അബ്ദുറഹ്മാന്‍ രണ്ടത്താണിയെ ചാക്കിടാന്‍ സിപിഎം; കളത്തില്‍ 3 പേര്‍, സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെ
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയ പിന്നാലെ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ രണ്ടത്താണി പാര്‍ട്ടിക്ക് പുറത്തേക്ക്. രണ്ടത്താണിയുമായി സിപിഎം പ്രതിനിധികള്‍ ഫോണില്‍ ബന്ധപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. കെടി ജലീല്‍, വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്ക് പുറമെ മറ്റൊരു വ്യക്തിയും രണ്ടത്താണിയുമായി സംസാരിച്ചുവത്രെ.
മുസ്ലിം ലീഗ് പ്രഖ്യാപിച്ച മിക്ക സ്ഥാനാര്‍ഥികളെയും അഭിനന്ദിച്ച അബ്ദുറഹ്മാന്‍ രണ്ടത്താണി തിരൂരങ്ങാടിയില്‍ മല്‍സരിക്കുന്ന പിഎംഎ സമീറിന്റെ സ്ഥാനാര്‍ഥിത്വമാണ് ചോദ്യം ചെയ്തത്. പ്രാദേശിക ഘടകം ആവശ്യപ്പെടാത്ത ഒരു സ്ഥാനാര്‍ഥിയെ മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂരങ്ങാടിയില്‍ മല്‍സരിപ്പിക്കുന്നത് ചിലരുടെ താല്‍പ്പര്യമാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. തങ്ങന്മാരെ കരുവാക്കി ചിലര്‍ കാര്യം നേടിയെടുക്കുന്നു എന്നാണ് രണ്ടത്താണിയുടെ വിമര്‍ശനം.

പാണക്കാട് തങ്ങള്‍ എടുത്ത നിലപാടിനെതിരെ പരസ്യ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് മുസ്ലിം ലീഗില്‍ അത്യപൂര്‍വമാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു മുതിര്‍ന്ന നേതാവ് പരോക്ഷമായാണെങ്കിലും വിമര്‍ശനം ഉന്നയിക്കുന്നത് സംഭവിക്കാത്തതാണ്. നേരത്തെ മുഈനലി ശിഹാബ് തങ്ങളാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ച പ്രധാന വ്യക്തിത്വം.
ആരാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി?
രണ്ട് തവണ എംഎല്‍എ ആയിരുന്ന വ്യക്തിയാണ് അബ്ദുറഹ്മാന്‍ രണ്ടത്താണി. രണ്ട് തവണ മല്‍സരിച്ച് തോല്‍ക്കുകയും ചെയ്തിരുന്നു. തിരൂരിലെ ശിഹാബ് തങ്ങള്‍ ആശുപത്രിയുടെ ചെയര്‍മാനാണ്. ഇത്തവണ മല്‍സരിക്കണം എന്ന് രണ്ടത്താണിക്ക് ആഗ്രഹമുണ്ടായിരുന്നുവത്രെ. തിരൂരങ്ങാടിയില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ രണ്ടത്താണിയുടെ പേര് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് സമീറിന്റെ പേര് പ്രഖ്യാപിച്ചത്. ഇതിലുള്ള അതൃപ്തിയാണ് രണ്ടത്താണി പ്രകടിപ്പിച്ചത്.
ആദ്യം സാദിഖലി തങ്ങളെ പരോക്ഷമായി വിമര്‍ശിച്ചാണ് രണ്ടത്താണി ഫേസ്ബുക്ക് കുറിപ്പിട്ടത്. തൊട്ടുപിന്നാലെ അത് ഡിലീറ്റ് ചെയ്തു. ശേഷം ആര്‍ക്കും പരിഭവം തോന്നാത്ത തരത്തിലുള്ള കുറിപ്പ് എഴുതി. എന്നാല്‍ ബുധനാഴ്ച രാവിലെ പിഎംഎ സമീറിന്റെ പേര് എടുത്തു പറഞ്ഞും കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി വിമര്‍ശചിച്ചും കുറിപ്പ് പോസ്റ്റ് ചെയ്തു.
അവസരം ഉപയോഗിക്കാന്‍ സിപിഎം
ഇതോടെയാണ് സിപിഎം അവസരം ഉപയോഗപ്പെടുത്താന്‍ ശ്രമം തുടങ്ങിയത്. നേരത്തെ മുസ്ലിം ലീഗ് വിട്ടുവന്ന വ്യക്തിയാണ് കെടി ജലീല്‍. കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ നേതാവാണ് വി അബ്ദുറഹ്മാന്‍. ഇവര്‍ തന്നെയാണ് രണ്ടത്താണിയുമായി സംസാരിക്കുന്നത് എന്നാണ് വിവരം. ഒരുപക്ഷേ, താനൂര്‍ മണ്ഡലത്തില്‍ രണ്ടത്താണിയെ സ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചേക്കുമെന്നും വാര്‍ത്തകള്‍ വന്നു. സിപിഎം ഇവിടെ സ്ഥാനര്‍ഥിയാക്കിയ വി അബ്ദുറഹ്മാന്‍ ഇതുവരെ പ്രചാരണം തുടങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
''പെട്ടെന്നുള്ള വൈകാരിക പ്രതികരണമാണ് അത്. അവര്‍ സുപ്രധാന പദവികള്‍ വഹിക്കുന്നവരാണ്. എംഎല്‍എ ആയവരാണ്. അതൃപ്തിയുള്ളവരുമായി സംസാരിക്കും'' എന്നാണ് സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈകാരിക പ്രതികരണം മാത്രമാണിതെന്നും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുമെന്നും അവരെല്ലാം മുസ്ലിം ലീഗിനൊപ്പം ഉറച്ചു നില്‍ക്കുമെന്നുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്.












Click it and Unblock the Notifications