'നേട്ടത്തിന് ശിക്ഷ, ഇത് ലോകത്തു മറ്റൊരിടത്തും കാണാന്‍ കഴിയാത്ത പ്രതിഭാസം'; തുറന്നടിച്ച് മുഖ്യമന്ത്രി
ഡൽഹി: കേന്ദ്രസർക്കാരിനെതിരായ സമര പോരാട്ടത്തിൽ കേരളത്തിനൊപ്പം അണിനിരന്ന് പഞ്ചാബും ഡൽഹിയും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുമാണ് സമരത്തിന് എത്തിയത്. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. സംസ്ഥാനങ്ങളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വര്‍ഷത്തിലേറെയായി നിരന്തരം എല്ലാ വഴിക്കും ശ്രമിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ലാത്തതിനാലാണ് ഇത്തരമൊരു സമരത്തിന് മുതിർന്നതെന്നും ഡൽഹിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി..
'കേരളത്തെ സംബന്ധിച്ചിടത്തോളം മൂന്ന് തരത്തിലുള്ള കുറവുകളാണ് ഉണ്ടാകുന്നത്. ഒന്നാമത്തേത്, രാജ്യത്തിന്റെ ആകെ വരുമാനത്തില്‍ സംസ്ഥാനത്തിനുള്ള ഓഹരി തുടര്‍ച്ചയായി പരിമിതപ്പെടുത്തുന്നതു കൊണ്ട് ഉണ്ടാകുന്ന കുറവാണ്. യൂണിയന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത്. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അവയില്‍ ഉള്‍പ്പെടുത്താറില്ല. ഓരോ ധനക്കമ്മീഷനും കഴിയുമ്പോള്‍ കേരളത്തിലെ നികുതി കുത്തനെ ഇടിയുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ പല മേഖലകളില്‍ കേരളം കൈവരിക്കുന്ന വലിയ നേട്ടങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പലപ്പോഴും കുറവു വരുത്തലിനെ ന്യായീകരിക്കുന്നത്.

ജനസംഖ്യാ നിയന്ത്രണത്തില്‍ നേട്ടം കൈവരിച്ച സംസ്ഥാനത്തിന് ആ നേട്ടം തന്നെ ശിക്ഷയാകുന്നു. നേട്ടത്തിന്റെ പേരില്‍ വിഹിതം കുറയ്ക്കുന്നു. നേട്ടങ്ങള്‍ പരിരക്ഷിക്കണമെങ്കില്‍ പണം വേണ്ടേ? പുതുതലമുറ പ്രശ്‌നങ്ങളെ നേരിടണമെങ്കില്‍ അതിനു പണം വേണ്ടേ? അത് തരുന്നില്ല. നേട്ടത്തിനു ശിക്ഷ, ഇത് ലോകത്തു മറ്റൊരിടത്തും കാണാന്‍ കഴിയാത്ത പ്രതിഭാസമാണ്.
രണ്ടാമത്തേത്, കേരളത്തിന് യൂണിയനില്‍ നിന്നു വിവിധ ഇനങ്ങളില്‍ ലഭിക്കേണ്ട തുകകള്‍ വൈകിക്കുന്നതു മൂലമുണ്ടാകുന്ന കുറവാണ്. ഇന്നത്തെ നിലയ്ക്ക് യൂണിയനില്‍ നിന്നു കേരളത്തിനു ലഭിക്കാനുള്ള തുകകള്‍ ഇപ്രകാരമാണ്. യു ജി സി ശമ്പള പരിഷ്‌ക്കരണം - 750 കോടി രൂപ. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസന ഗ്രാന്റ് - 1,921 കോടി രൂപ. നെല്ല് സംഭരണം ഉള്‍പ്പെടെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടത് - 1,100 കോടി രൂപ. വിവിധ ദുരിതാശ്വാസങ്ങള്‍ക്കുള്ളത് - 139 കോടി രൂപ. സ്റ്റേറ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ ഫണ്ട് - 69 കോടി രൂപ. ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌പെഷ്യല്‍ അസിസ്റ്റന്‍സ് (കാപെക്‌സ്) - 3,000 കോടി രൂപ. ആകെ 7,490 കോടി രൂപ. ഫണ്ട് ട്രാന്‍സ്ഫറുകളുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളും ഇത്തരത്തില്‍ സമാനമായ പ്രതിസന്ധി നേരിടുന്നുണ്ട്.

മൂന്നാമത്തേത്, ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് വായ്പ എടുക്കല്‍ പരിമിതപ്പെടുത്തുന്നതു കൊണ്ടുണ്ടാകുന്ന കുറവാണ്. കിഫ്ബിയും കെ എസ് എസ് പി എല്ലും രൂപീകരിക്കപ്പെട്ടത് സംസ്ഥാനത്തിന്റെ വികസന - ക്ഷേമ ഇടപെടലുകള്‍ കാര്യക്ഷമമാക്കാനാണ്. ബജറ്റിന് പുറത്തുള്ളതാണ് ഈ സ്ഥാപനങ്ങൾ എടുക്കുന്ന കടങ്ങള്‍. എന്നാല്‍ അവയെ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമായി കണക്കാക്കുകയാണ്. ഇതിന് മുന്‍കാല പ്രാബല്യം വരുത്തിക്കൊണ്ട് 2016-17 മുതല്‍ 2023-24 വരെയുള്ള ഏഴ് സാമ്പത്തിക വര്‍ഷങ്ങളില്‍ 1,07,513 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായിരിക്കുന്നത്.

