ഫുട്ബോൾ കളിക്കിടെയുള്ള തർക്കം; മലപ്പുറത്ത് യുവാവിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു, കാഴ്ച നഷ്ടമായി...
രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് റഹീമിനെ ആക്രമിച്ചത്.
മലപ്പുറം: ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കത്തിന്റെ പേരിൽ യുവാവിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചതായി പരാതി. മലപ്പുറം പുതുപൊന്നാനി ജീലാനി നഗറിൽ കുന്നത്തകത്ത് റഹീ(18)മിന്റെ വലതു കണ്ണാണ് ഒരു സംഘമാളുകൾ ചേർന്ന് കുത്തിപ്പൊട്ടിച്ചത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞദിവസം വെളിയങ്കോട് വച്ചായിരുന്നു സംഭവം.
രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് റഹീമിനെ ആക്രമിച്ചത്. റഹീമിനെ പൊതിരെ തല്ലിയെ ശേഷമാണ് കമ്പി കൊണ്ട് വലത് കണ്ണ് കുത്തിപ്പൊട്ടിച്ചത്. ഗുരുതരമായി പരിക്കേറ്റ റഹീമിനെ ആദ്യം പൊന്നാനി ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടർന്ന് റഹീമിന്റെ വലതു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടെന്നാണ് ബന്ധുക്കൾ പറഞ്ഞത്. കണ്ണ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും ബന്ധുക്കൾ വ്യക്തമാക്കി.

മാസങ്ങൾക്ക് മുൻപ് ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ തർക്കത്തിന്റെ ബാക്കിയായാണ് റഹീമിന് നേരെ ആക്രമണമുണ്ടായതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഈ തർക്കം മനസിൽ വച്ച് യുവാക്കൾ റഹീമിനെ ആക്രമിക്കുകയായിരുന്നെന്നും, പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം നൽകിയിട്ടും പോലീസ് ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും, പ്രതികൾ ഒളിവിലാണെന്നുമാണ് പൊന്നാനി സിഐ പ്രതികരിച്ചത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പൊന്നാന്നി സിഐ വ്യക്തമാക്കി.












Click it and Unblock the Notifications