'അച്ചുവും ചാണ്ടി ഉമ്മനുമൊന്നും തുണ്ടം കണ്ടിച്ചിട്ടാലും ബിജെപിയിൽ പോകില്ല'; മറിയാമ്മ ഉമ്മൻ
കോട്ടയം: അനിൽ ആന്റണിയും പത്മജ വേണുഗോപാലും ബി ജെ പിയിൽ പോയത് ഏറെ വിഷമം ഉണ്ടാക്കിയെന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. എന്തൊക്ക സംഭവിച്ചാലും ഉമ്മൻചാണ്ടിയുടെ മക്കൾ ബിജെപിയിലേക്ക് പോകില്ലെന്നും അവർ പറഞ്ഞു. നെഹ്റു കുടുംബത്തോട് എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്. ചാണ്ടി ഉമ്മന് കോൺഗ്രസ് അർഹമായ പരിഗണനയെല്ലാം നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. മീഡിയ വൺ ചാനലിനോടായിരുന്നു മറിയാമ്മയുടെ പ്രതികരണം.
അച്ചുവും ചാണ്ടി ഉമ്മനുമൊക്കെ ബിജെപിയിൽ പോയേക്കുമെന്നുള്ള പ്രചരണം ഉണ്ടായിരുന്നു. ഒരിക്കലും എന്റെ മൂന്ന് മക്കളും തുണ്ടം കണ്ടിച്ചിട്ടാലും ബി ജെ പിയിൽ പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എനിക്ക് ചാണ്ടി ഉമ്മനെ പോലെ തന്നെയാണ് അനിലും. എകെ ആന്റണിയുടെ വിവാഹം ഇവിടെ വെച്ചാണ് നടന്നത്. ഗർഭിണിയായപ്പോഴും പ്രസവത്തിനുമെല്ലാം അവർ ഇവിടെ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞത് മുതൽ ആന്റണിയുമായി ബന്ധമുണ്ട്. 78 തൊട്ട് എലിസബത്ത് ആന്റണിയുമായി ബന്ധമുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് ഇപ്പോഴും എലിസബത്ത് ആന്റണി തന്നെയാണ്.

ഉമ്മൻചാണ്ടിയുടെ നാലാം ഭാര്യയാണ് ഞാൻ. ആദ്യ ഭാര്യ പുതുപ്പള്ളി, രണ്ടാം ഭാര്യ മലയാളികൾ, മൂന്നാം ഭാര്യ കോൺഗ്രസും. നെഹ്രു കുടുംബത്തെ ഞാൻ ഒരുപാട് സ്നേഹിച്ചു.ഇന്ദിരാഗാന്ധി മരിച്ചപ്പോൾ ഞാൻ ഒരുപാട് കരഞ്ഞു. രാജീവ് ഗാന്ധി മരിച്ചപ്പോൾ ഞാൻ വലിയ വായിൽ കരഞ്ഞു. ഉമ്മൻചാണ്ടി മരിച്ചപ്പോൾ ഞാൻ വലിയ വായിൽ കരഞ്ഞിട്ടില്ല. പക്ഷേ രാജീവ് ഗാന്ധി മരിച്ചപ്പോൾ വലിയ വായിൽ കരയുകയായിരുന്നു. ചാണ്ടി ഉമ്മൻ യുകെജിയിൽ പഠിക്കുമ്പോൾ രാജീവ് ഗാന്ധിക്കൊരു കാർഡ് അയച്ചിരുന്നു. അദ്ദേഹം നേരിട്ടൊരു ഈസ്റ്റർ കാർഡ് ഇങ്ങോട്ടും അയച്ചു.ചാണ്ടി ഉമ്മന് ഭയങ്കര സന്തോഷമായിരുന്നു അവന്. നെഹ്രു കുടുംബവുമായി അടുത്ത ബന്ധമാണ് അദ്ദേഹം. അവരാണല്ലോ രാജ്യത്തിന്റെ ശിൽപി.
അനിലും പത്മജയും ബിജെപിയിലേക്ക് പോയത് ഒരുപാട് വേദനിപ്പിച്ചു. പ്രത്യേകിച്ച് അനിൽ പോയപ്പോൾ. എന്നുവെച്ച് അവരോട് വിരോധമൊന്നുമില്ല. കോൺഗ്രസ് നേതൃത്വം വളരെ നന്നായാണ് ചാണ്ടി ഉമ്മനോട് സഹകരിക്കുന്നത്. നല്ല താത്പര്യത്തോടെ തന്നെയാണ് പെരുമാറുന്നത്. ഞാൻ പ്രചരണത്തിന് ഇറങ്ങും. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് അധികം യാത്ര ചെയ്യാനാകില്ല.












Click it and Unblock the Notifications