പൊലീസ് വേഷത്തില്‍ ഷൈന്‍ റോഡില്‍! പരിശോധനയെന്ന് കരുതി ഭയന്ന യുവാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്ക്
മലപ്പുറം: എടപ്പാളില്‍ സിനിമാ ചിത്രീകരണത്തിനിടെ അപകടം. ഷൂട്ടിംഗിന്റെ ഭാഗമായി പൊലീസ് വേഷത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കണ്ട് പട്രോളിംഗാണ് എന്ന് കരുതി യുവാവ് പെട്ടെന്ന് ബൈക്ക് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്. ബൈക്കില്‍ നിന്ന വീണ യുവാവിന് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ പത്ത് മണിയോടെ എടപ്പാള്‍-പൊന്നാനി റോഡിലായിരുന്നു സംഭവം.
ഷൈന്‍ ടോം ചാക്കോയുടെ 'സൂത്രവാക്യം' എന്ന സിനിമയുടെ ചിത്രീകരണം എടപ്പാളില്‍ പുരോഗമിക്കുകയാണ്. ഇന്നത്തെ ചിത്രീകരണത്തില്‍ പൊലീസ് വേഷത്തിലായിരുന്നു ഷൈന്‍ ടോം ചാക്കോ. റോഡില്‍ ഷൈന്‍ ടോം ചാക്കോ പൊലീസ് വേഷത്തില്‍ നില്‍ക്കുമ്പോഴാണ് ഹെല്‍മറ്റ് ധരിക്കാതെ യുവാവ് ഇരുചക്രവാഹനത്തില്‍ എത്തിയത്. പൊടുന്നനെ തൊട്ടുമുന്നില്‍ 'പൊലീസിനെ' കണ്ടപ്പോള്‍ യുവാവ് ബ്രേക്ക് പിടിക്കുകയായിരുന്നു.

മഴ പെയ്തതിനാല്‍ റോഡില്‍ വെള്ളമുണ്ടായിരുന്നു. പെട്ടെന്ന് ബ്രേക്കിട്ടതോടെ യുവാവ് തെന്നിവീഴുകയായിരുന്നു. അപകടം കണ്ട ഉടന്‍ തന്നെ ഷൈന്‍ ടോം ചാക്കോയും സിനിമയുടെ അണിയറപ്രവര്‍ത്തകരും യുവാവിന്റെ അടുത്തെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരന്നു. യുവാവിന്റെ പരിക്ക് ഗുരുതരമല്ല. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം യുവാവ് ആശുപത്രി വിടുകയും ചെയ്തു.
പിന്നീട് യുവാവിനൊപ്പം സെല്‍ഫിയും എടുത്താണ് ഷൈന്‍ ടോം ചാക്കോ ലൊക്കേഷനിലേക്ക് മടങ്ങിയത്. പുതുമുഖം യുജീന്‍ ജോസ് ചിറമ്മേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂത്രവാക്യം. വിന്‍സി അലോഷ്യസ്, ദീപക് പറമ്പോല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിലെ പ്രമുഖ സിനിമാ നിര്‍മാണ കമ്പനിയായ സിനിമാബണ്ടിയാണ് നിര്‍മാണം.












Click it and Unblock the Notifications