കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യായീകരണം പോലും പാലാരിവട്ടം പാലം പോലെ ദുർബലം; ഉമ്മൻചാണ്ടിയെ രൂക്ഷമായി വിമർശിച്ച് എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം; അറസ്റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിക്കാനായി ഉമ്മൻ ചാണ്ടി നിരത്തിയ വാദങ്ങൾ പാലാരിവട്ടം പാലം പോലെ തന്നെ ദുർബലമായിപ്പോയെന്ന പരിഹാസവുമായി ഡിവൈഎഫ്ഐ നേതാവ് എഎ റഹീം.രാഷ്ട്രീയ ദുഷ്ടലാക്ക് മാത്രം മുൻനിർത്തി ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാൻ ഉമ്മൻ ചാണ്ടി നടത്തുന്ന ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.സത്യസന്ധതയുടെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ ജനങ്ങളോട് മാപ്പ് പറയാൻ അന്നത്തെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം തയ്യാറാകണമെന്നും റഹീം പറഞ്ഞു. ഫേസ്ബുക്കിൽ കണ്ടുവെച്ച നീണ്ട കുറിപ്പിൽ രൂക്ഷവിമർശനമാണ് എഎ റഹീം ഉയർത്തിയിരിക്കുന്നത്.പോസ്റ്റ് വായിക്കാം

 ഉമ്മൻ ചാണ്ടി നിരത്തിയ വാദങ്ങൾ

ഉമ്മൻ ചാണ്ടി നിരത്തിയ വാദങ്ങൾ

അറസ്റ്റിലായ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ന്യായീകരിക്കാനായി ശ്രീ ഉമ്മൻ ചാണ്ടി നിരത്തിയ വാദങ്ങൾ പാലാരിവട്ടം പാലം പോലെ തന്നെ ദുർബലമായിപ്പോയി.അദ്ദേഹം പറയുന്നത്,
മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുത്തതാണ് ഇബ്രാഹിം കുഞ്ഞിന്‍റെ പേരിലുള്ള പ്രശ്നമെന്നും ഇതു സാധാരണ ചെയ്യുന്നതാണെന്നുമാണ്. എന്നാൽ സാധാരണ ഗതിയിൽ മൊബിലൈസേഷന്‍ അഡ്വാന്‍സ് കൊടുക്കുന്നുണ്ടെങ്കില്‍ കരാറില്‍ തന്നെ പറയേണ്ടതാണ്. പാലാരിവട്ടം പാലത്തിൻ്റെ കാര്യത്തില്‍ കരാറില്‍ അതിന് വ്യവസ്ഥയുണ്ടായിരുന്നില്ല. പിന്നീട് കരാര്‍ കമ്പനിക്ക് പ്രത്യേക താല്പര്യത്തോടെ അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് ചെയ്തത്. അതാണ് അഴിമതി.

 എൽഡിഎഫിനും ഉത്തരവാദിത്തമുണ്ടെന്ന്

എൽഡിഎഫിനും ഉത്തരവാദിത്തമുണ്ടെന്ന്

മൊബിലൈസേഷന്‍ അഡ്വാന്‍സ് ഉണ്ടെങ്കില്‍ കരാറിന്‍റെ നിരക്ക് സ്വാഭാവികമായും കുറവായിരിക്കും. കാരണം, നിശ്ചിത ശതമാനം തുക കരാര്‍ കമ്പനിക്ക് തുടക്കത്തിലേ ലഭിക്കുന്നത് കൊണ്ട് ചെലവ് കുറയ്ക്കാന്‍ അവര്‍ക്ക് കഴിയും. ഇവിടെ, നിരക്ക് നിശ്ചയിച്ച ശേഷം അഡ്വാന്‍സ് കൊടുത്തു. അതാകട്ടെ കരാറിലില്ലാത്ത കാര്യവും. നഗ്നമായ അഴിമതി.പാലാരിവട്ടം പാലത്തിന്‍റെ 30 ശതമാനം പ്രവൃത്തിയും എല്‍ഡിഎഫ് വന്ന ശേഷമാണ് പൂര്‍ത്തിയാക്കിയത് എന്നതാണ് അടുത്ത വാദം.അതുകൊണ്ട് എല്‍ഡിഎഫിനും ഉത്തരവാദിത്തമുണ്ട് എന്നാണ് ഉമ്മൻ ചാണ്ടിയുടെ വാദം. എന്നാൽ വാസ്തവമെന്താണ്?

 അതേ വൈഭവമാണ്

അതേ വൈഭവമാണ്

എല്‍ഡിഎഫ് വരുമ്പോള്‍ 15 ശതമാനം പ്രവൃത്തി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതാകട്ടെ നേരത്തെ ചെയ്തു വരുന്നതിന്‍റെ തുടര്‍ച്ചയായി അതേ കരാറുകാരന്‍ തന്നെ ചെയ്തു. അതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മാറ്റം വരുത്താന്‍ കഴിയുകയുമില്ല.യുഡിഎഫ് സർക്കാർ കരാർ നൽകിയ കമ്പനി 85 ശതമാനവും പൂർത്തിയാക്കി വച്ചിരുന്ന പാലത്തിൻ്റെ നിർമ്മാണ ഉത്തരവാദിത്വം എൽഡിഎഫ് സർക്കാരിനുമുണ്ടെന്ന് പറയാൻ അസാധാരണമായ വൈഭവം വേണം.
ഈ വൈഭവം ഭരണ കാലത്ത് പ്രയോജനപ്പെടുത്തിയെങ്കിൽ പാലാരിവട്ടം പാലം പൊളിയില്ലായിരുന്നു.
പക്ഷേ അന്ന്,വൈഭവം അഴിമതിയിൽ ആയിരുന്നു. ഇപ്പോൾ ജയിലിൽപോയ സഹപ്രവർത്തകനെ രക്ഷിക്കാനും അതേ വൈഭവമാണ് ശ്രീ ഉമ്മൻ ചാണ്ടി പ്രയോഗിക്കുന്നത്.

 സര്‍ക്കാര്‍ ചെയ്തില്ലത്രേ!

സര്‍ക്കാര്‍ ചെയ്തില്ലത്രേ!

പാലത്തിന്‍റെ ഭാരപരിശോധന നടത്താന്‍ ഐഐടി ചെന്നൈയിലെ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ ചെയ്തില്ലത്രേ! ഭാര പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോയത് കരാര്‍ കമ്പനിയാണ്. അല്ലാതെ അത് ഐഐടി വിദഗ്ധരുടെ ഡിമാൻ്റായിരുന്നില്ല. മഷിയിട്ടു നോക്കിയിട്ടു പോലും കമ്പികൾ കണ്ടു പിടിക്കാൻ പറ്റാത്തത്ര കേമമായാണ് പാലം പണിതത് എന്ന് ഈ നാട്ടിലെല്ലാവർക്കുംനേരിൽ കണ്ട് ബോധ്യപ്പെട്ടതാണ്. കോടതിയ്ക്കും അതു ബോധ്യമായതാണ്. പറയുന്നത് കേട്ടാൽ തോന്നും ഒരു ലോഡ് ടെസ്റ്റ് നടത്തിയാൽ തീരുമായിരുന്ന പ്രശ്നമാണെന്ന്!!.അഴിതി നടത്തിയ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാതെ വീണ്ടും കരാര്‍ കൊടുത്തു എന്നാണ് ഉമ്മൻ ചാണ്ടി ഉന്നയിക്കുന്ന മറ്റൊരാക്ഷേപം.

 മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന്

മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന്

ഈ കേസില്‍ അഴിമതി നടത്തിയത് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നാണ്. കരാര്‍ കമ്പനി തലവൻ കേസിൽ ഒന്നാം പ്രതിയുമാണ്.ആര്‍ഡിഎസ് പ്രൊജക്ട് ലിമിറ്റഡ് എന്ന ഡല്‍ഹി ആസ്ഥാനമായ ഈ കമ്പനി 1992 മുതല്‍ നിര്‍മാണ രംഗത്തുണ്ട്. അവരുടെ രജിസ്ട്രേഷന്‍ ഡല്‍ഹിയിലായതിനാല്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണമാണ്. അതു തുടങ്ങിയിട്ടുമുണ്ട്.ലോകബാങ്ക് സഹായത്തോടെയുള്ള പുനലൂര്‍-പൊന്‍കുന്നം റോഡിന്‍റെ പ്രവൃത്തി ഈ കമ്പനിക്ക് കൊടുക്കാതിരുന്നപ്പോള്‍ അവര്‍ ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കൊടുത്തത്. മാത്രമല്ല, ഈ കമ്പനിക്ക് കരാര്‍ കൊടുക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന നിലപാട് ലോകബാങ്കിന്‍റെ പ്രതിനിധികള്‍ എടുക്കുകയും ചെയ്തു. അവര്‍ രേഖാമൂലം ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. ഇതാണ് സാഹചര്യം.

 ഇബ്രാഹിം കുഞ്ഞ് ചെയ്തത്

ഇബ്രാഹിം കുഞ്ഞ് ചെയ്തത്

ആലപ്പുഴ ബൈപ്പാസിന്‍റെ പ്രവൃത്തി ഈ കമ്പനി നടത്തുന്നുണ്ട്. അതു മുന്‍ സര്‍ക്കാര്‍ നല്‍കിയ കരാറാണ്. ഈ പ്രവൃത്തി നല്ല നിലയില്‍ മുന്നോട്ടുപോകുന്നുണ്ട്. അതിനിടയില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യാന്‍ കഴിയില്ല. പ്രവൃത്തി സ്തംഭിക്കും.
മാത്രവുമല്ല,പാലം പണിയേണ്ട പണം കൊള്ളയടിച്ചു കൊണ്ടുപോയിട്ട് കമ്പനിയെ ഇപ്പഴത്തെ സർക്കാർ ബ്ലാക്ക് ലിസ്റ്റ് ചെയ്തില്ല എന്ന വാദം ഉയർത്തുന്നത് എത്ര ദുർബലമാണ്.?എങ്ങനെയെങ്കിലും ഇബ്രാഹിം കുഞ്ഞിനെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമമാണ് ഉമ്മൻ ചാണ്ടി നടത്തിയത്. പക്ഷേ, വാസ്തവം എന്തെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. ആ പാലം തകർന്നു വീണത് പൊതുസമൂഹത്തിൻ്റെ മുൻപിലാണ്.അഴിമതിയ്ക്കുമപ്പുറം ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന മനുഷ്യത്വരഹിതമായ നീച പ്രവൃത്തിയാണ് ഇബ്രാഹിം കുഞ്ഞ് ചെയ്തത്.

 മാപ്പ് പറയാൻ തയ്യറാകണം

മാപ്പ് പറയാൻ തയ്യറാകണം

ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയ്ക്ക് അതിനെ വിമർശിക്കുന്നതിനു പകരം രാഷ്ട്രീയ ദുഷ്ടലാക്ക് മാത്രം മുൻനിർത്തി ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാൻ ഉമ്മൻ ചാണ്ടി നടത്തുന്ന ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ദേശീയ പാതാ അതോറിറ്റി അവരുടെ പണം ഉപയോഗിച്ച് ചെയ്യേണ്ട പാലം സംസ്ഥാന സർക്കാർ ചെയ്യാം എന്ന് അവിടെ പോയി സന്നദ്ധത അറിയിച്ചത് എന്തിനായിരുന്നു? അഴിമതി ആരംഭിക്കുന്നത് അവിടെ നിന്നാണ്.ശ്രീ ഉമ്മൻ ചാണ്ടി പ്രത്യേക താല്പര്യമെടുത്തത് അഴിമതിക്കല്ലാതെ മറ്റെന്തിനായിരുന്നു?
സത്യസന്ധതയുടെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ ജനങ്ങളോട് മാപ്പ് പറയാൻ അന്നത്തെ മുഖ്യമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം തയ്യാറാകണം

English summary
AA Rahim slams Oommen chandy regarding Ibrahim kunju's arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X