മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ജില്ലയിൽ തുണയായത് 20,395 പേർക്ക്
തിരുവനന്തപുരം: ഈ സർക്കാർ നിലവിൽ വന്നശേഷം 2016 മേയ് മുതൽ 2018 മാർച്ച് വരെ തിരുവനന്തപുരം ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 20,395 പേർക്കായി 42.93 കോടി രൂപയിലധികം വിതരണം ചെയ്തതായി ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു.

തിരുവനന്തപുരം താലൂക്കിലെ 3,096 പേർക്ക് 12.86 കോടി, നെയ്യാറ്റിൻകര താലൂക്കിലെ 3,832 പേർക്ക് 11.27 കോടി, നെടുമങ്ങാട് താലൂക്കിലെ 2,998 പേർക്കായി 5.18 കോടി, ചിറയിൻകീഴ് താലൂക്കിലെ 2,419 പേർക്ക് 3.81 കോടി, വർക്കല താലൂക്കിൽപ്പെട്ട 4,543 പേർക്ക് 5.66 കോടിയും കാട്ടാക്കട താലൂക്കിൽപ്പെട്ട 3,484 പേർക്ക് 3.72 കോടിയുമാണ് വിതരണം ചെയ്തത്. കൂടാതെ ജില്ലാ കളക്ടറേറ്റ് വഴി 23 പേർക്ക് 57 ലക്ഷത്തോളം രൂപയും വിതരണം ചെയ്തിട്ടുണ്ട്.
2011 മേയ് മുതൽ 2016 ഏപ്രിൽ വരെയുള്ള കഴിഞ്ഞ സംസ്ഥാന സർക്കാരിന്റെ അഞ്ചുവർഷ കാലയളവിൽ 52,058 പേർക്കായി 63.93 കോടി രൂപയായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വിതരണം ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായത്തിനായുള്ള അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കുന്നതായും കളക്ടർ അറിയിച്ചു.












Click it and Unblock the Notifications