അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; രഹ്ന ഫാത്തിമയ്‌ക്കെതിരായ തുടര്‍നടപടി നിര്‍ത്തിവെച്ച് പൊലീസ്
പത്തനംതിട്ട: ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരായ കേസില്‍ തുടര്‍നടപടി നിര്‍ത്തിവെക്കുകയാണ് എന്ന് പത്തനംതിട്ട പൊലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ രഹ്ന ഫാത്തിമയ്‌ക്കെതിരെ എടുത്ത കേസിലെ തുടര്‍ നടപടിയാണ് പൊലീസ് നിര്‍ത്തിവെച്ചത്. 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭ്യമായില്ല എന്നതാണ് കാരണമായി പൊലീസ് പറയുന്നത്.
മെറ്റയില്‍ നിന്ന് വിവരങ്ങള്‍ കിട്ടിയാല്‍ കേസില്‍ തുടര്‍നടപടി ഉണ്ടാകും എന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി നേതാവ് രാധാകൃഷ്ണ മോനോന്‍ ആണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പരാതി നല്‍കിയത്. ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹ്ന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം.

മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹ്ന ഫാത്തിമ ചിത്രം പങ്ക് വെച്ചത് എന്നായിരുന്നു രാധാകൃഷ്ണ മേനോന്‍ പരാതിയില്‍ പറഞ്ഞിരുന്നത്. ശബരിമലയിലെ അയ്യപ്പ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ശ്രമിച്ചതിന് എറണാകുളം സ്വദേശിനിയായ രഹന ഫാത്തിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മോഡലും നടിയുമായ രഹന ക്ഷേത്രത്തിന് മുന്നിലുള്ള നടപ്പന്തലില്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങേണ്ടി വരികയായിരുന്നു.
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന കേസില്‍ രഹ്നയെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കുകയാണ് എന്ന് കാര്യം പരാതിക്കാരനായ രാധാകൃഷ്ണ മേനോനെ പൊലീസ് അറിയിച്ചിട്ടുണ്ട്. കേസ് സംബന്ധിച്ച വിശദാംശങ്ങളും റിപ്പോര്‍ട്ടും മജിസ്‌ട്രേറ്റ് കോടതിയിലും പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പലതവണ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ് രഹ്‌ന ഫാത്തിമ. സുപ്രീംകോടതിയില്‍ വരെ ഇത് സംബന്ധിച്ച നിയമപോരാട്ടം നീണ്ടിരുന്നു. നേരത്തെയും വിവാദങ്ങളില്‍പ്പെട്ട ആളാണ് രഹ്ന ഫാത്തിമ. കുക്കറി ഷോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലും രഹ്നയ്‌ക്കെതിരെ കേസെടുത്തിരുന്നു. യൂട്യൂബ് ചാനലില്‍ ബീഫ് ഫ്രൈ തയ്യാറാക്കുന്ന വീഡിയോയില്‍ 'ഗോമാതാ ഫ്രൈ' എന്ന് പരാമര്‍ശിച്ചതിനെതിരെ നല്‍കിയ പരാതിയിലായിരുന്നു ഈ കേസ്.
തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും അഭിപ്രായം പറയുന്നതിന് ഹൈക്കോടതി രഹ്ന ഫാത്തിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ പാചക പരിപാടി അവതരിപ്പിച്ചെന്ന് കാണിച്ച് എറണാകുലം സ്വദേശിയായ അഭിഭാഷകന്‍ രജീഷ് രാമചന്ദ്രനായിരുന്നു പ്രസ്തുത പരാതി നല്‍കിയിരുന്നത്. സ്വന്തം ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി പെയിന്റിങ് നടത്തിച്ച് അതിന്റെ വീഡിയോ പ്രചരിപ്പിച്ചു എന്ന സംഭവത്തിലും രഹ്ന ഫാത്തിമയ്ക്കെതിരെ കേസ് എടുത്തിരുന്നു.












Click it and Unblock the Notifications