'കുറ്റാരോപിതരെ മാറ്റി നിർത്തണം, സ്ത്രീകളുടെ അവസരങ്ങൾ നിഷേധിക്കരുത്';എകെസിഎംഎച്ചിനെതിരെ ഡബ്ല്യുസിസി
മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും ഹെയർ സ്റ്റൈലിസ്റ്റുകളുടെയും യൂണിയനായ എകെസിഎംഎച്ചിനെതിരെ ഡബ്ല്യുസിസി. സിനിമയിലെ തൊഴിൽ വിവേചനവും സംഘടനാംഘങ്ങളിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമവും വനിത അംഗങ്ങൾ യൂണിയന് മുൻപിൽ തുറന്ന് കാട്ടിയിട്ടും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും പരാതി ഉയർത്തിയ ആളുകളെ പിരിച്ചുവിടുകയാണ് ചെയ്തതെന്നും ഡബ്ല്യുസുസി ആരോപിച്ചു. സംഘടനയുടെ ജോയിൻ സെക്രട്ടറിയായ ബി.കെ സുബ്രഹ്മണ്യൻ പോക്സോ കേസിൽ ഒളിവിൽ പോയിട്ടും യൂണിയന് യാതൊരു 'അപകീർത്തി' പ്രശ്നങ്ങളും തോന്നുന്നില്ല എന്നത് ഇവിടെ നിലനിൽക്കുന്ന സ്ത്രീ സൗഹാർദ്ദപരമല്ലാത്ത തൊഴിൽ സാഹചര്യത്തിൻ്റെ ഉത്തമ ഉദാഹരണമാണെന്നും സംഘടന ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം-''ഹേമ കമ്മറ്റി റിപ്പോട്ട് പുറത്തുവന്നശേഷം ഓൾ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും ഹെയർ സ്റ്റൈലിസ്റ്റുകളുടെയും യൂണിയനിലെ (A K C M H Union) അംഗങ്ങളായ ചില സ്ത്രീകൾ സിനിമാ തൊഴിലിടത്ത് തങ്ങൾ അനുഭവിക്കുന്ന തൊഴിൽ വിവേചനവും, പുരുഷ സഹ പ്രവർത്തകരിൽ നിന്ന് അവർക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമവും, അവ യൂണിയനു മുമ്പാകെ റിപ്പോർട്ട് ചെയ്തപ്പോൾ കമ്മിറ്റി അംഗങ്ങളിൽ നിന്ന് ഉണ്ടായ അന്യായമായ പെരുമാറ്റവും എല്ലാം മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നു പറയുകയുണ്ടായി. ഈ പ്രശ്നങ്ങൾ പരിശോധിയ്ക്കാനോ പരിഹരിയ്ക്കാനോ ശ്രമിക്കാതെ 2024 നവംബർ 13-ന്, ഓൾ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റുകളുടെയും ഹെയർ സ്റ്റൈലിസ്റ്റുകളുടെയും യൂണിയൻ, (A K C M H Union) ഇവർക്ക് പിരിച്ചു വിടാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകുകയുണ്ടായി.

യൂണിയനെയും അതിലെ അംഗങ്ങളേയും ഈ സ്ത്രീകൾ അപകീർത്തിപ്പെടുത്തുന്നു എന്നും അതിന് ഏഴ് ദിവസത്തിന് ശേഷം ന്യായമായ മറുപടി തന്നില്ലെങ്കിൽ മെമ്പർഷിപ്പ് ക്യാൻസൽ ചെയ്യുമെന്നും പറഞ്ഞു കൊണ്ടായിരുന്നു കാരണം കാണിക്കൽ നോട്ടീസ്. രണ്ട് സ്ത്രീകൾക്ക് മാത്രമാണ് മേക്കപ്പ് ആർട്ടിസ്റ്റായി ഇന്ന് വരെ യൂണിയൻ കാർഡ് നൽകിയിട്ടുള്ളത് എന്നു കൂടി ഈ സമയത്ത് ഓർക്കേണ്ടതാണ്. ഏറെ ശ്രമങ്ങൾക്കു ശേഷം പ്രസ്തുത കാർഡ് ലഭിച്ച ഒരാളെയാണ് ഇതേ തുടർന്ന് പുറത്താക്കിയത്.
സ്ത്രീകൾക്കു നേരെ തെറ്റ് ചെയ്യുന്ന, കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തികളെ യൂണിയൻ അംഗത്വത്തിൽ നിന്ന് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ഒരു കർമപദ്ധതി "പ്ലാൻ ഓഫ് ആക്ഷൻ " ഫെഫ്ക ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം പുറത്തിറക്കിയിരുന്നു. എന്നാൽ യൂണിയനിലെ ഈ സ്ത്രീകൾ നൽകിയ കേസുകളിൽ പ്രതികളായവർ സിനിമാമേഖലയിൽ ജോലി ചെയ്യുന്നതുൾപ്പെടെ, മുഴുവൻ പദവികളും ആസ്വദിച്ച് മുന്നോട്ടു പോവുകയാണ്. ഈ പെൺകുട്ടികൾക്ക് ആവട്ടെ ജോലി ചെയ്യാനോ നീതി തേടാനോ ഉള്ള അവസരം നിഷേധിക്കപ്പെടുകയും ചെയ്യുന്നു. വലിയ തുക നൽകി ലഭിച്ച യൂണിയൻ മെമ്പർഷിപ്പ് നഷ്ടമാകുന്നതോടെ സിനിമാരംഗത്തെ തൊഴിൽ സാധ്യതകളും പൂർണ്ണമായും ഇവർക്ക് ഇല്ലാതാവുന്നു. ഫെഫ്കയിലെ ഉന്നത നേതാക്കൻമാർക്ക് ഈ വിഷയങ്ങൾ ഉന്നയിച്ച് ഇവരിൽ ചിലർ പരാതി നൽകിയെങ്കിലും മറുപടി ഒന്നും ഇതു വരെ നൽകിയിട്ടില്ല.
ഇതിനിടക്കാണ് ഇതേ A K C M Hയൂണിയൻ്റെ സംസ്ഥാന കമ്മിറ്റി അംഗവും ജോയിൻ സെക്രട്ടറിയുമായ ബി.കെ സുബ്രഹ്മണ്യൻ നാലുവയസ്സുകാരിയെ പീഢിപ്പിച്ച കേസിൽ ഒളിവിൽ പോയിരിക്കുന്നത്. പോലീസ് പോസ്കോ വകുപ്പുകൾ ചുമത്തി കേസെടുത്ത ഈ വ്യക്തി ഇപ്പോഴും സംഘടനയുടെ ഭാരവാഹിയായി തുടരുന്നതിൽ യൂണിയന് യാതൊരു 'അപകീർത്തി' പ്രശ്നങ്ങളും തോന്നുന്നില്ല എന്നത് ഇവിടെ നിലനിൽക്കുന്ന സ്ത്രീ സൗഹാർദ്ദപരമല്ലാത്ത തൊഴിൽ സാഹചര്യത്തിൻ്റെ ഉത്തമ ഉദാഹരണമാണ്. യൂണിയൻ തെറ്റ് തിരുത്തണം, തൊഴിൽ ചെയ്യാനുള്ള ഈ സ്ത്രീകളുടെ അവസരം നിഷേധിക്കരുത്. കുറ്റാരോപിതരെ മാറ്റി നിർത്തി യൂണിയൻ സ്ത്രീ സൗഹാർദ്ദപരമാക്കണം', ഡബ്ല്യുസിസി പോസ്റ്റിൽ പറഞ്ഞു.












Click it and Unblock the Notifications