വിവാഹദിനത്തില്‍ അപകടം; പരുക്കേറ്റ വധുവിനും വരനും കതിര്‍മണ്ഡപമായത് ആശുപത്രി അത്യാഹിത വിഭാഗം
കൊച്ചി: ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വിവാഹ ദിനത്തില്‍ ക്ഷണിക്കാത്ത ഒരു അതിഥി എത്തിയതിന്റെ ആഘാതത്തിലാണ് ആവണിയും ഷാരോണും. അപ്രതീക്ഷിതമായി എത്തിയ വാഹനാപകടം ഇരുവരുടെയും വിവാഹദിനത്തിലെ പദ്ധതികളെ എല്ലാം മാറ്റിമറിച്ചു. എന്നാല്‍ വിധിക്കു മുന്നില്‍ തോല്‍ക്കാന്‍ ഇരുവരുടെയും പ്രണയം തയാറായിരുന്നില്ല.
പുലര്‍ച്ചെ വിവാഹ ദിനത്തിലെ മേക്കപ്പിനായി പോകുമ്പോഴാണ് ആവണി അപകടത്തില്‍പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.15നും 12.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. അപകടം ആവണിയുടെ ശരീരത്തില്‍ പരുക്കേല്‍പ്പിച്ചെങ്കിലും വിവാഹം മാറ്റിവയ്ക്കാന്‍ മനസ് ഇരുവരുടെയും മനസ് അനുവദിച്ചില്ല. അപകടത്തില്‍ പരുക്കേറ്റ് ആവണിയുടെയും ഷാരോണിന്റെയും വിവാഹത്തിന് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗം കതിര്‍മണ്ഡപമായി. അനുഗ്രഹങ്ങളും പ്രാര്‍ഥനകളും ചൊരിഞ്ഞ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും സാക്ഷികളായി. ഇതേസമയം വിവാഹം നടത്താനിരുന്ന ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍ സദ്യയും വിളമ്പി.

വിവാഹവുമായി മുന്നോട്ട് പോകണമെന്ന ആഗ്രഹം കുടുംബം വ്യക്തമാക്കിയതോടെ അതിനുളള സൗകര്യം ആശുപത്രി അധികൃതര്‍ ചെയ്യുകയായിരുന്നു. ജീവിതത്തിലെ സുപ്രധാന ദിനത്തില്‍ അവിചാരിതമായാണ് ആവണിക്ക് അപകടം സംഭവിച്ചത്. ഈ ഘട്ടത്തില്‍ അവരുടെ ആഗ്രഹത്തിനും മാനുഷിക പരിഗണനക്കും മൂല്യം നല്‍കിയാണ് അത്യാഹിത വിഭാഗത്തില്‍ തന്നെ വിവാഹം നടത്താനുള്ള അവസരം നല്‍കിയത്.
ആലപ്പുഴ കൊമ്മാടി മുത്തലശേരി വീട്ടില്‍ എം. ജഗദീഷ്-ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ആവണിയുടെയും തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍-രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ഇന്ന് ഉച്ചക്ക് തുമ്പോളിയിലായിരുന്നു നിശ്ചയിച്ചിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെ മേയ്ക്കപ്പിനായി വധുവും കുടുംബാംഗങ്ങളായ അനന്ദു, ജയനമ എന്നിവരും കുമരകത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് കയറുകയായിരുന്നു.
നാട്ടുകാര്‍ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ആവണിയെ വിദഗ്ധ ചികിത്സക്കായി 12 മണിയോടെ എറണാകുളം വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ഒപ്പമെത്തി. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഇരു കുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതരെ അറിയിച്ചു. 12.15നും 12.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് ആശുപത്രി അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ തന്നെ വരന് താലികെട്ടാനുള്ള സൗകര്യമൊരുക്കി.
രോഗിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തില്‍ അത്യാഹിത വിഭാഗത്തിലാണ് വിവാഹം നടന്നത്. ആവണിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും ശസ്ത്രക്രിയ ഉടന്‍ നടക്കുമെന്നും ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സുദീഷ് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications