ടിക് ടോക് താരത്തിന് കിട്ടുന്ന പ്രശസ്തിയുടെ ആയിരത്തിലൊന്ന് പോലും എഴുത്തുകാരനില്ല; തുറന്ന് പറഞ്ഞ് ബെന്യാമിന്‍
തിരുവനന്തപുരം: ടിക്ക് ടോക്ക് താരത്തിന് കിട്ടുന്ന പ്രശസ്തിയുടെ ആയിരത്തിലൊന്ന് പോലും എഴുത്തുകാരന് കിട്ടുന്നില്ല എന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം എഡിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നൂറ് ദേശങ്ങള്‍ നൂറ് പ്രഭാഷണങ്ങള്‍ എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി 'കഥ പറയുമ്പോള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ബെന്യാമിന്‍.
നമ്മുടെ ഉള്ളില്‍ നമ്മള്‍ പോലും അറിയാതെ ഒരു കഴിവ് ഉറങ്ങി കിടക്കുന്നുണ്ടാകും എന്നും ഏഴ് ഏട്ട് വര്‍ഷത്തെ നിരന്തരമായ വായനക്ക് ഒടുവിലാണ് താന്‍ എഴുത്തിന്റെ ലോകത്തേക്ക് വരുന്നത് എന്നും ബെന്യാമിന്‍ പറയുന്നത്. കിളികളോട് എങ്ങനെ ആണ് പറക്കുന്നത് എന്ന് ചോദിച്ചാല്‍ അന്ന് മുതല്‍ കിളി പറക്കാന്‍ മറന്ന് പോവും എന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ എന്തിന് കഥയെഴുതുന്നു എന്ന ചോദ്യം പ്രധാനമാണ് എന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു. ടിക് ടോക് താരത്തിന് ലഭിക്കുന്ന പ്രശസ്തിയുടെ ആയിരത്തിലൊന്ന് പോലും എഴുത്തുകാരന് കിട്ടുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരാളുടെ ഉള്ളില്‍ കിടക്കുന്ന കഥകള്‍ തന്നെ കൊന്ന് കളയും എന്ന വേദന ഉള്ളപ്പോള്‍ ആണ് ഒരു കഥാകാരന്‍ പിറവിയെടുക്കുന്നത് എന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ തലമുറയിലെ മലയാളി സാഹിത്യകാരന്‍മാരില്‍ പ്രശസ്തനാണ് ബെന്യാമിന്‍. ബെന്നി ഡാനിയേല്‍ എന്ന ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഈ നോവല്‍ പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ബ്ലെസി സിനിമയാക്കുന്നുണ്ട്.
സമകാലിക വിഷയങ്ങളില്‍ പ്രതികരിക്കാറുള്ള ബെന്യാമിന്‍ അടുത്തിടെ എന്‍ എസ് മാധവന്റെ ഹിഗ്വിറ്റ വിവാദത്തിലും നിലപാടെടുത്തിരുന്നു. ഹിഗ്വിറ്റ എന്‍ എസ് മാധവന്റെ മാത്രം സ്വന്തമല്ലെന്നും അദ്ദേഹത്തിന്റെ വാദത്തെ പിന്തുണക്കില്ലെന്നും പറഞ്ഞ ബെന്യാമിന്‍ സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ചും തുറന്നടിച്ചിരുന്നു.












Click it and Unblock the Notifications