മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു; ദൗത്യം നിര്‍ണായകഘട്ടത്തില്‍
കൊച്ചി: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ വെടിവെച്ചു. ഇന്ന് രാവിലെ 7.15 ഓടെയാണ് ആനയെ മയക്കുവെടി വെച്ചത്. വെറ്റിനറി ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെച്ചത്. മസ്തകത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലുള്ള കാട്ടാനയെ ചികിത്സിക്കുന്നതിനായി വൈകാതെ കോടനാട്ടേയ്ക്ക് കൊണ്ടുപോകും.
വെറ്റിലപ്പാറയ്ക്കു സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്. കൊമ്പനൊപ്പം മറ്റൊരു ആനയുണ്ടായിരുന്നെങ്കിലും ഇതിനെ പടക്കം പൊട്ടിച്ച് ഓടിച്ചിട്ടുണ്ട്. അതേസമയം മയക്കുവെടി വെച്ചതിന് ശേഷം ആന വീണത് ആശങ്കയുണ്ടാക്കുന്നുണ്ട്. സാഹചര്യം ദൗത്യസംഘം വിലയിരുത്തുകയാണ്. സാധാരണഗതിയില്‍ മയക്കുവെടിയേറ്റാലും ആന വീഴാറില്ല.

അതിനാല്‍ തന്നെ ഇനിയുള്ള ഒരു മണിക്കൂര്‍ ദൗത്യസംഘത്തിന് നിര്‍ണായകമാണ്. ജെസിബി, ക്രെയിന്‍ എന്നിവ കൂടി ആനയ്ക്ക് അരികിലേത്ത് എത്തിയിട്ടുണ്ട്. ആനയുടെ മയക്കം മാറിയാല്‍ കുങ്കിയാനകളുടെ സഹായത്തോടെ പുറത്തെത്തിക്കാനാണ് ശ്രമം. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളും കാട്ടാനയ്ക്ക് സമീപം എത്തിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആനയെ മയക്കുവെടിവെയ്ക്കാനുള്ള ദൗത്യം ആരംഭിച്ചത്.
6.40 ഓടെ വെറ്റിലപ്പാറയിലെ പതിനാലാം ബ്ലോക്കില്‍ ആനയെ ലൊക്കേറ്റ് ചെയ്തു. മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കഴിഞ്ഞ മാസമായിരുന്നു ആനയെ കണ്ടെത്തിയത്. ആനയുടെ മസ്‌കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പറ്റിയതാകാം എന്നാണ് വിലയിരുത്തല്‍. മുറിവ് മസ്തകത്തിലായതിനാല്‍ തന്നെ സ്ഥിതി ഗുരുതരമാണ് എന്നാണ് വെറ്റിനറി വിദഗ്ധര്‍ പറയുന്നത്.
മസ്തകത്തിലെ മുറിവ് ദിനംപ്രതി വലുതായി വരുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അരുണ്‍ സക്കറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യ സംഘത്തിലുള്ളത്. ആനക്കൂടിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. എലിഫന്റ് ആംബുലന്‍സും ഇന്നലെ രാത്രിയോടെ തന്നെ സജ്ജമാക്കിയിരുന്നു. ദൗത്യത്തോട് അനുബന്ധിച്ച് പ്ലാന്റേഷന്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ജനുവരി 15 മുതലാണ് മുറിവേറ്റ കൊമ്പനെ പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ കണ്ട് തുടങ്ങിയത്. ജനുവരി 24 ന് ആനയെ പിടികൂടി ചികിത്സ നല്‍കിയിരുന്നെങ്കിലും പിന്നീട് മുറിവില്‍ പുഴുവരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തുടരാന്‍ വനം വകുപ്പ് തീരുമാനിച്ചത്. അവശനായ ആന തീറ്റെയടുക്കുന്നുണ്ടെങ്കിലും കനപ്പെട്ടതൊന്നും കഴിക്കുന്നില്ല. അതിനാല്‍ തന്നെ അരിക്കൊമ്പന്‍ ദൗത്യത്തേക്കാള്‍ സങ്കീര്‍ണമായ ദൗത്യത്തിലൂടെയാണ് വനം വകുപ്പ് കടന്നുപോകുന്നത്.












Click it and Unblock the Notifications