'ബ്രസീൽ കാട്ടിൽ തീ പിടിച്ചാൽ സമരം.. എവിടെപ്പോയി ഷോ കാണിക്കാമോ അവിടെ സമരം', വിമർശിച്ച് അഖിൽ മാരാർ
ബെംഗളൂരുവിൽ കോൺഗ്രസ് സർക്കാർ കുടിയൊഴിപ്പിച്ചവരെ സന്ദർശിക്കുന്നതിനിടെ ഇംഗ്ലീഷിൽ നൽകിയ പ്രതികരണത്തിന്റെ പേരിൽ വ്യാപകമായി ട്രോൾ ചെയ്യപ്പെടുകയാണ് എഎ റഹീം എംപി. കോൺഗ്രസിന് എതിരെയാണ് പ്രതികരണം എന്നത് കൊണ്ട് തന്നെ പാർട്ടി അനുകൂലികൾ റഹീമിന്റെ ഇംഗ്ലീഷിലെ പിശകുകൾ ഉയർത്തിക്കാട്ടി രൂക്ഷമായ പരിഹാസം ആണ് ഉയർത്തുന്നത്.
ഭാഷയുടെ പേരിൽ റഹീമിനെ ട്രോളുന്നതിനോട് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് അനുഭാവി കൂടിയായ ബിഗ് ബോസ് താരം അഖിൽ മാരാർ. എന്നാൽ സിംഗൂർ അടക്കമുളള കാര്യങ്ങൾ റഹീം മറന്ന് പോകരുതെന്നും കമ്മ്യൂണിസ്റ്റുകാരുടെ ഈ ഇരട്ടത്താപ്പിനെയാണ് എതിർക്കുന്നത് എന്നും അഖിൽ മാരാർ പറയുന്നു.
അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: '' സഖാവ് റഹിമിനെ ഭാഷയുടെ പേരിൽ ട്രോളുന്നതിനോട് ഞാൻ ഒരിക്കലും യോജിക്കില്ല... അദ്ദേഹം തന്നെ പറയുന്ന വാക്കുകൾ കടം എടുത്താൽ പാവപ്പെട്ടവന്റെ വേദന കാണാൻ ഭാഷ വേണമെന്നില്ല... പ്രശ്നം അതല്ല.. കർണാടകത്തിൽ അനധികൃത കുടിയേറ്റം ഒഴിപ്പിക്കുന്നിടത്തു പോയി പാവങ്ങൾക്ക് വേണ്ടി സംസാരിച്ച റഹീം മറന്നു പോകരുത് കർഷകരുടെ കൈവശം ഇരുന്ന 10000 ഏക്കർ ഭൂമി കമ്മ്യൂണിസ്റ് സർക്കാർ പിടിച്ചെടുക്കാൻ നോക്കിയതും അത് ചോദ്യം ചെയ്ത 14 കർഷകരെ വെടി വെച്ച് കൊന്നതും നൂറു കണക്കിന് മനുഷ്യരെ ജീവശ്ചവങ്ങൾ ആക്കി മാറ്റിയതും...

പിന്നീട് സിംഗൂരിൽ 1000 ഏക്കർ കൃഷി ഭൂമി ടാറ്റയ്ക്ക് വേണ്ടി കർഷകരുടെ കൈയിൽ നിന്ന് പിടിച്ചു പറിച്ചതും തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ബംഗാൾ ജനത തൂത്തെറിഞ്ഞതും നമ്മൾ കണ്മുന്നിൽ കണ്ട സത്യങ്ങൾ ആണ്... നിങ്ങളുടെ ഈ ഇരട്ടതാപ്പിനെയാണ് ഞാൻ എതിർക്കുന്നത്.. ബ്രസീലിലെ കാട്ടിൽ തീ പിടിച്ചാൽ സമരം.. അമേരിക്കയുടെ നയങ്ങളിൽ പ്രതിഷേധിച്ചു സമരം.. എന്ന് വേണ്ട എവിടൊക്കെ പോയി ഷോ കാണിക്കാമോ അവിടെയൊക്കെ പോയി സമരം ചെയ്യും..
അധികാരം കിട്ടിയാൽ നേരെ തിരിഞ്ഞു പ്രവർത്തിക്കും.. പാവങ്ങൾക്ക് വേണ്ടി സംസാരിക്കും മുതലാളിമാർക്ക് വേണ്ടി പ്രവർത്തിക്കും..പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് മറ്റൊന്ന്... ഭാഷയെ ഞാൻ ഒരിക്കലും പരിഹസിക്കില്ല എന്നാൽ ഈ ആശയത്തെ ഈ വിഡ്ഢിത്തരത്തെ എല്ലാ കാലത്തും എതിർക്കും..''












Click it and Unblock the Notifications