ഒട്ടുമിക്ക മേഖലകളിലും കേരളം മികച്ച പ്രകടനം കാഴ്ചവെക്കുന്നതു കൊണ്ടാണ് കേരളത്തിനെതിരെ ഇത്തരമൊരു സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യൂണിയന്‍ സര്‍ക്കാര്‍ പിന്തുടരുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ കേരളം പിന്തുടരാത്തതു കൊണ്ടാണ് കേരളത്തെ ഇത്തരത്തില്‍ അവഗണിക്കുന്നത് എന്നാണ് ബഹുജനങ്ങൾ കണക്കാക്കുന്നത്. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സമീപനമാണ് ഇത്.
സംസ്ഥാനത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞ, ജനങ്ങളാല്‍ തിരസ്‌ക്കരിക്കപ്പെട്ട നയങ്ങളെത്തന്നെ സംസ്ഥാനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍. സംസ്ഥാനങ്ങളില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് യൂണിയന്‍ സര്‍ക്കാര്‍. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ഒട്ടും അംഗീകരിക്കാന്‍ കഴിയുകയില്ല. കാരണം, അവര്‍ പിന്തുടരുന്ന രാഷ്ട്രീയ - സാമ്പത്തിക നയങ്ങളിൽ ഞങ്ങള്‍ക്ക് യോജിപ്പില്ല. ഞങ്ങള്‍ വിശ്വസിക്കുന്നതും ജനങ്ങള്‍ ജനാധിപത്യ വിധിയിലൂടെ അംഗീകരിച്ചതുമായ നയങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലായെങ്കില്‍ അത് ജനാധിപത്യത്തെ തന്നെ കശാപ്പുചെയ്യലാണ്. ഭരണഘടനാധ്വംസനവുമാണത്.

കേന്ദ്രത്തിന്റെ സംസ്ഥാനവിരുദ്ധമായ നടപടികളുടെ തുടര്‍ പരമ്പര ഉണ്ടായത് ഏത് ഘട്ടത്തിലാണെന്നതു കൂടി ഓര്‍ക്കണം. അഭൂതപൂര്‍വ്വമായ ഒരു പ്രളയം, നിപ്പ, കോവിഡ് തുടങ്ങിയ മഹാമാരികള്‍ എന്നിവയൊക്കെ കൊണ്ട് കേരളം വല്ലാതെ ദുരന്തത്തിലായ ഒരു ഘട്ടം. വല്ല വിധേനയും അതില്‍ നിന്നു കരകയറി ഒന്നു പച്ചപിടിക്കാന്‍ കേരളം തീവ്രശ്രമം നടത്തുമ്പോള്‍ പ്രത്യേക സഹായത്തിലൂടെ പിന്തുണയ്ക്കുകയായിരുന്നു സാധാരണ നിലയിൽ കേന്ദ്രം ചെയ്യേണ്ടത്. എന്നാലതേ ഘട്ടത്തില്‍ തന്നെയാണ് ഈ ദ്രോഹ നടപടികളുടെ തുടര്‍ച്ച സംസ്ഥാനത്തിനെതിരെ ഉണ്ടായത്. എത്ര ക്രൂരമാണിത്. ഇതു ചൂണ്ടിക്കാട്ടുമ്പോള്‍ രാഷ്ട്രീയ പ്രേരിതം എന്നു പറയുന്നത് മനുഷ്യത്വമില്ലായ്മ അല്ലാതെ മറ്റൊന്നുമല്ല.
ഞങ്ങൾ എല്ലാ മാര്‍ഗ്ഗങ്ങളും നോക്കി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പ്രതിഷേധ സമര രംഗത്തേക്ക് എത്താൻ നിർബന്ധിതമായത്. നഷ്ടങ്ങളും വിവേചനങ്ങളും ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു കത്തയച്ചു. നേരിട്ടു പോയി സംസാരിച്ചു. സമഗ്രമായ ചിത്രം കേന്ദ്ര ധനമന്ത്രിയെ അടക്കം ധരിപ്പിച്ചു. പ്രധാനമന്ത്രിയെ അടക്കം രേഖാമൂലം ബോധ്യപ്പെടുത്തി. ഒരു വര്‍ഷത്തിലേറെയായി നിരന്തരം എല്ലാ വഴിക്കും ശ്രമിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മറ്റൊരു വഴിയുമില്ലാതെയാണ് സമര രംഗത്തേക്കു വന്നത്.












Click it and Unblock the Notifications