'കേരള സ്റ്റോറി'ജെഎൻയുവിൽ പ്രദർശിപ്പിക്കുമെന്ന് എബിവിപി, തടയുമെന്ന് എസ്എഫ്ഐ
ദില്ലി: വിവാദ ചിത്രമായ ദി കേരള സ്റ്റോറി ജെഎൻയുവിൽ പ്രദർശിപ്പിക്കാൻ ശ്രമിച്ചാൽ തടയുമെന്ന് എസ് എഫ് ഐ. ഇന്ന് വൈകീട്ട് ചിത്രം ജെ എൻ യുവിൽ സെലക്ടീവ് സ്ക്രീനിംഗ് നടത്തുമെന്ന് എബിവിപി പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് പ്രദർശനം തടയുമെന്ന് എസ്എഫ്ഐ വ്യക്തമാക്കിയത്.
എബിവിപിക്ക് കീഴിലുള്ള വിവേകാനന്ദ വിചാർ മഞ്ചാണ് ഇന്ന് വൈകീട്ടിന് നാലിന് സർവ്വകലാശാല ഓഡിറ്റോറിയത്തിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. നിർബന്ധിത മതപരിവർത്തനത്തെ കുറിച്ചും ലൗജിഹാദിന്റെ യാഥാർത്ഥ്യങ്ങളുമാണ് സിനിമയിൽ പറയുന്നതെന്നാണ് എ ബി വി പി പറയുന്നത്.

അതേസമയം കേരളത്തിൽ ലൗ ജിഹാദിലൂടെ 32000 സ്ത്രീകൾ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തു എന്നതടക്കമുള്ള ഇസ്ലാമോഫോബിയ പ്രചരിപ്പിച്ച് സമൂഹത്തെ ധ്രുവീകരിക്കാനുള്ള സംഘപരിവാറിന്റെ മറ്റൊരു ശ്രമമാണ് കേരള സ്റ്റോറിയെന്ന് എസ് എഫ് ഐ ആരോപിച്ചു. അഭിപ്രായ സ്വാതന്ത്ര്യം എന്നത് വിദ്വേഷം പ്രചരിപ്പിക്കാൻ ഉള്ളതല്ല. മതേതര ധാർമ്മികതയെ കളങ്കപ്പെടുത്തുന്ന ഈ പ്രചരണ സിനിമയുടെ പ്രദർശനത്തെ എസ് എഫ് ഐ ശക്തമായി അപലപിക്കുകയും എതിർക്കുകയും ചെയ്യുമെന്നും എസ് എഫ് ഐ വ്യക്തമാക്കി.
അതിനിടെ കേരള സ്റ്റോറി വിദ്വേഷ പ്രചരണമാണെന്നും റിലീസ് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.പരാതിക്കാരന് ഹൈകോടതിയോ, ഉത്തരവാദിത്തപ്പെട്ട മറ്റുസംവിധാനങ്ങളേയോ സമീപിച്ചുകൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു.
അഭിഭാഷകനായ നിസാം പാഷ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.വിദ്വേഷ പ്രസംഗക്കേസിൽ പ്രത്യേക അപേക്ഷ ഫയൽ ചെയ്താണ് ഈ വിഷയം സുപ്രീം കോടതിയിൽ കൊണ്ടുവരാൻ പരാതിക്കാരൻ ശ്രമിച്ചത്. എന്നാൽ മറ്റൊരു കേസിൽ അപേക്ഷയായി ഈ വിഷയം പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
അതേസമയം കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സംവിധായകൻ സുദീപ്തോ സെൻ രംഗത്തെത്തി.2018-2019 കാലയളവിൽ ഇസ്ലാമിലേക്ക് മതം മാറുകയും തുടർന്ന് ഐ എസ് ഐ എസിൽ ചേരുകയും ചെയ്ത കേരളത്തിൽ നിന്നുള്ള ഹിന്ദു പെൺകുട്ടികളെക്കുറിച്ചുള്ളതാണ് സിനിമയെന്ന് സുദീപ്തോ പറഞ്ഞു. ഏകദേശം 32,000 സ്ത്രീകളെ കേരളത്തിൽ നിന്ന് കാണാതായിട്ടുണ്ടെന്നും ഇന്ത്യയിലും ലോകമെമ്പാടുമുള്ള തീവ്രവാദ ദൗത്യങ്ങളിൽ ഇവർ ഭാഗമായിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇതിനെ കുറിച്ചുള്ള അന്വേഷണമാണ് സിനിമ. സിനിമ കണ്ട ശേഷം വേണം രാഷ്ട്രിയക്കാർ വിമർശിക്കാനെന്നും സംവിധായകൻ പറഞ്ഞു. .












Click it and Unblock the Notifications