നടൻ അനിൽ നെടുമങ്ങാട് ഡാമിൽ മുങ്ങി മരിച്ചു, കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെട്ട് ദാരുണാന്ത്യം
തൊടുപുഴ: പ്രശസ്ത നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴയിലെ മലങ്കര ഡാമിൽ ആണ് മുങ്ങി മരിച്ചത്. ഡാമിൽ കുളിക്കാനിറങ്ങിയ നടൻ കയത്തിൽപ്പെടുകയായിരുന്നു. 47 വയസ്സായിരുന്നു. സമീപകാലത്ത് അടക്കം മലയാളത്തിൽ നിരവധി സിനിമകളിൽ അനിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ വില്ലൻ വേഷവും അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പോലീസ് വേഷവും അനിലിന് വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തിരുന്നു. ഞാൻ സ്റ്റീവ് ലോപ്പസ്, പൊറിഞ്ചു മറിയം ജോസ്, ആമി, പാവാട, ആഭാസം, കിസ്മത് അടക്കമുളള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
തൊടുപുഴയിൽ ജോജു ജോർജ് നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തിയതായിരുന്നു അനിൽ നെടുമങ്ങാട്. സിനിമാ ചിത്രീകരണത്തിനിടയിലുളള ഇടവേളയിൽ ലൊക്കേഷന് സമീപത്തുളള ഡാമിൽ അനിലും സുഹൃത്തുക്കളും അടക്കമുളളവർ കുളിക്കാൻ ഇറങ്ങിയിരുന്നു. മറ്റുളളവർ കരയ്ക്ക് കയറിയെങ്കിലും അനിൽ കയത്തിൽപ്പെട്ട് തിരിച്ച് കയറാനാകാതെ മുങ്ങിപ്പോവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

അനിലിനെ കാണാത്തതിനെ തുടർന്ന് സിനിമാ പ്രവർത്തകർ നടത്തിയ തിരച്ചിലിനൊടുവിൽ ഡാമിൽ നിന്നും അനിലിനെ കണ്ടെടുക്കുകയായിരുന്നു. തൊടുപുഴയിലെ ആശുപത്രിയിലേക്ക് ഉടനെ തന്നെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ 20 വർഷത്തോളമായി സിനിമാ രംഗത്ത് സജീവമാണ് അനിൽ. നാടകപ്രവർത്തനങ്ങളിലൂടെയും പിന്നീട് ടെലിവിഷനിലെ ഹാസ്യപരിപാടികളിലൂടെയാണ് അനിൽ സിനിമാ രംഗത്തേക്ക് എത്തുന്നത്.
തുടക്കത്തിൽ ഹാസ്യകഥാപാത്രങ്ങളിലൂടെ പേരെടുത്ത അനിൽ പിന്നീട് ക്യാരക്ടർ വേഷങ്ങളിലൂടെയും കയ്യടി നേടി.
Recommended Video

സിനിമയിൽ സജീവമായിരിക്കേയാണ് അനിൽ നെടുമങ്ങാടിന്റെ ഈ ദാരുണാന്ത്യം. നടൻ പൃഥ്വിരാജ്, മമ്മൂട്ടി, അജു വർഗീസ്, ഹരീഷ് പേരടി, മാലാ പാർവ്വതി അടക്കമുളളവർ അനിലിന് ആദരാജ്ഞലി അർപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. അനിൽ സിനിമയിൽ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുവെന്നും മലയാള സിനിമ അദ്ദേഹത്തെ ഉപയോഗിക്കുന്നതിന് മുൻപ് തന്നെ ആ ദുരന്തം സംഭവിച്ചെന്നും മധുപാൽ പ്രതികരിച്ചു.












Click it and Unblock the Notifications