സവര്‍ക്കറെ കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്ന് അബ്ദുളളക്കുട്ടി
കോഴിക്കോട് : സവര്‍ക്കറെ കുറിച്ച് തന്നെ പഠിപ്പിച്ചത് രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാ ഗാന്ധി ആണെന്ന് ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി. രാഹുല്‍ ഗാന്ധി ഇന്ദിരാ ഗാന്ധിയുടെ പ്രസംഗം വായിക്കണം. വീര സവര്‍ക്കറുടെ സ്റ്റാമ്പ് പ്രകാശനം ചെയ്ത് കൊണ്ട് ഇന്ദിരാ ഗാന്ധി പറഞ്ഞത്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത്, കാല്‍നൂറ്റാണ്ടിലധികം കാലം ജയിലില്‍ കിടന്നത് വീരസവര്‍ക്കറാണ്.
ഒന്നുകില്‍ വീരസവര്‍ക്കറുടെ ചരിത്രം രാഹുല്‍ ഗാന്ധി പഠിക്കണം, അല്ലെങ്കില്‍ മുത്തശ്ശിയുടെ പ്രസംഗമെങ്കിലും രാഹുല്‍ ഗാന്ധിയും യൂത്ത് കോണ്‍ഗ്രസുകാരും വായിക്കണം എന്നും അബ്ദുളളക്കുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അബ്ദുളളക്കുട്ടിയുടെ പ്രതികരണം.

പോപ്പുലര്‍ ഫ്രണ്ടിന് എതിരെയുളള എന്‍ഐഎ നടപടിയിലും എപി അബ്ദുളളക്കുട്ടി പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്കാണ്. കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞ ദിവസം ഖുറാനെ വക്രീകരിച്ച് കൊണ്ട്, ഇസ്ലാമിക വിശ്വാസത്തെ വക്രീകരിച്ച് കൊണ്ട്, ഹിന്ദുക്കളെ കൊന്നൊടുക്കണം എന്ന് പോപ്പുലര്‍ ഫ്രണ്ട് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ മനുഷ്യബോംബായി മരിച്ചാല്‍ സ്വര്‍ഗം കിട്ടും എന്നാണ് പ്രസംഗിക്കുന്നത്. രാജ്യത്ത് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് അങ്ങനെ സംസാരിക്കാന്‍ സാധിക്കുമോ എന്ന് അബ്ദുളളക്കുട്ടി ചോദിച്ചു.
ഇത് ഖുറാന്‍ നിന്ദ മാത്രമല്ല, ഇത് ഭരണഘടനാ നിന്ദയാണ്. വളരെ സൗഹൃദത്തോടെ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. മഹത്തായ ഒരു പാരമ്പര്യമുണ്ട്. അത് എല്ലാ മതങ്ങളേയും സ്വീകരിച്ച വിശാലമായ പാരമ്പര്യമാണ്. ആ പാരമ്പര്യത്തിന്റെ നാട്ടില്‍ നിന്ന് കൊണ്ടാണ് ദേശദ്രോഹ , മനുഷ്യദ്രോഹ പ്രസ്താവനകള്‍ ഇവര്‍ പരസ്യമായി നടത്തുന്നത്. ഇവിടുത്തെ പ്രധാനപ്പെട്ട സുന്നി മത പണ്ഡിതര്‍ അതിനെ തള്ളിപ്പറഞ്ഞത് വളരെ സന്തോഷകരമാണ് എന്നും അബ്ദുളളക്കുട്ടി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications