
'എല്ലായിടവും അടച്ചു പൂട്ടി എന്ന കള്ളപ്രചരണത്തെ പൊളിക്കുന്ന കാഴ്ച', ദൃശ്യം പങ്കുവെച്ച് എഎ റഹീം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കുളള സുരക്ഷയുടെ പേരിൽ നടക്കുന്നത് വ്യാജ പ്രചാരണം ആണെന്ന് എഎ റഹീം എംപി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുന്ന ചാനൽ ദൃശ്യങ്ങൾ പങ്കുവെച്ച് കൊണ്ടാണ് റഹീമിന്റെ പ്രതികരണം. ജനങ്ങളെ ബുദ്ധിമുട്ടിച്ച് മുഖ്യമന്ത്രിക്ക് അതിരുവിട്ട സുരക്ഷ ഒരുക്കുന്നു എന്നുളളത് വസ്തുതകൾ മറച്ച് വെച്ചുളള മാധ്യമങ്ങളുടെ തെറ്റായ പ്രചാരണം ആണെന്നും എഎ റഹീം കുറ്റപ്പെടുത്തി.
എഎ റഹീമിന്റെ കുറിപ്പ്: വ്യാജ വാർത്തകളെ റദ്ദാകുന്ന ആകാശ ദൃശ്യങ്ങൾ.. എങ്ങനെയാണ് ഇടത് വിരുദ്ധ പ്രചാരവേല നടക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ. ഇന്നലെ കോഴിക്കോട്ട് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുന്നതിന്റെ ആകാശ ദൃശ്യങ്ങളാണ്. പകർത്തിയതും പ്രക്ഷേപണം ചെയ്തതും മീഡിയ ഒൺ. വാഹന വ്യൂഹം കടന്നു പോകുന്നത് തികച്ചും തിരക്കുള്ള റോഡിലൂടെ. രണ്ട് ദിശകളിലൂടെയും നൂറുകണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നു. മറ്റ് വാഹനങ്ങളൊന്നും പോലീസ് തടയുന്നതായി കാണാനാകില്ല. എന്നാൽ മാധ്യമങ്ങളുടെയാകെ പ്രചാര വേല എന്തായിരുന്നു?
കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്; ആക്രമണം എകെ ആന്റണി ഓഫീസിലിരിക്കെ
"ജനങ്ങളെ ബുദ്ധിമുട്ടിച്ചും, പൗരന്റെ യാത്രാ സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും മുഖ്യമന്ത്രിക്ക് അതിരുവിട്ട സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നു...." മനോരമയുടെ ഇന്നത്തെ എഡിറ്റോറിയലിന്റെ തലക്കെട്ട് നോക്കൂ.... "ജനങ്ങൾ ചെയ്ത അപരാധമെന്ത്?, മുഖ്യമന്ത്രിയുടെ സുരക്ഷ നാടിനെ പൂട്ടിയിട്ടാവരുത്". ആരും ആരെയും പൂട്ടിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ ആകാശ ദൃശ്യങ്ങൾ. വസ്തുതകൾ മറച്ചുവച്ചു എന്തിനാണ് മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തുന്നത്???. കഴിഞ്ഞ രണ്ട് ദിവസമായി മാധ്യമങ്ങൾ പരസ്പരം മത്സരിച്ചു വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു. പലപ്പോഴും വാർത്തകളുടെ പർവ്വതീകരണം നടത്തുന്നു.
"മണിക്കൂറുകളോളം വഴികളടച്ചു, ജനങ്ങളെ വഴിയിൽ തടയുന്നു, കറുത്ത മാസ്കിനും കറുത്ത വസ്ത്രത്തിനും വിലക്കാണ് "എന്നിങ്ങനെ പ്രചാരവേല തകർക്കുകയാണ്.
ചിലയിടങ്ങളിൽ വാഹന വ്യൂഹം കടന്നു പോകുന്ന സമയത്തു പോക്കറ്റ് റോഡുകളിൽ നിന്നുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ടാകാം. അത് എല്ലായ്പ്പോഴും നടക്കുന്ന സ്വഭാവികമായ കാര്യമാണ്. അത് പർവ്വതീകരിച്ചു നാടാകെ അടച്ചിട്ടിരിക്കുന്നതു പോലെ വാർത്ത അവതരിപ്പിക്കുന്നത് എന്തിനാണ്? ഈ ദൃശ്യങ്ങൾ നോക്കൂ, എല്ലായിടവും അടച്ചു പൂട്ടി എന്ന കള്ളപ്രചരണത്തെ പൊളിക്കുന്നതാണ് ഇന്നലെ പകർത്തിയ ഈ കാഴ്ച്ച.
കറുത്ത വസ്ത്രം ധരിച്ച മാധ്യമപ്രവർത്തകർ തന്നെ തെറ്റായ പ്രചരണത്തെ നിഷേധിക്കുന്നത് നമ്മൾ കണ്ടു. കറുത്ത വസ്ത്രം ധരിച്ച നിരവധിപേർ മുഖ്യമന്ത്രിയുടെ പരിപാടിയിൽ വോളന്റിയേഴ്സായി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിയുടെ തന്നെ അംഗരക്ഷകരിൽ ഒരാൾ കറുത്ത മാസ്ക് ധരിച്ചു അദ്ദേഹത്തിനരികിൽ നിൽക്കുന്നതും നമ്മൾ കണ്ടതാണ്. എന്നിട്ടും പ്രചണ്ഡമായ വ്യാജ പ്രചാരവേല ഇവർ നടത്തുന്നത് കടുത്ത ഇടത് വിരോധം ഉള്ളിലുള്ളത് കൊണ്ട് മാത്രമാണ്'.