'കാമുകന്‍ അകലുകയാണെന്ന തോന്നല്‍, ഭാര്യയെ കൊല്ലാന്‍ പദ്ധതി'; അനുഷ വന്നത് ആസൂത്രണത്തോടെ
പത്തനംതിട്ട : ആശുപത്രിയില്‍ വച്ച് നഴ്‌സിന്റെ വേഷത്തില്‍ കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി അനുഷയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കുത്തിവയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ച്, ഗ്ലൗസ് എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങിയ കടയില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
കായംകുളം പുല്ലുക്കുളങ്ങര സ്വദേശി സ്‌നേഹയെയാണ് അനുഷ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന്റെ സുഹൃത്താണ് യുവതി. അരുണുമായി വര്‍ഷങ്ങളുടെ അടുപ്പമാണ് അനുഷയ്ക്കുള്ളത്. അരുണ്‍ തന്നില്‍ നിന്ന് അകലുകയാണെന്ന തോന്നല്‍ വന്നതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അനുഷ പൊലീസിനോട് പറഞ്ഞു. ആദ്യ വിവാഹം വേര്‍പെടുത്തിയ ശേഷം രണ്ടാമതൊരു വിവാഹം കഴിച്ച അനുഷയുടെ ഭര്‍ത്താവ് ഇപ്പോള്‍ വിദേശത്താണ്.

രണ്ടാം വിവാഹം കഴിഞ്ഞപ്പോഴും അനുഷ അരുണുമായുള്ള ബന്ധം തുടര്‍ന്നിരുന്നു. നിരന്തരം ഫോണിലും നേരിട്ടും ഇവരുടെ ബന്ധം തുടര്‍ന്നു. ഇവരുടെ വാട്‌സാപ്പ് ചാറ്റുകള്‍ പൊലീസ് പരിശോധിച്ചിട്ടുണ്ട്. കോളേജ് പഠനകാലം മുതല്‍ രണ്ട് പേരും അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ആദ്യ വിവാഹം വേര്‍പെടുത്തിയപ്പോള്‍ അരുണുമായി ജീവിക്കാന്‍ അനുഷ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇത് നടന്നില്ല.
പ്രസവത്തിന് ഒരാഴ്ച മുമ്പാണ് സ്‌നേഹയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ ഡിസ്ചാര്‍ജായിരുന്നു. ഈ സമയത്ത് റൂമില്‍ ഇരിക്കുമ്പോഴാണ് അനുഷ നഴ്‌സിന്റെ വേഷം ധരിച്ച് ആശുപത്രിയില്‍ എത്തിയത്. രക്തധമനികളുടെ അമിത വികാസത്തിലൂടെയുണ്ടാകുന്ന എയര്‍ എമ്പോളിസത്തെ കുറിച്ച് അനുഷയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നാണ് പൊലീസ് നിഗമനം. ഇതുവഴി ശ്വാസകോശം അമിതമായി വികസിക്കുകയും ഹൃദയാഘാതം സംഭവിക്കാനും സാധ്യതയുണ്ട്. ഇക്കാര്യം അനുഷയ്ക്ക് അറിയാമായിരുന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് സംഭവം. സംശയം തോന്നിയ സ്‌നേഹയ്‌ക്കൊപ്പമുളള മാതാവ് ഒച്ചവച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാരെത്തി അനുഷയെ തടഞ്ഞുവച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പുളിക്കീഴ് സി ഐ ഇ.അജീബ്, എ എസ് ഐ സതീഷ് കുമാര്‍, പ്രാബോധ ചന്ദ്രന്‍, സദാശിവന്‍, മനോജ്, മിത്ര വി മുരളി, ജോയ്സ് തോമസ് എന്നിവര്‍ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications