എസ്ഡിപിഐ ഭീകര സംഘടന; മൃദുസമീപനം തെറ്റായെന്ന് സിപിഎം, ആലോചിക്കണമായിരുന്നുവെന്ന് മുനീര്‍
കോഴിക്കോട്: എസ്ഡിപിഐ ഭീകരസംഘടനയാണെന്ന് സിപിഎം. ഇവരോട് മൃദുസമീപനം സ്വീകരിച്ചത് തെറ്റായിപ്പോയി. മുസ്ലിംകളുടെ ശത്രുക്കളാണിവരെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു.

എസ്ഡിപിഐയുടെ സഹകരണത്തോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജയിച്ചവരോട് രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കരീം പറഞ്ഞു. അതേസമയം, സിപിഎം ലാഘവത്തോടെയാണ് എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും കണ്ടതെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ കുറ്റപ്പെടുത്തി.
മുസ്ലിം സമുദായത്തെ ആരും പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതി കൊടുത്തിട്ടില്ല. മുസ്ലിം ലീഗ് എന്നും പോപ്പുലര്‍ ഫ്രണ്ടിന് എതിരായിരുന്നു. സിപിഎം ആണ് ലാഘവത്തോടെ കണ്ടത്. വളര്‍ത്തുമ്പോള്‍ തിരിഞ്ഞുകൊത്തുമെന്ന് ആലോചിക്കണമായിരുന്നു. എസ്ഡിപിഐയുമായി സിപിഎം ഇപ്പോഴും പലയിടത്തും കൂട്ടുകെട്ട് തുടരുന്നുണ്ടെന്നും മുനീര്‍ കുറ്റപ്പെടുത്തി.
പല പേരുകളില്‍ അറിയപ്പെടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനമാണത്. സംഘടന നിരോധിച്ചാല്‍ അത് വേറെ രീതിയില്‍ വരും. തീവ്രവാദം നിരോധിച്ചാല്‍ ഭീകരവാദമായി മാറുമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നേതാക്കളുടെ പ്രതികരണം. എസ്ഡിപിഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.












Click it and Unblock the Notifications