ആംആദ്മി പാര്‍ട്ടിയില്‍ വീണ്ടും പ്രതിസന്ധി... ആശിഷ് ഖേതന്‍ പാര്‍ട്ടി വിട്ടു... രാഷ്ട്രീയത്തിലേക്കില്ല
ദില്ലി: ആംആദ്മി പാര്‍ട്ടിയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. പാര്‍ട്ടിയിലെ പ്രമുഖ നേതാവായ ആശിഷ് ഖേതന്‍ പാര്‍ട്ടി വിട്ടു. താന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന എഎപിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും വലിയ തിരിച്ചടിയാണിത്.
അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനായ ആശിഷ് ഖേതന്‍ 2014ലാണ് എഎപിയില്‍ ചേരുന്നത്. ദില്ലിയില്‍ നിന്ന് ബിജെപിയുടെ മീനാക്ഷി ലേഖിക്കെതിരെ അദ്ദേഹം മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മുതിര്‍ന്ന നേതാവായ അശുതോഷ് പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് ഖേതന്‍ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ചത്.

ഇത് നേതൃത്വത്തോടുള്ള അതൃപ്തിയായി കണക്കാക്കുന്നുണ്ട്. എന്നാല്‍ ലീഗല്‍ പ്രാക്ടീസ് തുടരുന്നതിന് വേണ്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നതെന്ന് ഖേതന്‍ വ്യക്തമാക്കി. ഈ സമയത്ത് സജീവ രാഷ്ട്രീയത്തില്‍ നില്‍ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ദില്ലി ഡയലോഗ് ആന്‍ഡ് ഡെവലെപ്‌മെന്റ് കമ്മീഷന്റെ വൈസ് ചെയര്‍മാന്‍ പദവിയും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. ദില്ലി സര്‍ക്കാരിന്റെ ഉപദേശക സമിതിയാണ് ഇത്. നേരത്തെ നിയമ മേഖലയിലേക്ക് താന്‍ മാറുകയാണെന്ന് ഖേത്തന്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തില്‍ അരവിന്ദ കെജരിവാളിന്റെ വിശ്വസ്തനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. 2019ല്‍ അദ്ദേഹത്തിന് മത്സരിക്കാന്‍ സീറ്റും കെജരിവാള്‍ വാഗ്ദാനം ചെയ്തിരുന്നു.












Click it and Unblock the Notifications