കാറിടിച്ച് റോഡില്‍ കിടന്നത് 20 മിനിറ്റ്: മരിച്ചെന്ന് കരുതി നോക്കിനിന്ന് ജനം, യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: കാറിടിച്ച് പരിക്കേറ്റ യുവാവ് റോഡരികില്‍ രക്തം വാർന്ന് മരിച്ചു. കോടംതുരുത്ത് മഴത്തുള്ളി വീട്ടിൽ പരമേശ്വരന്റെ മകൻ ധനീഷാണ് ദാരുണമായി മരണപ്പെട്ടത്. കാറിടിച്ച് പരിക്കേറ്റ് 20 മിനുറ്റോളമാണ് ധനീഷ് റോഡരികില്‍ കിടന്നത്. അപകടം സംഭവിച്ച ഉടന്‍ തന്നെ ആളുകള്‍ യുവാവിന് സമീപം തടിച്ചുകൂടിയെങ്കിലും മരിച്ചെന്ന് കരുതി ആരും ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ രണ്ട് അധ്യാപികമാർ ഓടിയെത്തി ധനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയുടെ ദേശീയപാതയില്‍ കോടംതുരുത്ത് സർക്കാർ എല്‍പി സ്കൂളിന് സമീപമാണ് ദാരുണമായ സംഭവമുണ്ടായത്. അറക്കാനുള്ള തടി മില്ലിൽ കൊടുത്ത ശേഷം ട്രോളിയുമായി മടങ്ങുകയായിരുന്നു ധനീഷ്. ഇതിനിടെയാണ് നിയന്ത്രണം വിട്ടെത്തിയ കാർ ധനീഷിനേയും കാല്‍നട യാത്രക്കാരനായ രാഹുല്‍ എന്നയാളേയും ഇടിച്ച് തെറിപ്പിക്കുന്നത്. രാഹുലിന് പരിക്കേറ്റെങ്കിലും ബോധമുണ്ടായിരുന്നു.

കാർ യാത്രക്കാരന്‍ തന്നെ ആംബുലന്‍സ് വിളിച്ച് വരുത്തുകയും രാഹുലിനെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ദേഹമാസകലം ചോരയില്‍ കുളിച്ച് കിടന്ന ധനീഷ് മരിച്ചെന്ന് കരുതി ഈ ആംമ്പുലന്‍സില്‍ കയറ്റിയില്ലെന്നാണ് റിപ്പോർട്ട്. അപകടം നടന്ന ഉടനെ നിരവധി ആളുകള്‍ ഓടിക്കൂടിയെങ്കിലും ധനീഷ് മരിച്ചെന്ന് അവരും കരുതി.
ഇതിനിടെയാണ് ആള്‍ക്കൂട്ടം കണ്ട് അധ്യാപികമാരായ ധന്യയും ജെസി തോമസും സംഭവ സ്ഥലത്തേക്ക് എത്തുന്നത്. ഇരുവരും ചേർന്ന് ധനീഷിനെ നിവർത്തിക്കിടത്തി നാഡിമിടിപ്പ് പരിശോധിച്ചപ്പോഴാണ് ജീവനുണ്ടെന്ന് മനസ്സിലാവുന്നത്. അപ്പോഴേക്കും സഹോധരന്‍ നീധിഷും സംഭവ സ്ഥലത്ത് എത്തി. ഉടന്‍ അതുവഴി വന്ന വാഹനം കൈകാട്ടി നിർത്തി എല്ലാവരും ചേർന്ന് ധനീഷിനെ സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം, രാഹുല്‍ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്കൂട്ടർ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കാർ വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സതിയാണു ധനീഷിന്റെ മാതാവ്. മറ്റു സഹോദരങ്ങൾ: ബിനീഷ്, നിഷ.












Click it and Unblock the Notifications