ചാവക്കാട് വാഗണര്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ പിതാവും മകനും ദാരുണാന്ത്യം
തൃശൂര്‍: ചാവക്കാട് പൊന്നാനി ദേശീയപാത ടിപ്പുസുല്‍ത്താന്‍ റോഡില്‍ അയിനിപ്പുള്ളിക്ക് സമീപം വാഗണര്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ പിതാവും മകനും തല്‍ക്ഷണം മരിച്ചു. ഏഴു പേര്‍ക്ക് പരുക്കേറ്റു. കോട്ടക്കലിനടുത്ത് കുറ്റിപ്പുറം സ്വദേശികളായ പുത്തന്‍ പീടിയേക്കല്‍ അബ്ദുറഹ്മാന്‍(58), മകന്‍ ഷാഫി (26) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യ റുഖിയ (48), മകള്‍ ജുവൈരിയ(19), മരുമകളും ഷാഫിയുടെ ഭാര്യയുമായ ഫൈറൂന്നിസ(20), മറ്റൊരു മകന്റെ ഭാര്യ ഫര്‍സാന (22), സഹോദരന്റെ മകള്‍ ഫരീദ, ഫര്‍സാനയുടെ മകന്‍ മുഹമ്മദ് തസ്‌നി (4), ട്രാവലര്‍ ഡ്രൈവര്‍ പഞ്ചവടി സ്വദേശി സുവീഷ് (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സുവീഷ് ഒഴിച്ചു മറ്റുള്ളവരെ തൃശൂര്‍ അശ്വിനി ആശുപത്രിയിലും സുവീഷിനെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടം. എറണാകുളത്തുനിന്നും കോട്ടക്കലിലേക്ക് പോവുകയായിരുന്ന അബ്ദുറഹ്മാനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പഞ്ചവടിയില്‍നിന്നും ചാവക്കാട്ടേക്ക് പോകുകയായിരുന്ന ട്രാവലറുമായാണ് കൂട്ടിയിടിച്ചത്.

അപകടവിവരമറിഞ്ഞെത്തിയ ലൈഫ്‌കെയര്‍ എടക്കഴിയൂര്‍, മുസ്ഫ ആംബുലന്‍സ് അണ്ടത്തോട്, നബവി ആംബുലന്‍സ് അകലാട്, ടോട്ടല്‍ കെയര്‍ ചാവക്കാട്, നവോധന്‍ നാരങ്ങാടി എന്നീ ആംബുലന്‍സുകളും ചാവക്കാട് പോലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ട്രാവലറില്‍ ഇടിച്ച് തകര്‍ന്ന കാറിനുള്ളില്‍പ്പെട്ടവരെ കാര്‍ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്. മരിച്ച ഷാഫിയാണ് കാര്‍ ഓടിച്ചിരുന്നത്.

ചാവക്കാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. ജി. സുരേഷ്, എസ്.ഐ. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ ചാവക്കാട് താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്നലെ വൈകിട്ട് കോട്ടക്കല്‍ കുറ്റിപ്പുറം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. സാരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സൗദിഅറേബ്യയില്‍ ജോലിചെയ്യുന്ന ജംഷീര്‍, യു.എ.ഇ യി ലുള്ള മുഹമ്മദ് റാഫി എന്നിവര്‍ അബ്ദുല്‍ റഹിമാന്റെ മറ്റു മക്കളാണ്. പിതാവിന്റെയും സഹോദരന്റെയും മരണവിവരമറിഞ്ഞ ഇവര്‍ നാട്ടിലേക്കു തിരിച്ചു.












Click it and Unblock the Notifications