മാത്യു കുഴൽനാടന് 'അറ്റൻഷൻ സീക്കിങ് സിൻഡ്രോം' ; മാപ്പ് എവിടെയെന്ന് എഎ റഹിം
തിരുവനന്തപുരം: മാത്യു കുഴൽനാടനെതിരെ ആഞ്ഞടിച്ച് എ എ റഹിം രംഗത്ത്. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഐ ജി എസ് ടി അടച്ചെന്ന് ഇന്നലെ നികുതി വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാത്യു കുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം ആണെന്ന് ഡി വൈ എഫ് ഐ നേതാവ് എ എ റഹീം പ്രതികരിച്ചത്. അദ്ദേഹത്തിന് നല്ല ചികിത്സ നൽകാൻ കെ പി സി സിയോട് അഭ്യർത്ഥിക്കുന്നുവെന്നും എ എ റഹീം മാധ്യമങ്ങളോട് പറഞ്ഞു. വീണാ വിജയൻ ഐ ജി എസ് ടി അടച്ചുവെന്ന് തെളിയിച്ചാൽ മാപ്പ് പറയാമെന്ന് പറഞ്ഞ കുഴൽനാടൻ ഇപ്പോൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ആരോപണം സ്ഥിരമായി ഉന്നയിക്കുന്ന ആ നേതാവിന് കലശലായ ഒരു രോഗമുണ്ട്. ആ രോഗത്തെ അറ്റൻഷൻ സീക്കിങ് സിൻഡ്രോം എന്ന് വിളിക്കാം. സ്വന്തം പാർട്ടിയിൽ ഉയർന്ന സ്ഥാനം നേടാൻ, സ്വന്തം അഴിമതി മറച്ചുവയ്ക്കാൻ ഇയാൾ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്തെല്ലാം വീര വാദങ്ങളാണ് മുഴക്കിയതെന്ന് എ എ റഹിം ചോദിച്ചു. മൂന്നു ദിവസമാണ് ഐ ജി എസ് ടിയുടെ കാര്യത്തിൽ മാത്രം ഈ അറ്റൻഷൻ സീക്കിങ് സിൻഡ്രോമുള്ള എം എൽ എ വാർത്താസമ്മേളനം നടത്തിയതെന്നും അദ്ദേഹത്തിന്റെ ആ രോഗം കാരണം നിങ്ങളുടെ എത്ര വിലപ്പെട്ട മണിക്കൂറുകളാണ് കളഞ്ഞതെന്നും എ എ റഹിം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഐ ജി എസ് ടി അടച്ചു എന്ന് തെളിയിച്ചാൽ പൊതുസമൂഹത്തിനു മുന്നിൽ മാപ്പു പറയാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് പുറത്തു വന്നിട്ട് ഏതാണ്ട് 24 മണിക്കൂറാകാൻ പോകുന്നു. എന്തു കൊണ്ട് മാപ്പ് പറയുന്നില്ല ? അപ്പോൾ അറ്റൻഷൻ കിട്ടണം. അതിന്റെ ചെലവിൽ കെ പി സി സിയുടെ നേതൃത്വത്തിലേക്ക് വരണം. അടിസ്ഥാന രഹിതമായ ഒരു ആരോപണം ഉന്നയിച്ച് സ്വന്തം പാർട്ടിയിലുള്ള ബാക്കിയുള്ളവരെ തട്ടിമാറ്റിയിട്ട് മുന്നോട്ടു വരണം. അതിനുള്ള ഒരു പ്രഫഷനലിസം അദ്ദേഹത്തിനുണ്ടെന്നും എ എ റഹിം കുറ്റപ്പെടുത്തി.
അതേ സമയം ഇന്നലെ എക്സാലോജിക് - സി.എം.ആർ.എൽ ഇടപാടുമായി ബന്ധപ്പെട്ട് വീണാ വിജയൻ ഐ.ജി.എസ്.ടി അടച്ചതായി നികുതി വകുപ്പ് കണ്ടത്തിയിരുന്നു. മുഴുവൻ തുകയും കാട്ടി ആനുപാതികമായി ഐ.ജി.എസ്.ടി അടച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജി എസ് ടി കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് നികുതി സെക്രട്ടറി ധനമന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറി. റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയ ശേഷം സർക്കാർ സ്ഥിരീകരിച്ചു.












Click it and Unblock the Notifications