നടന്‍ ജോബി സർവ്വീസില്‍ നിന്നും പടിയിറങ്ങുന്നു: ഇനി അഭിനയത്തില്‍ കൂടുതല്‍ സജീവമാവും,മറ്റൊരു ലക്ഷ്യവും
തിരുവനന്തപുരം: സിനിമ-സീരിയല്‍ താരം കൂടിയായ ജോബി 24 വർഷത്തെ സർക്കാർ സർവ്വീസില്‍ നിന്നും വിരമിക്കുന്നു. നാളെയാണ് അവസാനത്തെ പ്രവർത്തി ദിവസം. ഔദ്യോഗിക സേവനത്തില്‍ നിന്നും വിരമിക്കുന്നതോടെ മുഴുവന്‍ സമയവും കലാജീവിതത്തിനായി മാറ്റിവെക്കുമെന്നാണ് ജോബി വ്യക്തമാക്കുന്നത്. ഇതിനോടകം തന്നെ നിരവധി മലയാള സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചിട്ടുള്ള ജോബിക്ക് ഗംഭീര യാത്രയയപ്പ് തന്നെ നല്‍കാനാണ് സഹപ്രവർത്തകർ ഒരുങ്ങുന്നത്.
വിരമിച്ച ശേഷം, സിനിമയിൽ സജീവമാകുന്നതിനൊപ്പം ഓട്ടിസം ഉൾപ്പെടെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്കൂൾ തുടങ്ങുകയെന്നതാണ് ജോബിയുടെ പ്രധാന ലക്ഷ്യം. 'എന്റെ രണ്ടു മക്കളിൽ ഇളയ ആൾക്ക് ഓട്ടിസമാണ് അവനെ പോലെയുള്ള അവസ്ഥയിലുള്ള കുട്ടികൾക്കായുള്ള സ്കൂൾ തുടങ്ങണമെന്നാണ് ആഗ്രഹം'- ജോബി പറയുന്നു. കെ എസ് എഫ് ഇ ജീവിതം വളരെ സന്തോഷം നൽകിയിരുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു.

തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെ എസ് എഫ് ഇ അർബൻ റീജിയണൽ ഓഫീസിൽ നിന്ന് സീനിയർ മാനേജരായിട്ടാണ് ജോബി വിരമിക്കുന്നത്. സർക്കാർ സർവ്വീസില്‍ വരുന്നതിന് മുമ്പ തന്നെ സിനിമ രംഗത്ത് വന്ന വ്യക്തിയാണ് ജോബി. 1987 ല്‍ ബാലചന്ദ്രമേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അച്ചുവേട്ടന്റെ വീട് എന്ന ചിത്രത്തിലൂടെയാണ് ജോബി അഭിനയ രംഗത്തേക്ക് വരുന്നത്.
കലാരംഗത്ത് തുടരുന്നതിനിടയിലാണ് 1999ൽ പിഎസിയിലൂടെ ജൂനിയർ അസിസ്റ്റന്റായി ജോബി സർവീസിൽ കയറുന്നത്. അൻപതോളം സിനിമകളിലും നൂറോളം സീരിയലുകളിലും ഇതിനോടകം അഭിനയിച്ചെങ്കിലും ജോലിത്തിരക്കുകളാല്‍ ചെറിയ വേഷങ്ങളായിരുന്നു അധികവും. എങ്കിലും ശ്രദ്ധിക്കപ്പെട്ട പല വേഷങ്ങളും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു.
2018ൽ മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. ഇപ്പോൾ വേലക്കാരി ജാനുവെന്ന ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിക്കുകയാണ്. തുടർന്നും അഭിനയ രംഗത്തും പൊതുരംഗത്തും സജീവമാകാന്‍ ശ്രമിക്കുമെന്നും ജോബി വ്യക്തമാക്കുന്നു.
തിരുവനന്തപുരം മുതൽ കാസർകോട് വരേയും നിരവധി വിദേശ രാജ്യങ്ങളിലുമായി മൂവായിരത്തിലധികം സ്റ്റേജുകളിൽ ജോബി ഇതുവരെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ജോബി കുട്ടിക്കാലം മുതൽ തന്നെ കലാരംഗത്ത് സജീവമാണ്. സ്കൂൾ, കോളേജ് തല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങളും ജോബി കരസ്ഥമാക്കിയിട്ടുണ്ട്. ബാലചന്ദ്ര കുമാറിന്റെ തന്നെ 'എന്നാലും ശരത്ത്' ആണ് ജോബിയുടേതായി റിലീസായ അവസാന ചിത്രം.












Click it and Unblock the Notifications