കൊവിഡ് കേസുകളിൽ നേരിയ വർധനവ്, ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് ഉണ്ടെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ചൊവ്വാഴ്ച 172 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1026 ആക്ടീവ് കൊവിഡ് കേസുകളുണ്ട്. ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് 111 പേരാണ്.
ഈ സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനത്ത് പുതിയ കൊവിഡ് വകഭേദമുണ്ടോ എന്നുളളത് പരിശോധിക്കേണ്ടതുണ്ട്. ജീനോമിക് സീക്വന്‍സിംഗ് വഴി കണ്ടെത്തേണ്ടതുണ്ട്. പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. ഈ പുതിയ കൊവിഡ് എത്രത്തോളം അപകടകരമാണ് എന്നുളളതും നോക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ദിവസവും ആരോഗ്യവകുപ്പ് അവലോകനം ചെയ്യുന്നുണ്ട്. കൊവിഡ് കേസുകള്‍ ഉയര്‍ന്നേക്കാവുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ സജ്ജമായിരിക്കാനുളള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലകളും ആശുപത്രികളും അതിന് വേണ്ടി സര്‍ജ് പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി. ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റി വെക്കണം. ആശുപത്രികളിലേക്ക് പോകുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്നും വീണാ ജോര്‍ജ് പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 210 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാത്രമല്ല മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൃശൂര്‍ ജില്ലയിലാണ് മൂന്ന് കൊവിഡ് മരണങ്ങളും. എറണാകുളത്ത് 50 പേര്‍ക്കും തിരുവനന്തപുരത്ത് 36 പേര്‍ക്കും ഇന്ന് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല രാജ്യത്താകെയും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് വീണ്ടും ആശങ്കയാവുകയാണ്.












Click it and Unblock the Notifications