'നിയമ വാഴ്ചയെ ഉയർത്തിപിടിക്കുന്ന വിധി; ഇഡി ചോദ്യം ചെയ്യലിന് പിണറായി വിജയൻ ഹാജരാകില്ല'
സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രജിസ്റ്റർ ചെയ്‌ത കേസിൽ വിജിലൻസ് അന്വേഷണം തടഞ്ഞ സുപ്രീംകോടതി വിധി നിയമവാഴ്ചയെ ഉയർത്തിപ്പിടിക്കുന്നതാണെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ. 'സിപിഎമ്മിന്റെ നേതൃനിരയിൽ പ്രവർത്തിക്കുന്ന പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണ്. തുടക്കം മുതൽ തന്നെ സിപിഎം ഇതിനെ ശക്തമായി എതിർത്തിരുന്നു. നിയമപരമായും രാഷ്ട്രീയപരമായും കേസിനെ നേരിടുമെന്നും അദ്ദേഹം ആവർത്തിച്ചു.
എഫ്ഐആർ ഇടണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയെയും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ കഴിയില്ലെന്ന വിധിയെയും സുപ്രീംകോടതി റദ്ദാക്കി. വളരെ ആവേശകരമായ വിധിയാണ് ഉണ്ടായിരിക്കുന്നത്. ഇഡി അധികാരം വിട്ട് പെരുമാറരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ആരോപണം അന്വേഷിക്കണമെന്ന നിലപാട് സ്വീകരിക്കാൻ ജഡ്ജിക്കെന്ത് അവകാശമുണ്ടെന്നും കോടതി ചോദിച്ചു. സിംഗിൾ ബെഞ്ചിന്റേത് പരസ്പരവിരുദ്ധമായ വിധിയാണെന്നും കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നിയമപോരാട്ടത്തിൽ പാർട്ടി വിജയിച്ചു. ഇഡി ചോദ്യം ചെയ്യലിന് പിണറായി വിജയൻ ഹാജരാകില്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഹാജരാകേണ്ടതില്ല എന്നും ഗോവിന്ദൻ പറഞ്ഞു. പിണറായിക്കും മകൾ വീണയ്ക്കും മരുമകനിം മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരായ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്കാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. കേസിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ പിണറായി നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് കേൾക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.
അതേസമയം സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ രംഗത്തെത്തി. ബഹുമാനപ്പെട്ട സുപ്രീം കോടതി എന്തെങ്കിലും പ്രത്യേക ആനുകൂല്യം പിണറായി വിജയനും കൂട്ടാളികൾക്കും നൽകിയിട്ടില്ലെന്നും എഫ് ഐ ആറുകൾ ഒന്നും തന്നെ കോടതി റദ്ദാക്കിയിട്ടില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
പ്രതികൾക്ക് പറയാനുള്ളതുകൂടി കേൾക്കണം. അതിന് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. അത്രമാത്രം. എന്തുകൊണ്ട് സംസ്ഥാനം എഫ് ഐ ആർ എടുത്തില്ല എന്ന സർക്കാരിനോടുള്ള രൂക്ഷമായ ചോദ്യം കേസ്സ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു എന്ന വാദം കൂടുതൽ ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകും പോകണം. കുറ്റം ചെയ്തവർ നിയമത്തിന്റെ മുന്നിൽ വരികതന്നെ ചെയ്യും. ആഘോഷിക്കാൻ സിപിഎമ്മിനും ഊറിച്ചിരിക്കാൻ കോൺഗ്രസ്സിനും ഒരു വകയും നൽകുന്നില്ല ഇന്നത്തെ സുപ്രീം കോടതി വിധിയെന്നും സുരേന്ദ്രൻ പറഞ്ഞു.


Click it and Unblock the Notifications
