രണ്ടും കല്‍പ്പിച്ച് അബൂദാബി: ഫീസുകള്‍ വെട്ടിക്കുറച്ചു, ലക്ഷ്യം വിദേശീയരെ, ദുബായിയെ മറികടക്കണം
ഹോട്ടല്‍, റെസ്‌റ്റോറന്റ് മേഖലയില്‍ ഈടാക്കുന്ന ഫീസ് വെട്ടിക്കുറച്ച് അബുദാബി. വിവിധ ഫീസ് നിരക്കുകള്‍ വെട്ടിക്കുറച്ചുകൊണ്ടുള്ള ചട്ടം സെപ്തംബർ ഒന്നുമുതല്‍ നിലവില്‍ വരുന്ന തലത്തിലാണ് അബൂദാബിയിലെ ടൂറിസം, സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കിയിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ടാണ് ഭരണ കൂടത്തിന്റെ പുതിയ നീക്കം.
കോവിഡിന് ശേഷം യുഎഇയിലെ ടൂറിസം രംഗം വലിയ തോതില്‍ മുന്നേറ്റം കാഴ്ച വെച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ തന്നെ ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്നത് ദുബായി എമിറേറ്റാണ്. ദുബായില്‍ എത്തുന്നവർ അബുദാബിയിലേക്കും എത്തുന്നുണ്ടെങ്കിലും വിദേശ വിനോദ സഞ്ചാരികളെ നേരിട്ട് തന്നെ അബുദാബിയിലേക്ക് എത്തിക്കുകയെന്നതാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.

ദുബായിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ താമസ സൌകര്യങ്ങളും ഭക്ഷണവും ഒരുക്കാന്‍ സാധിച്ചാല്‍ വിനോദ സഞ്ചാരികള്‍ അബുദാബിയില്‍ കൂടുതല്‍ സമയം ചിലവിടുന്ന സാഹചര്യവും ഉണ്ടായേക്കും. ആഗോള രംഗത്ത് തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായി അബുദാബിയെ മാറ്റുകയെന്ന ദീർഘവീക്ഷണത്തോടെ വിവിധ പദ്ധതികളാണ് എമിറേറ്റ്സില്‍ നടത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.
അതിഥികൾക്ക് നൽകേണ്ട ടൂറിസം ഫീസ് ആറ് ശതമാനത്തിൽ നിന്ന് നാല് ശതമാനമായിട്ടാണ് കുറിച്ചിരിക്കുന്നത്. ഇതിന് പുറമെ ഹോട്ടലുകളിലെ ഒരു മുറിക്ക് ഒരു രാത്രിക്ക് 15 ദിർഹം എന്ന മുനിസിപ്പാലിറ്റി ഫീസ്, ആറ് ശതമാനം ടൂറിസം ഫീസും ഹോട്ടൽ റെസ്റ്റോറന്റുകൾക്ക് ബാധകമാക്കിയ നാല് ശതമാനം മുനിസിപ്പാലിറ്റി ഫീസ് എന്നിവ എടുത്തുകളയും ചെയ്തുകൊണ്ടാണ് പുതിയ ഭേദഗതി.
അതേസമയം, അഥിതികള്‍ക്ക് നല്‍കുന്ന ബില്ലിന്മേല്‍ (Invoice) ഈടാക്കുന്ന 4 ശതമാനം മുനിസിപ്പാലിറ്റി ഫീസില്‍ മാറ്റമില്ല. 2023 അവസാനത്തോടെ 24 ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കാനും എമിറേറ്റിനെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും യുഎഇ തലസ്ഥാനം ലക്ഷ്യമിടുന്നതിനാൽ അബുദാബിയും യൂറോപ്പും തമ്മിലുള്ള വ്യോമ ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ തന്ത്രപരമായ കരാറിലും നേരത്തെ ഒപ്പുവച്ചിരുന്നു.
ഫ്രാങ്കോ-ഡച്ച് എയർലൈൻ ഗ്രൂപ്പായ എയർ ഫ്രാൻസ്-കെഎൽഎമ്മുമായിയാണ് ഡിസിടി അബുദാബി ലൂവ്രെ ധാരണാപത്രം ഒപ്പുവച്ചത്. ഈ പങ്കാളിത്തത്തിലൂടെ പാരീസിലേക്കുള്ള പ്രതിദിന ഫ്ലൈറ്റുകൾ വഴി അബുദാബിയുടെ ആഗോള കണക്റ്റിവിറ്റി വിപുലീകരിക്കുന്നു. അബുദാബിയുടെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും പുരോഗതി കൈവരിക്കുന്നതിനും ആഗോള ലക്ഷ്യസ്ഥാനമായി എമിറേറ്റിന്റെ പദവി ഉയർത്തുന്നതിനായി ശക്തമായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അബുദാബി ഡിസിടിയിലെ ടൂറിസം ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ഗെസിരി പറഞ്ഞു.
"വിശ്വസനീയമായ അന്താരാഷ്ട്ര വ്യോമയാന കമ്പനികളുമായി ദീർഘകാല പങ്കാളിത്തം വളർത്തിയെടുക്കുന്നതിലൂടെ, ലോകമെമ്പാടുമുള്ള സന്ദർശകരെ സമ്പന്നമായ യുഎഇ പൈതൃകവും വൈവിധ്യമാർന്ന സംസ്കാരവും പരിചയപ്പെടുത്താന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു. ഈ വർദ്ധിപ്പിച്ച കണക്റ്റിവിറ്റി യാത്രക്കാരുടെ അനുഭവം സമ്പന്നമാക്കുക മാത്രമല്ല, അബുദാബിയെ യൂറോപ്പിലേക്കുള്ള ഒരു അധിക ആക്സസ് പോയിന്റായി സ്ഥാപിക്കുകയും ചെയ്യുന്നു.'' സാലിഹ് മുഹമ്മദ് അൽ ഗെസിരി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications