അർജുന്റെ കുടുംബം കാത്തിരിക്കുകയാണ്; തിരച്ചില്‍ തുടരണം, രണ്ടാമത്തെ സാധ്യതയില്‍ ഉറച്ച് നില്‍ക്കണമെന്നും എഎ റഹീം
കോഴിക്കോട്: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിക്കാന്‍ പാടില്ലെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ സെക്രട്ടറിയും രാജ്യസഭ എംപിയുമായ എഎ റഹീം. അർജുനായുള്ള തിരച്ചില്‍ തുടരണം. തിരച്ചിൽ അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കാൻ എളുപ്പവും തിരച്ചിൽ ലക്ഷ്യത്തിലെത്തിക്കാൻ പ്രയാസകരവുമാണ്. ഉത്തരവാദിത്തമുള്ള സർക്കാർ രണ്ടാമത്തെ സാധ്യതയാണ് തേടേണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
'ഒരു മനുഷ്യന്റെ ജീവനും,അവനെ തേടുന്ന കുറെ മനുഷ്യരും കർണ്ണാടക സർക്കാരിന്റെ പ്രഥമ പരിഗണനയിൽ വരേണ്ടതായിരുന്നു. ആർജ്ജുൻ മാത്രമല്ല, കർണ്ണാടകക്കാർഉൾപ്പെടെ മറ്റു ചില മനുഷ്യ ജീവനുകളും ഇപ്പോഴും അജ്ഞാതമായി തുടരുന്നു എന്ന കാര്യം കർണ്ണാടക സർക്കാർ മറക്കരുത്.' എന്നും എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
അർജുനയുള്ള തിരച്ചിൽ തുടരണം. കർണ്ണാടക സർക്കാർ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം.അർജ്ജുനയുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ കുടുംബവും ഈ നാടും.തിരച്ചിൽ അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കാൻ എളുപ്പവും തിരച്ചിൽ ലക്ഷ്യത്തിലെത്തിക്കാൻ പ്രയാസകരവുമാണ്. ഉത്തരവാദിത്വമുള്ള ഒരു സർക്കാർ എളുപ്പമുള്ള ആദ്യ വഴിയല്ല തിരഞ്ഞെടുക്കേണ്ടത്, പ്രയാസകരമായ രണ്ടാമത്തെ സാധ്യതയിലാണ് ഉറച്ചു നിൽക്കേണ്ടത്.
കൂടുതൽ ഊർജ്ജിതമായി തിരച്ചിൽ തുടരണമെന്ന് നമ്മുടെ മുഖ്യമന്ത്രി കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ മനസ്സാണ് മുഖ്യമന്ത്രിയുടെ കത്തിൽ പ്രകടമാകുന്നത്. നമ്മളെപ്പോലൊരു മനുഷ്യ ജീവനാണ് കാണാമറയത്തായത്.തുടക്കത്തിൽ ഉണ്ടായ കുറ്റകരമായ അലംഭാവം മുതൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വരെ നമ്മളെ ഏതൊരാളെയും ആസ്വസ്ഥതപ്പെടുത്തുന്നതാണ്.
ഒരു മനുഷ്യന്റെ ജീവനും,അവനെ തേടുന്ന കുറെ മനുഷ്യരും കർണ്ണാടക സർക്കാരിന്റെ പ്രഥമ പരിഗണനയിൽ വരേണ്ടതായിരുന്നു. അർജ്ജുൻ മാത്രമല്ല, കർണ്ണാടകക്കാർ ഉൾപ്പെടെ മറ്റു ചില മനുഷ്യ ജീവനുകളും ഇപ്പോഴും അജ്ഞാതമായി തുടരുന്നു എന്ന കാര്യം കർണ്ണാടക സർക്കാർ മറക്കരുത്. മനുഷ്യത്വപരമായ സമീപനം അവർ ഉറപ്പുവരുത്തണം. തിരച്ചിൽ ഊർജ്ജിതമാക്കണം. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ അവരുടെ ഉത്തരവാദിത്വം ഉറപ്പുവരുത്തണം.
അതേസമയം നിലവിലെ സാഹചര്യത്തില്‍ ഒരു കാരണവശാലും തെരച്ചില്‍ നിര്‍ത്തരുതെന്നാണ് കേരള സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി എകെ ശശീന്ദ്രനും വ്യക്തമാക്കി. ഷിരൂരിലെ രക്ഷാദൗത്യം നിര്‍ത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് വീണ്ടും കത്ത് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications