ഭയന്നിട്ടല്ല, എന്നെന്നേക്കുമായി പിന്മാറുന്നു എന്ന് ബാബുരാജ്; മല്‍സരിക്കാന്‍ ഒരുങ്ങിയതിന് കാരണം ഇതാണ്
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹി സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിന്ന് കൂടുതല്‍ പേര്‍ പിന്മാറുന്നു. ജഗദീഷിന് പിന്നാലെ ഇപ്പോള്‍ നടന്‍ ബാബുരാജും മല്‍സരിക്കാനില്ല എന്ന് അറിയിച്ചു. മനംമടുത്താണ് പിന്മാറുന്നത് എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമക്കി. ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ച അന്‍സിബ ഹസന്‍ തിരഞ്ഞെടുക്കപ്പെട്ടു. മറ്റു 12 പേരും പത്രിക പിന്‍വലിച്ചതോടെയാണ് അന്‍സിബ തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, ബാബുരാജ് പിന്മാറിയ പിന്നാലെ നടി നവ്യ നായരും മല്‍സര രംഗത്തു നിന്ന് പിന്മാറി. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് മല്‍സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും മല്‍സരിക്കുന്നു. മറ്റു സ്ഥാനത്തേക്കു പത്രിക നല്‍കിയ പലരും അവസാന ഘട്ടത്തില്‍ പിന്മാറി. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിയുന്നതോടെ ആരൊക്കെയാണ് മല്‍സരിക്കുന്നത് എന്ന് വൈകാതെ വ്യക്തമാകും.

ബാബുരാജ് മല്‍സരിക്കുന്നതിനെതിരെ മുതിര്‍ന്ന നടിമാര്‍ ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. ദിലീപ്, സിദ്ദിഖ്, വിജയ് ബാബു എന്നിവര്‍ ആരോപണം ഉയര്‍ന്നപ്പോള്‍ മാറി നിന്ന പോലെ ബാബുരാജും മാറണം എന്നായിരുന്നു ആവശ്യം. ഇതോടെ വ്യത്യസ്തമായ അഭിപ്രായം താരങ്ങള്‍ക്കിടയില്‍ ഉണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് അവസാന നിമിഷം ബാബുരാജ് പിന്‍മാറിയത്.
ബാബുരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ബഹുമാനപ്പെട്ടവരെ,
വിഴുപ്പലക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍, അമ്മ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഞാന്‍ എന്നെന്നേക്കുമായി പിന്മാറുകയാണെന്ന് ഇതിനാല്‍ അറിയിക്കുന്നു. ഈ തീരുമാനം ആരെയും ഭയന്നിട്ടല്ല.
കഴിഞ്ഞ എട്ട് വര്‍ഷക്കാലം അമ്മ സംഘടനയില്‍ പ്രവര്‍ത്തിച്ച എനിക്ക് പീഡന പരാതികളും അപവാദങ്ങളും മാത്രമാണ് സമ്മാനമായി ലഭിച്ചത്. അംഗങ്ങളില്‍ നിന്ന് ലഭിച്ച ചാനല്‍ ഉപദേശങ്ങള്‍ എന്റെ ഹൃദയത്തില്‍ മരണം വരെ സൂക്ഷിക്കും. കഴിഞ്ഞ പത്ത് മാസക്കാലം കമ്മിറ്റിക്ക് ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ച ഉണ്ടാകണം എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്.
ലാലേട്ടന്‍ കമ്മിറ്റിയില്‍ ഇല്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ ഞാനും പിന്മാറാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് എല്ലാവരും ചേര്‍ന്ന് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് സംഘടനാപരമായ കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഇപ്പോള്‍ എനിക്ക് പ്രയാസകരമാണ്. എന്നെ മത്സരത്തിലൂടെ തോല്‍പ്പിക്കാമായിരുന്നു. അതായിരുന്നല്ലോ ജനാധിപത്യപരമായ രീതി. എന്നാല്‍, ഇത് എനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്.
എന്നെ വിശ്വസിച്ച് എല്ലാ പിന്തുണയും നല്‍കിയ എല്ലാ അംഗങ്ങള്‍ക്കും ഈ അവസരത്തില്‍ ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അമ്മ സംഘടനയ്ക്ക് എല്ലാവിധ നല്ല ഭാവിയും നേരുന്നു. എല്ലാവര്‍ക്കും നല്ലത് സംഭവിക്കട്ടെ എന്ന് ഞാനാശംസിക്കുന്നു.
സ്‌നേഹത്തോടെ,
ബാബുരാജ് ജേക്കബ്.












Click it and Unblock the Notifications