ആര്യ രാജേന്ദ്രനെതിരെ നടപടി; കോടതിയില്‍ ഹാജരാകണം, ഭര്‍ത്താവ് സച്ചിന്‍ ദേവിനും നോട്ടീസ്
തിരുവനനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും ബാലുശേരി എംഎല്‍എയുമായ സച്ചിന്‍ ദേവിനും കോടതി നോട്ടീസ്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായിരുന്ന യദു നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നടപടി. അടുത്ത മാസം 21ന് ഇവര്‍ കോടതിയില്‍ ഹാജരാകണം. ആര്യയുടെ സഹോദരന്റെ ഭാര്യയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന സംഭവമാണ് പരാതിക്ക് ആധാരം. കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കാര്‍ നിര്‍ത്തി ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയുമെല്ലാം ഡ്രൈവറായ യദുവിനെ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. ബസ് ഡ്രൈവറുടെ മോശം രീതി ചോദ്യം ചെയ്യുകയാണ് എന്നാണ് അന്ന് ആര്യ പറഞ്ഞിരുന്നത്. യദുവിന്റെ പരാതിയില്‍ കാര്യമായ അന്വേഷണം നടന്നില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

സംഭവം വിവാദമായതോടെ താല്‍ക്കാലിക ജീവനക്കാരനായ യദുവിന് ജോലി നഷ്ടമായി. ബസ് തടഞ്ഞ് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി വേണം എന്ന് യദു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചപ്പോഴാണ് കേസെടുത്തത്. എന്നാല്‍ കുറ്റപത്രത്തില്‍ ആര്യയുടെ സഹോദരന്‍ അരവിന്ദ് മാത്രമായിരുന്നു പ്രതി.
കുറ്റപത്രം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. നാലു പേരാണ് ബസ് തടഞ്ഞത്. എന്നാല്‍ ഒരാള്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. നാലു പേര്‍ക്കെതിരെയും കേസെടുക്കണം എന്നാണ് യദുവിന്റെ ആവശ്യം. മാത്രമല്ല, ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് നശിപ്പിച്ച കണ്ടക്ടര്‍ സുബിനെ കേസില്‍ പ്രതിയാക്കണം എന്നും യദു ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 21ന് ഹാജരാകണം
കേസില്‍ തുടക്കം മുതല്‍ മെല്ലെപ്പോക്കുണ്ട്. മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. കേസില്‍ എല്ലാവരെയും പ്രതിയാക്കിയിട്ടില്ല... തുടങ്ങിയ കാര്യങ്ങളെല്ലാം യദു കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ ദേവ്, സഹോദരന്റെ ഭാര്യ ആര്യ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ജനുവരി 21നാണ് മൂന്ന് പേരും കോടതിയില്‍ ഹാജരാകേണ്ടത്. നേരിട്ട് ഹാജരാകുന്നതിന് തടസമുണ്ടെങ്കില്‍ അഭിഭാഷകന്‍ മുഖേന മറുപടി അറിയിക്കണം എന്നും കോടതി നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2024 ഏപ്രില്‍ 21ന് തിരുവനന്തപുരം പാളയത്താണ് കേസിന് ആസ്പദമായ സംഭവം. ബസിന് കുറുകെ കാര്‍ നിര്‍ത്തി ഡ്രൈവറെ ആക്രമിച്ചു എന്നാണ് യദുവിന്റെ ആരോപണം.
സച്ചിന്‍ ദേവ് എംഎല്‍എ ബസിന് അകത്ത് കയറി ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് യദു പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവി മെമ്മറി കാര്‍ഡില്‍ ലഭ്യമാകും. എന്നാല്‍ ഇത് കണ്ടെത്തുന്നതിന് പോലീസ് തയ്യാറായിട്ടില്ല. മെമ്മറി കാര്‍ഡ് നശിപ്പിച്ച കണ്ടക്ടര്‍ സുബിനെയും കേസില്‍ പ്രതിയാക്കണം എന്ന് യദു ആവശ്യപ്പെട്ടു.












Click it and Unblock the Notifications