ആ കാത്തിരിപ്പ് അവസാനിക്കുന്നു; അബ്ദുൽ റഹീം ഉടൻ കേരളത്തിലേക്ക്! ഇമിഗ്രേഷൻ നടപടികൾ ഇങ്ങനെ
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ഉടൻ നാട്ടിലെത്തും. റഹീമിന്റെ ഔദ്യോഗിക മോചന ഉത്തരവിൽ കഴിഞ്ഞ ദിവസം അധികൃതർ ഒപ്പുവെച്ചതോടെ രാജ്യം വിടാനുള്ള അവസാന ഘട്ട ഇമിഗ്രേഷൻ നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം ജന്മനാട്ടിൽ തിരിച്ചെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് കുടുംബവും പ്രവാസി സമൂഹവും.
നിലവിൽ ജയിലിൽ നിന്നുള്ള ഔദ്യോഗിക മോചന നടപടികൾ പൂർത്തിയായതിനെ തുടർന്ന് റഹീമിനെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് (തർഹീൽ) മാറ്റിയിട്ടുണ്ട്. അവിടെ വെച്ച് തിരികെ വരുന്നതിന് വിലക്കേർപ്പെടുത്തി നാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള സാധാരണ ഇമിഗ്രേഷൻ നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഈ സാങ്കേതിക നടപടികൾ കൂടി പൂർത്തിയാകുന്നതോടെ റഹീമിന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ലഭ്യമാകും.

20 വർഷത്തെ തടവ് കാലാവധി പൂർത്തിയായി
2006 നവംബറിലാണ് സൗദി ബാലനായ അനസ് അൽ ഫായിസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അബ്ദുൽ റഹീം സൗദിയിൽ അറസ്റ്റിലാകുന്നത്. തുടർന്ന് 2012-ൽ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. എന്നാൽ, ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒത്തൊരുമിച്ച് കൈകോർത്തതോടെ റഹീമിന്റെ ജീവിതത്തിൽ പുതിയ വഴിത്തിരിവുണ്ടായി. ജാതിയും മതവും നോക്കാതെ മനുഷ്യത്വത്തിന്റെ പേരിൽ മലയാളികൾ ഒന്നടങ്കം നടത്തിയ കാമ്പെയ്നിലൂടെ ഒന്നരക്കോടി സൗദി റിയാൽ (34 കോടിയിലധികം ഇന്ത്യൻ രൂപ) ദിയാധനമായി (മോചനദ്രവ്യം) സമാഹരിച്ച് നൽകി. ഇതോടെ കോടതി വധശിക്ഷ റദ്ദാക്കുകയായിരുന്നു.
വധശിക്ഷ ഒഴിവാക്കിയെങ്കിലും മറ്റ് കുറ്റകൃത്യങ്ങളുടെ വകുപ്പുകൾ പ്രകാരം ലഭിച്ച 20 വർഷത്തെ തടവ് ശിക്ഷ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. നിയമപരമായ എല്ലാ തടസ്സങ്ങളും നീങ്ങിയതോടെയാണ് മോചന ഉത്തരവ് പുറപ്പെടുവിച്ചത്. രണ്ട് പതിറ്റാണ്ടോളം നീണ്ട ജയിൽവാസത്തിനും അനിശ്ചിതത്വങ്ങൾക്കും ശേഷമാണ് റഹീം ഒടുവിൽ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങിയെത്തുന്നത്. റഹീമിനെ സ്വീകരിക്കാനായി കോഴിക്കോട്ടെ വീട്ടിൽ വലിയ ഒരുക്കങ്ങളാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തുന്നത്.












Click it and Unblock the Notifications