സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു; ബാബുരാജിനെതിരെ കേസെടുത്തു
കൊച്ചി: നടന്‍ ബാബുരാജിനെതിരേ പൊലീസ് കേസെടുത്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ആണ് ബാബുരാജിനെതിരേ കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴി പൊലീസ് ഇന്ന് ഓണ്‍ലൈനായി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് അടിമാലി പൊലീസ് താരത്തിനെതിരെ കേസെടുത്തത്. സിനിമയില്‍ അവസരം തരാം എന്ന് പറഞ്ഞ് ആലുവയിലെ വീട്ടില്‍ കൊണ്ടുപോയി ബാബുരാജ് ബലാത്സംഗം ചെയ്തു എന്നാണ് പരാതി.
ബാബുരാജില്‍ നിന്ന് ഉപദ്രവമേറ്റതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെ നിന്ന് രക്ഷപ്പെടാനായത് എന്നും തനിക്ക് അറിയാവുന്ന മറ്റ് പെണ്‍കുട്ടികള്‍ക്കും ബാബുരാജില്‍ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഡിഐജിക്ക് മെയില്‍ വഴി നല്‍കിയ പരാതിയാണ് അടിമാലി പൊലീസിന് കൈമാറിയത്. 2019 ല്‍ അടിമാലിയിലുള്ള ബാബുരാജിന്റെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

ബാബുരാജിനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആസൂത്രിതമാണ് എന്നാണ് ബാബുരാജ് പരാതിയ്ക്ക് പിന്നാലെ പ്രതികരിച്ചിരുന്നത്. 2019 ല്‍ താന്‍ ആലുവയില്‍ അല്ല മൂന്നാറില്‍ ആണ് താമസിച്ചിരുന്നത് എന്നും ബാബുരാജ് പറഞ്ഞിരുന്നു. ആ സമയം ആലുവയിലെ വീട് മോശം അവസ്ഥയിലായിരുന്നു.
2020 കൊവിഡ് സമയത്താണ് ആ വീട് നന്നാക്കി അവിടെ താമസിക്കുന്നത് എന്നും അമ്മയുടെ അടുത്ത ജനറല്‍ സെക്രട്ടറി താന്‍ ആകുമെന്ന് കരുതിയാണ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത് എന്നുമായിരുന്നു ബാബുരാജ് അന്ന് പറഞ്ഞിരുന്നത്. അതിനിടെ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരായ നടിയുടെ ലൈംഗികാരോപണം അടിസ്ഥാനരഹിതമാണ് എന്നാണ് സിദ്ദീഖ് ഹര്‍ജിയില്‍ പറയുന്നത്.
അഞ്ച് വര്‍ഷം മുന്‍പ് സമൂഹമാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണത്തില്‍ ബലാത്സംഗം ചെയ്തെന്ന് പറഞ്ഞിരുന്നില്ലെന്നും ഇപ്പോള്‍ ബലാത്സംഗ പരാതി ഉന്നയിക്കുന്നത് തന്നെ അപമാനിക്കാനാണെന്നും സിദ്ദിഖ് പറയുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീര്‍പ്പാകും അറസ്റ്റ് തടയണമെന്നാണ് സിദ്ദീഖ് ആവശ്യപ്പെട്ടിരിക്കുന്നത്. രഞ്ജിത്, ഇടവേള ബാബു, ജയസൂര്യ, സുധീഷ് എന്നിവര്‍ക്കെതിരേയും ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പുറത്തുവന്ന എല്ലാ വെളിപ്പെടുത്തലുകളും പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. പല കേസുകളിലും പരാതിക്കാരില്‍ നിന്ന് എസ് ഐ ടി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിദ്ദീഖിനെതിരെ പരാതി നല്‍കിയ നടിക്കൊപ്പം തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെത്തി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.












Click it and Unblock the Notifications