അഖിലയ്ക്കെതിരായ നടപടി: അടിമപ്പണിയുടെ കാലമൊക്കെ കഴിഞ്ഞൂ പിണറായി; രമേശ് ചെന്നിത്തല
കെ എസ് ആര്‍ ടി സി ജീവനക്കാരി അഖിലയ്ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല എം എല്‍ എ. സ്ത്രീ സുരക്ഷയെ പറ്റി വാനോളം വാചകമടിക്കുന്നവരുടെ ഭരണത്തിൽ എടുത്ത ജോലിക്ക് കൂലി ചോദിക്കാൻ പാടില്ല എന്ന സ്ഥിതിയാണ് എങ്കിൽ ജന്മികുടിയാൻ വ്യവസ്ഥയുടെ ഗന്ധമാണ് സർക്കാരിൽ നിന്നും പുറത്തു വരുന്നതെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ
പുരോഗമന ആശയങ്ങൾ വാമൊഴി മാത്രമാക്കിയ സർക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും ചെയ്തികൾ എല്ലാം പഴഞ്ചനാണ് , അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെ ശബ്ദം ഇപ്പോൾ ഭരിക്കുന്ന പാർട്ടിക്ക് അരോചകമായതിന്റെ തെളിവാണ് കെ.എസ്.ആർ.സി ജീവനക്കാരി അഖില നേരിടുന്ന അച്ചടക്ക നടപടി.

നമ്മുടെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശബളവും പെൻഷനും കൃത്യമായി വിതരണം ചെയ്ത UDF സർക്കാരിന്റെ കാലഘട്ടം ജീവനക്കാർ മറക്കാനിടയില്ല. സ്ത്രീ സുരക്ഷയെ പറ്റി വാനോളം വാചകമടിക്കുന്നവരുടെ ഭരണത്തിൽ എടുത്ത ജോലിക്ക് കൂലി ചോദിക്കാൻ പാടില്ല എന്ന സ്ഥിതിയാണ് എങ്കിൽ ജന്മികുടിയാൻ വ്യവസ്ഥയുടെ ഗന്ധമാണ് സർക്കാരിൽ നിന്നും പുറത്തു വരുന്നത്.
ജോലിക്ക് കൂലി ഭക്ഷണം എന്ന ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി രാജ്യത്ത് നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധിയുടെ ദീർഘവീക്ഷണം സ്മരിക്കപ്പെടേണ്ട നിമിഷം കൂടിയാണിത്. 41 ദിവസം വേതനമില്ലാതെ ജോലി ചെയ്ത ഒരു വനിതാ ജീവനക്കാരി തന്റെ കഷ്ടതയും വേദനകളും പ്രയാസങ്ങളും ഉള്ളിലൊഴുക്കി ഏറ്റെടുത്ത കർത്തവ്യത്തിൽ തരിമ്പും വീഴ്ച വരുത്താതെ, നിവൃത്തിയില്ലാതെ പ്രതികരിച്ചത് വലിയ അപരാധമായി കാണുന്നവർ കൊട്ടിയടച്ചത് അനീതിക്കെതിരെ ഉയർന്നസ്ത്രീ ശബ്ദത്തെയാണ്.
വിശപ്പിന്റെ വിളി കേൾക്കാത്ത ഭരണകൂടത്തിനെതിരെ കേരളത്തിന്റെ സ്ത്രീ പക്ഷ ശബ്ദമായി മാറുകയാണ് അഖില, അഖിലയെ സ്ഥലം മാറ്റിയ നടപടി സ്ത്രീത്വത്തിനു നേരെയുള്ള വെല്ലു വിളിയാണ്. അദ്ധ്യാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ വിയർപ്പിന്റെ വിലയറിയാത്ത സി.പി.എം ഭരണകൂടത്തിനെതിരെ ജനവികാരം അലയടിക്കുകയാണ് കേരളമെമ്പാടും...












Click it and Unblock the Notifications