അബ്ദുറഹീമിന്റെ മോചനം ഒരു വര്‍ഷം കൂടി നീളും; 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് റിയാദ് ക്രിമിനല്‍ കോടതി
സൗദി: സൗദിയില്‍ 18 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് ഇന്ന് നിര്‍ണായക വിധിയുണ്ടായത്. 20 വര്‍ഷം തടവു ശിക്ഷയാണ് റിയാദ് ക്രിമിനല്‍ കോടതി അബ്ദുറഹീമിന് വിധിച്ചത്.
ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 11.30-നാണ് മോചന ഹര്‍ജി കോടതി പരിഗണിച്ചത്. ഇതുവരെ അനുഭവിച്ച ശിക്ഷാകാലം കഴിഞ്ഞുള്ള ശിക്ഷ അനുഭവിച്ചാല്‍ മതി. അതായത് ഒന്നര വര്‍ഷം കൂടി തടവുശിക്ഷ നീളും. 2006 മുതല്‍ അബ്ദുറഹീം ജയിലില്‍ കഴിയുകയാണ്. 2026 ഡിസംബറില്‍ കേസിന് 20 വര്‍ഷം തികയും. ഇത് 13-ാം തവണയാണ് കോടതി ഹര്‍ജി പരിഗണിച്ചത്. ഇതിന് മുന്‍പ് ഓരോ തവണയും വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. വധശിക്ഷ കോടതി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റദ്ദാക്കിയിരുന്നു.

അബ്ദുറഹീമിന്റെ മോചനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുമനസുകള്‍ കൈകോര്‍ത്ത് പണം സംഭാവന ചെയ്തിരുന്നു. സൗദി ബാലന്‍ 15 വയസുകാരന്‍ അനസ് കൊല്ലപ്പെട്ട കേസിലാണ് അബ്ദുറഹീമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. സ്‌പോണ്‍സറായ സൗദി പൗരന്റെ മകനാണ് അനസ്. ഭിന്നശേഷിയുള്ള അനസിനെ പരിചരിക്കലായിരുന്നു അബ്ദുറഹീമിന്റെ ജോലി.
മോചനത്തിന് വേണ്ടി സൗദി കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ സമാഹരിച്ചു നല്‍കിയിരുന്നു. കഴിഞ്ഞ 18 വര്‍ഷത്തിലധികമായി നടത്തുന്ന നിയമപോരാട്ടത്തിനൊടുവിലാണ് നിര്‍ണായക വിധിയുണ്ടായത്. ആദ്യം അബ്ദുറഹീമിന് വധശിക്ഷ നല്‍കണം എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നിരുന്ന സൗദി കുടുംബം നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ വഴങ്ങിയത്. പിന്നീട് വന്‍തുക ദിയധനം സ്വീകരിച്ചാണ് മാപ്പ് നല്‍കാന്‍ തയ്യാറായത്. ഇതിനു പിന്നാലെയാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്.
ദയാധനം സ്വീകരിച്ച് സൗദി കുടുംബം മാപ്പ് നല്‍കിയതോടെ കഴിഞ്ഞ ജൂലായ് രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കിയിരുന്നു. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.
2006 ഡിസംബര്‍ 24 നാണ് അബ്ദുറഹീമിന്റെ കൂടെ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ അനസ് മരിച്ചത്. ഷോപ്പിങ്ങിനായി പുറത്തു പോകുമ്പോള്‍ അനസ് റഹീമിനോട് വഴക്കിട്ടു. അതിനിടെ അബദ്ധത്തില്‍ അബ്ദുറഹീമിന്റെ കൈ, ഭക്ഷണവും വെള്ളവും നല്‍കാനായി അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. 2006-ല്‍ റിയാദിലെത്തി ഒരു മാസത്തിനകമാണ് ദാരുണമായ സംഭവം ഉണ്ടാകുന്നതും അനസ് ജയിലില്‍ പോകുന്നതും.
മരിച്ച ബാലനും റഹീമും തമ്മില്‍ മുന്‍വൈരാഗ്യമില്ലെന്നും കയ്യബദ്ധത്തിലാണ് സൗദി ബാലന്‍ കൊല്ലപ്പെട്ടതെന്നും റഹീമിന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു. വിധി സങ്കടകരമെന്ന് അബ്ദുറഹീമിന്റെ ഉമ്മ ഫാത്തിമ പ്രതികരിച്ചു. മകനെ കണ്ടാലേ ആശ്വാസമാകൂ എന്നും ഫാത്തിമ മാധ്യമങ്ങളോടു പറഞ്ഞു. വിധി പകര്‍പ്പ് കൈയില്‍ ലഭിച്ചതിന് ശേഷം അഭിഭാഷകരുമായി സംസാരിച്ച് അപ്പീല്‍ ഉള്‍പ്പടെയുള്ള നിയമ സാധ്യതകള്‍ ആലോചിക്കുമെന്ന് അബ്ദുറഹീം സഹായ സമിതി അറിയിച്ചു.












Click it and Unblock the Notifications