മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച സംഭവം; അമാനവ സംഗമം സംഘാടകൻ രജീഷ് പോൾ അറസ്റ്റിൽ
പാലക്കാട്: മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പീഡിപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രജീഷ് പോൾ അറസ്റ്റിൽ. പരിയാരം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ശ്രീകണ്ഠാപുരം ഏരുവേശ്ശി സ്വദേശിയായ രജീഷ് പോള്‍ തന്നെ പ്രായപൂർത്തിയാകും മുമ്പ് പീഡിപ്പിച്ചിരുന്നെവെന്ന് പെൺകുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഒരു അവധിക്കാലത്താണ് രജീഷ് തന്നെ പീഡിപ്പിച്ചതെന്നും നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പെൺകുട്ടി ആരോപിച്ചിരുന്നു. പെൺകുട്ടിക്ക് പതിനാറ് വയസുള്ളപ്പോഴായിരുന്നു പീഡനം. പോക്സോ നിയമ പ്രകാരമാണ് കേസെടുത്തിരുന്നത്.

മാവോയിസ്റ്റ് ബന്ധത്തെതുടർന്ന് ജയിലിൽ കഴിയുന്ന ദമ്പതികളുടെ മകളാണ് കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന രജീഷിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നത്. 2012 ആഗസ്റ്റ് മുതൽ 2013 വരെയുള്ള കാലയളവിൽ രജീഷ് തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി വെളിപ്പെടുത്തൽ നടത്തിയത്.
പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രജീഷ് പോളിനെതിരെ കേസെടുത്തിരുന്നു. തുടർന്ന് രജീഷ് ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയിരുന്നു. പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചു.












Click it and Unblock the Notifications