ഉള്ളത് 84 രൂപ, ഭൂമിയില്ല, തൊഴിലില്ല- കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി ഏറ്റുമാനൂരിലുണ്ട്
രാജീവ് ചന്ദ്രശേഖറും പി.വി. അൻവറുമൊക്കെയടക്കമുള്ള കോടീശ്വരന്മാർ പണമൊഴുക്കുന്ന തെരഞ്ഞെടുപ്പ് ഗോദയിൽ വ്യത്യസ്തയാകുകയാണ് ആഷ്ന തമ്പി. കേരളത്തിലെ സ്ഥാനാർഥികളിൽ ഏറ്റവും ആസ്തി കുറഞ്ഞയാളാണ് ഈ 26കാരി. ഏറ്റുമാനൂർ മണ്ഡലത്തിൽ എസ്‍യുസിഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർഥിയായ ആഷ്ന. വെറും 40 രൂപ ആയിരുന്നു പത്രിക നല്‍കിയ ദിവസം കൈയില്‍ ഉണ്ടായിരുന്നത്. അക്കൗണ്ടില്‍ 44 രൂപയും. ഇതാണ് പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച ആസ്തി വിവരത്തിന്റെ വിശദാംശങ്ങള്‍. സൂക്ഷ്മപരിശോധനാദിവസം കൈയിലുള്ളത് 50 രൂപ. 19 രൂപയ്ക്ക് ഫോൺ റീ ചാർജ് ചെയ്തപ്പോൾ അക്കൗണ്ടിൽ ബാക്കി 25 രൂപ. സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഇല്ലെന്നും പത്രികയിലുണ്ട്.
ആശവര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആഷ്ന മുടിമുറിച്ച് പ്രതിഷേധിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പണക്കൊഴുപ്പോ പ്രശസ്തിയോ അല്ല, മനുഷ്യനെ അവന്റെ പ്രശ്നങ്ങൾക്കൊപ്പം ചേർന്ന് നിന്ന് സഹായിക്കാനുള്ള കഴിവാണ് പൊതുപ്രവർത്തനത്തിന് വേണ്ടതെന്ന് ആഷ്ന പറയുന്നു. സമരങ്ങളുടെ മുൻനിരയിൽ നിന്ന് ജനഹൃദയം അടുത്തുകണ്ടിട്ടുള്ളതിന്റെ അനുഭവപരിചയത്തിൽ നിന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്.

മഹാരാജാസ് കോളജില്‍ എഐഡിഎസ്ഒയെ പ്രതിനിധീകരിച്ച് മത്സരിച്ചതാണ് നേരത്തെയുള്ള തെരഞ്ഞെടുപ്പ് അനുഭവം. ജേണലിസം പി.ജി. ഡിപ്ലോമയുള്ള ആഷ്‌ന പാര്‍ട്ടിയുടെ മീഡിയ കോഓര്‍ഡിനേറ്റർ , പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു. മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകരാണ് എറണാകുളം അരയന്‍കാവ് സ്വദേശികളായ ആഷ്‌നയുടെ മാതാപിതാക്കളും. ഇവരുടെ പൂർണ പിന്തുണയും മകൾക്കുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽനിന്ന് എസ്‍യുസിഐ പ്രവർത്തകർക്കൊപ്പം പാട്ടപ്പിരിവ് നടത്തിയാണ് തെരഞ്ഞെടുപ്പിനും പ്രചാരണ ആവശ്യത്തിനുമുള്ള പണം ആഷ്ന കണ്ടെത്തിയത്. ''കെയിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം മാത്രമേ നമ്മൾ സൂക്ഷിക്കാവൂ. പഠിച്ചതല്ലേ, സ്ഥിരവരുമാനം ഉറപ്പിച്ചു കൂടേ എന്ന് പലരും ചോദിക്കാറുണ്ട്. ജനകീയസമരങ്ങളുടെ ഭാഗമാകണമെന്നുള്ളത് പണ്ടേയുള്ള തീരുമാനമാണ്. അതിന് കുടുംബത്തിന്റെ പിന്തുണയും ഉണ്ട്’- ആഷ്ന പറയുന്നു.
2026 നിയമസഭ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയും ഏറ്റുമാനൂരിലാണ്. 25 വയസ്സുള്ള എൻഡിഎ സ്ഥാനാർഥി ആതിര ഡി. നായര്‍ ആണിത്. ട്വന്റ് 20 പ്രതിനിധിയായാണ് ആതിര മണ്ഡലത്തില്‍ വോട്ട് തേടുന്നത്. സൈബര്‍ ഫോറന്‍സിക്കില്‍ ഡിഗ്രിയും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദവും സ്വന്തമായുള്ള ആതിര നിലവില്‍ ഓണ്‍ലൈന്‍ സംരംഭക കൂടിയാണ്. കേരളത്തിലെ ജനപ്രിയ പദ്ധതികളെല്ലാം കേന്ദ്രത്തിന്റെ സംഭാവനയാണെന്ന ആതിരയുടെ പ്രസംഗം ഇതിനോടകം വൈറലായിട്ടുണ്ട്. നിരവധി ട്രോളുകൾക്കും ഇതിന്റെ പേരിൽ ആതിരക്കെതിരെയുണ്ടായി.
തനിക്കെതിരെയുള്ള സൈബർ ബുള്ളിയിങ്ങിനെയൊന്നും ഭയക്കുന്നില്ലെന്നും പ്രായത്തിലല്ല പ്രവർത്തനമികവിലാണ് കാര്യമെന്നും ആതിര പറയുന്നു. കിഴക്കമ്പലത്തിൽ ട്വന്റി 20 നടപ്പാക്കിയ, സബ്സിഡി വിലയിൽ സാധനങ്ങൾ കിട്ടുന്ന സൂപ്പർ മാർക്കറ്റ് അടക്കം കുറെയേറെ ജനകീയ പദ്ധതികൾ ജനങ്ങൾക്കായി മനസ്സിലുണ്ടെന്നും ആതിര വ്യക്തമാക്കുന്നു.












Click it and Unblock the Notifications