചെയ്തതു പരിഗണിച്ചാണ് ഇക്കാര്യം അറിയിച്ചത്.
ശബരിമല തീർഥാടകർക്ക് പമ്പയിൽ നിന്ന് കെഎസ്ആർടിസി ബസുകളിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കാൻ കലക്ടറോടു ഹൈക്കോടതിയുടെ നിർദേശം. ഗ്രൂപ്പ് ബുക്കിങ് നടത്തിയവരുടെ ഉൾപ്പെടെ ബുദ്ധിമുട്ടുകൾക്കു പരിഹാരമുണ്ടാകണമെന്നും കോടതി നിർദേശിച്ചു. പമ്പ, ത്രിവേണിയിൽ ബസുകളിൽ കയറാൻ തീർഥാടകർ ബുദ്ധിമുട്ടുന്നതായുള്ള റിപ്പോർട്ടുകൾ വന്ന അടിസ്ഥാനത്തിലാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് കെ.പി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
ശബരിമലയിലെ തിരക്ക് സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ കോടതി സ്വമേധയ ഇടപെടുകയായിരുന്നു. തീർഥാടകത്തിരക്ക് ക്രമപ്പെടുത്തുന്നതിനായി നേരത്തേയും ഹൈക്കോടതി ഇടപെട്ടിരുന്നു. വ്യാഴാഴ്ച പമ്പയിൽ ചേർന്ന അവലോകനയോഗത്തിൽ പോലീസും ദേവസ്വം ബോർഡും തമ്മിൽ തർക്കമുണ്ടായിരുന്നു.












Click it and Unblock the Notifications