തമിഴ്നാട്ടിൽ നിന്നെത്തി ഓണം ബമ്പറെടുത്തു, ഒന്നും കിട്ടിയില്ല, ലോട്ടറി വിൽപ്പനക്കാരിയെ കുത്തി തമിഴ്നാട് സ്വദേശി
കല്‍പ്പറ്റ: ഓണം ബമ്പര്‍ ലോട്ടറി എടുത്തിട്ട് സമ്മാനമൊന്നും ലഭിക്കാത്തതില്‍ പ്രകോപിതയായി ലോട്ടറി വില്‍പ്പനക്കാരിയെ തമിഴ്‌നാട് സ്വദേശി കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. വയനാട് ജില്ലയിലെ നെന്മേനി സ്വദേശിനിയായ ലോട്ടറി വില്‍പ്പനക്കാരി വിനീത രാജേഷിനാണ് കുത്തേറ്റത്. വിനീതയെ ആക്രമിച്ച തമിഴ്‌നാട് സ്വദേശി ശിവകുമാറിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് ഓണം ബമ്പര്‍ നറുക്കെടുത്തത്. ഒന്നാം സമ്മാനമായ 30 കോടി രൂപ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് അടിച്ചിരിക്കുന്നത്. തമിഴ്‌നാട് പാട്ടവേല്‍ സ്വദേശിയായ ശിവകുമാര്‍ പതിവായി ലോട്ടറി എടുത്തിരുന്നത് വിനീത നമ്പ്യാര്‍കുന്നില്‍ നടത്തുന്ന പൂങ്കാവനം ലോട്ടറി എന്ന കടയില്‍ നിന്നും ആയിരുന്നു.
ഇതുവരെ ശിവകുമാറിന് ഒരു ലോട്ടറിയില്‍ പോലും സമ്മാനമൊന്നും അടിച്ചിരുന്നില്ല. 500 രൂപ മുടക്കി ഓണം ബമ്പര്‍ ടിക്കറ്റും ഇയാള്‍ വിനീതയില്‍ നിന്നും ആയിരുന്നു വാങ്ങിയിരുന്നത്. എന്നാല്‍ ഓണം ബമ്പറിലും സമ്മാനമൊന്നും അടിച്ചിരുന്നില്ല. ശിവകുമാര്‍ ഇന്ന് രാവിലെ ടിക്കറ്റുമായി വിനീതയെ കാണാന്‍ കടയിലെത്തി. സമ്മാനമൊന്നും ലഭിക്കാത്തതില്‍ രോഷാകുലനായ ഇയാള്‍ വിനീതയുമായി വഴക്കിട്ടു.

കത്തിയുമായി എത്തിയ ശിവകുമാര്‍ തര്‍ക്കത്തിനിടെ വിനീതയെ ആക്രമിക്കുകയായിരുന്നു. ഈ സമയം വിനീത തനിച്ചായിരുന്നു കടയില്‍ ഉണ്ടായിരുന്നത്. വിനീതയുടെ തലയിലും കഴുത്തിലും നിരവധി തവണ കുത്തേറ്റിട്ടുണ്ട്. വിനീതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ എത്തിയതോടെ ശിവകുമാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ ആളുകള്‍ ചേര്‍ന്ന് പിടികൂടിയാണ് പോലീസില്‍ ഏല്‍പ്പിച്ചത്.
ഗുരുതര പരിക്കേറ്റ വിനീത മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ലോട്ടറി ഇല്ലാത്തതിനാല്‍ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെത്തി നിരവധി തമിഴ്‌നാട് സ്വദേശികള്‍ സ്ഥിരമായി ലോട്ടറി എടുക്കുക പതിവാണ്. നമ്പ്യാര്‍കുന്ന് അത്തരത്തില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. അതുകൊണ്ട് തന്നെ ഇവിടെയുളള ലോട്ടറി കടകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് നിരവധി പേരാണ് ഭാഗ്യം പരീക്ഷിക്കാന്‍ എത്താറുളളത്. ഇത്തവണ ഓണം ബമ്പര്‍ ടിക്കറ്റ് വാങ്ങാനും അയല്‍ സംസ്ഥാനത്ത് നിന്ന് നിരവധി പേരാണ് എത്തിയിരുന്നത്.


Click it and Unblock the Notifications
