'ചന്ദ്രയാൻ 3ന്റെ അഭിമാനം കളയാൻ ഇങ്ങനെയൊരു അദ്ധ്യാപിക മതി'; യുപി സംഭവത്തിൽ ഹരീഷ് പേരടി
തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് അടിപ്പിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ചന്ദ്രയാൻ 3ന്റെ അഭിമാനം കളയാൻ ഇങ്ങനെയൊരു അദ്ധ്യാപിക മതിയെന്ന് കേന്ദ്രസർക്കാർ മറക്കരുതെന്ന് നടൻ പറഞ്ഞു. ഇന്ത്യ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സംഭവം നടന്ന സ്‌കൂളിന് മുന്നിലാണ് ഒത്തുചേരേണ്ടതെന്നും മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നടൻ ആവശ്യപ്പെട്ടു.
'I.N.D.I.A..എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫർ നഗറിലെ ഈ സ്കൂളിന് മുന്നിൽ അല്ലെ ഒത്ത് ചേരണ്ടേത്...അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല...മറിച്ച് മനസ്സിൽ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാർത്ഥ INDIAയെ ഉണ്ടാക്കാനാണ് ...ആ സ്കൂളിന്റെ മുന്നിൽ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു...വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സർക്കാറെ..685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്'. പോസ്റ്റിൽ താരം പറഞ്ഞു.

അതേസമയം സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അടക്കം രംഗത്തെത്തിയിരുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. 'നമ്മുടെ മതമോ ജാതിയോ സമുദായമോ ആണ് ശ്രേഷ്ഠം എന്ന് തോന്നുന്നിടത്ത് തുടങ്ങുന്നു വർഗീയത. അധ്യാപിക ചെയ്തത് ഹീന കൃത്യമാണ്. ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ ഉണ്ടാകണം. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഓർക്കേണ്ട ഒന്നുണ്ട് ; കേരളം പ്രതീക്ഷയുടെ തുരുത്താണ്', അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മുൻ മന്ത്രി എംഎ ബേബിയും സംഭവത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. 'കഴിഞ്ഞ ആഴ്ചയാണ് യൂണിയൻ വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പുതിയ കരിക്കുലം ഫ്രെയിംവർക്ക് പ്രകാരമുള്ള പുതിയ സിലബസ് തീരുമാനിക്കാനുള്ള കമ്മിറ്റികളുടെ യോഗം വിളിച്ചു കൂട്ടിയത്. ആ യോഗത്തിൽ അദ്ദേഹം പറഞ്ഞു, "ഈ രണ്ട് കമ്മിറ്റികളും 21-ാം നൂറ്റാണ്ടിന്റെ ആവശ്യകതകൾക്കനുസൃതമായും യഥാർത്ഥ ഇന്ത്യൻ ചിന്താഗതിയെ അടിസ്ഥാനമാക്കിയും ഒരു സിലബസ് തയ്യാറാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." ഈ ഇന്ത്യൻ ചിന്താഗതി പ്രകാരമുള്ള സിലബസ് അനുസരിച്ചാണോ ഉത്തർപ്രദേശിലെ മുസഫർ നഗറിലെ സ്വകാര്യവിദ്യാലയത്തിൽ എട്ടു വയസുകാരനെ മറ്റു കുട്ടികളെക്കൊണ്ട് അപമാനിച്ചത്?', എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.












Click it and Unblock the Notifications