നിലമ്പൂര്‍ രാധ വധം; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
മഞ്ചേരി: നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസില്‍ വെച്ച് തൂപ്പുകാരിയായ രാധയെ കൊലപ്പെടുത്തിയകേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരനും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്റ്റാഫംഗവുമായിരുന്ന ബിജു, ഷംസുദ്ദീന്‍ എന്നിവരാണ് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലപാതകം, മാനഭംഗം, തെളിവു നശിപ്പിക്കല്‍, മൃതദേഹത്തിലെ ആഭരണങ്ങള്‍ മോഷ്ടിക്കല്‍ എന്നിവ സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി വിലയിരുത്തി. ഇവര്‍ക്കുള്ള ശിക്ഷ ഫിബ്രുവരി 12ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശശികുമാര്‍ വിധിക്കും.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമാണ് രാധ കൊലക്കേസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് രാധയെ കാണാതായത്. ഫിബ്രുവരി 10ന് മൃതദേഹം സമീപത്തുള്ള കുളത്തില്‍ നിന്ന് കണ്ടെടുത്തു. പ്രതി ബജുവുമായുള്ള അവിഹിത ബന്ധവും പണമിടപാടുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്.
രാധയെ കൊലപ്പെടുത്തും മുന്‍പ് പീഡിപ്പിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് രാധയെ കൊലപ്പെടുത്തിയശേഷം ഇരുവരും മൃതദേഹം കുളത്തില്‍ കൊണ്ടിടുകയായിരുന്നു. ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ അടുത്ത സുഹൃത്തുകൂടിയാണ് പ്രതിയായ ബിജു. കേസില്‍ 108 സാക്ഷിമൊഴികളാണ് പരിഗണിച്ചത്. 265 രേഖകളും 64 തെളിവുകളും ഹാജരാക്കിയതായി പ്രോസിക്യുഷന്‍ അറിയിച്ചു.












Click it and Unblock the Notifications