അഭിമന്യു വധം; കൊലയാളി സംഘാംഗം അറസ്റ്റില്‍, പിടിയിലായത് പള്ളുരുത്തി സ്വദേശി
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പള്ളുരുത്തി സ്വദേശി സനീഷ് ആണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറയുന്നു. കേസിലെ പ്രധാന പ്രതിയായ വടുതല സ്വദേശി മുഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് സനീഷിന് സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് സനീഷിനെ പിടികൂടുകയായിരുന്നു.
ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെന്ന് കരുതുന്ന ആറ് പേര് പോലീസ് പിടിയിലായി. നേരത്തെ അറസ്റ്റിലായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ് പോലീസ്.
ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം ആലുവ സ്വദേശി ആദില്‍, കണ്ണൂര്‍ തലശേരി സ്വദേശി ഷാനവാസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഈ മാസം 28 വരെയാണ് കോടതി പോലീസിന് കൈമാറിയിരിക്കുന്നത്. പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കിയെന്ന ആരോപണമാണ് ഷാനവാസിനെതിരെയുള്ളത്.
കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേര് പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. തെളിവ് നശിപ്പിക്കാന്‍ നടത്തിയ നീക്കങ്ങളെ കുറിച്ച് അറിയുന്നവരാണിവര്‍. ഇവര്‍ക്ക് കേസില്‍ നേരിട്ട് പങ്കില്ലെന്നാണ് പോലീസ് നല്കുന്ന വിവരം.