ശാഖയിൽ ചേർന്നില്ല, കാവിക്കൊടി പിടിച്ചില്ല.. എബിവിപിക്കാർ വിദ്യാർത്ഥിയെ നഗ്നനാക്കി തല്ലിച്ചതച്ചു!!
തിരുവനന്തപുരം:കേരളത്തില്‍ വളരെ കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാത്രമേ സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിക്ക് കൈയ്യടക്കാന്‍ സാധിച്ചിട്ടുള്ളൂ. അവയില്‍ തന്നെ ചിലത് അടുത്തിടെ എസ്എഫ്‌ഐ തിരിച്ച് പിടിക്കുകയുമുണ്ടായി. ആധിപത്യമുള്ള ക്യാമ്പസ്സുകളില്‍ എബിവിപി അഴിഞ്ഞാടുകയാണ്.
തിരുവനന്തപുരത്തെ എബിവിപി സ്വാധീനമുള്ള കോളേജില്‍ ശാഖാ പ്രവര്‍ത്തനത്തില്‍ ചേരാന്‍ തയ്യാറാകാത്തതിന് വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. എസ്എഫ്‌ഐ അനുഭാവിയായ വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റിരിക്കുന്നത്.

എബിവിപിയുടെ അതിക്രമം
തിരുവനന്തപുരത്തെ ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജിലാണ് എബിവിപിയുടെ അതിക്രമം. ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയും നേമം സ്വദേശിയുമായ അഭിജിത്തിനാണ് മര്‍ദമേറ്റത്. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് സംഭവം.

ശാഖയിൽ ചേർന്നില്ല
കോളേജിലെ എബിവിപിയുടെ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാത്തതും ശാഖയില്‍ ചേരാത്തതുമാണ് മര്‍ദനത്തിന് കാരണം. അഭിജിത്തിന്റെ ഫോണില്‍ സ്‌ക്രീന്‍ സേവറായി ചെഗുവേരയുടെ ചിത്രം കണ്ടതാണ് എബിവിപിക്കാര്‍ക്ക് ശത്രുതയുണ്ടാക്കിയത്.

ക്രൂരമായ മർദനം
ഫോണ്‍ പിടിച്ച് വാങ്ങി പരിശോധിച്ച എബിവിപിക്കാര്‍ ഫോണില്‍ എസ്എഫ്‌ഐയുടെ രക്തസാക്ഷിയായ സജിന്‍ ഷാഹുലിന്റെ ചിത്രവും കണ്ടു. ഇതോടെ ക്യാമ്പസ്സില്‍ എസ്എഫ്‌ഐ യൂണിറ്റ് തുടങ്ങുമെന്ന ഭയത്താല്‍ അഭിജിത്തിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

നഗ്നനാക്കി തല്ലിച്ചതച്ചു
കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തതായി അഭിജിത്ത് പറയുന്നു. വസ്ത്രം ഊരി നഗ്നനാക്കിയ ശേഷമായിരുന്നു മര്‍ദനം.

ശാഖയില്‍ പങ്കെടുക്കണമെന്ന്
കല്ല് ഉപയോഗിച്ച് കഴുത്തിന് പുറകിലും മുതുകിലും മര്‍ദിച്ചതായി അഭിജിത്ത് പറയുന്നു.ആഴ്ചയിലൊരിക്കല്‍ നടക്കുന്ന ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കണമെന്നും അവര്‍ ഭീഷണിപ്പെടുത്തിയെന്നും അഭിജിത്ത് പറയുന്നു.

ഡിവൈഎഫ്‌ഐയുടെ മെമ്പര്‍ഷിപ്പ്
അഭിജിത്തിന്റെ ബാഗില്‍ ഡിവൈഎഫ്‌ഐയുടെ മെമ്പര്‍ഷിപ്പ് കാര്‍ഡ് ഉള്ളതായി സഹപാഠി എബിവിപി നേതൃത്വത്തെ അറിയിച്ചതോടെയാണ് അവര്‍ വിദ്യാര്‍ത്ഥിയെ നോട്ടമിട്ടത്. സംഭവത്തിന് ശേഷം രണ്ട് ദിവസത്തോളം അഭിജിത്ത് കോളേജില്‍ പോയിരുന്നില്ല.

കൊടി പിടിക്കാൻ ഭീഷണി
കഴിഞ്ഞ ദിവസം അഭിജിത്ത് വീണ്ടും കോളേജില്‍ ചെന്നു. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച എബിവിപി പ്രവര്‍ത്തകര്‍ ജാഥയായി വരുമ്പോള്‍ കൊടി പിടിച്ച് മുന്നില്‍ നില്‍ക്കാന്‍ അഭിജിത്തിനോട് ആവശ്യപ്പെട്ടു. രാഖി കെട്ടാതെ കോളേജില്‍ വരരുതെന്നും ഭീഷണി മുഴക്കി.

കൊലവിളി മുഴക്കി
എബിവിപിയുടെ കൊടി പിടിക്കാനാവില്ലെന്ന് പറഞ്ഞപ്പോള്‍ അഭിജിത്തിനെ വീണ്ടും മര്‍ദിച്ചു. കൊടി പിടിച്ചില്ലെങ്കില്‍ കോളേജില്‍ പഠിപ്പിക്കില്ല എന്നാണ് എബിവിപിക്കാര്‍ കൊലവിളി മുഴക്കിയത്. മര്‍ദനമേറ്റ അഭിജിത്ത് പഠനം ഉപേക്ഷിച്ചിരിക്കുകയാണ്.

പോലീസില്‍ അഭിജിത്ത് പരാതി നല്‍കി
കോളേജ് മാറുന്നതിന് വേണ്ടി സര്‍വ്വകലാശാലയെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നു. നേമം പോലീസില്‍ അഭിജിത്ത് പരാതി നല്‍കിയിട്ടുണ്ട്.

പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും
സംഭവത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പറഞ്ഞു. ഏതറ്റം വരെയും എസ്എഫ്‌ഐ പോകുമെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ പദയാത്ര നടത്തുന്നവരുടെ തനിനിറമാണ് വെളിച്ചത്ത് ആയതെന്നും വിജിന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications