'കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം എനിക്ക് തന്നത് തെറ്റായ മരുന്ന്..'; വെളിപ്പെടുത്തലുമായി ബാല
കൊച്ചി: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം തനിക്ക് തെറ്റായ മരുന്ന് നല്‍കിയെന്ന ആരോപണവുമായി നടനും സംവിധായകനുമായ ബാല. ഗലാട്ട മീഡിയ എന്ന തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. മുന്‍ പങ്കാളികളായ അമൃത സുരേഷ്, എലിസബത്ത് ഉദയന്‍ എന്നിവര്‍ ബാലക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം തെറ്റായ മരുന്ന് നല്‍കിയത് ആരാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. 'ശസ്ത്രക്രിയയ്ക്ക് ശേഷം എനിക്ക് തെറ്റായ മരുന്ന് നല്‍കി. അത് നല്‍കിയ ആളുടെ പേര് ഞാന്‍ പറയില്ല. ഇതൊന്നുമറിയാതെ കുറേ നാള്‍ ഞാന്‍ ആ മരുന്ന് കഴിച്ചു. പക്ഷേ അപ്പോഴും ദൈവമാണ് എന്നെ രക്ഷിച്ചത്. അതിനുശേഷം 10 ദിവസം ആശുപത്രിയില്‍ കഴിഞ്ഞു. ആ സമയത്ത് ആരും എന്നെ കാണാന്‍ വന്നില്ല,' ബാല പറഞ്ഞു.

കോകിലയുമായുള്ള ബന്ധത്തെക്കുറിച്ചും ബാല അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്റെ ചെറുപ്പം മുതല്‍ കോകില കൂടെയുണ്ടായിരുന്നു എന്നും അവള്‍ തന്നെ ഇത്രയധികം സ്‌നേഹിക്കുന്നുണ്ട് എന്ന് അറിയില്ലായിരുന്നു എന്നും ബാല പറഞ്ഞു. ചെറുപ്പം മുതല്‍ കണ്ടു വളര്‍ന്ന ഈ പെണ്ണിനെ എങ്ങനെയാണ് ഭാര്യയായി കാണുക എന്ന സംശയം തന്നിലുണ്ടായിരുന്നു എന്നും എന്നാല്‍ അമ്മയാണ് ആ ആശങ്ക തന്നില്‍ നിന്ന് മാറ്റിയത് എന്നും ബാല കൂട്ടിച്ചേര്‍ത്തു.
ബാലയയുടെ മാതൃസഹോദരന്റെ മകളാണ് കോകില. ഔദ്യോഗികമായി ഇത് തന്റെ രണ്ടാമത്തെ വിവാഹമാണ് എന്നും താനും കോകിലയും ഇപ്പോള്‍ ജീവിതം ആസ്വദിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കോകിലയെ ബാല വിവാഹം കഴിക്കുന്നത്. ജ്വല്ലറികള്‍ ഞായറാഴ്ച അവധിയായിരുന്നതിനാല്‍ അടച്ച കട തുറപ്പിച്ചാണ് താലിമാല വാങ്ങിയത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്നര വര്‍ഷമായി തന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് കോകിലയാണ് എന്നും തങ്ങളുടെ രഹസ്യവിവാഹം നേരത്തെ കഴിഞ്ഞതാണ് എന്നും ബാല വെളിപ്പെടുത്തി. കഴിഞ്ഞ 25 വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ആളാണ് താന്‍ എന്നും കോകിലയും അത് കണ്ട് വളര്‍ന്ന പെണ്ണാണ് കോകില എന്നും അദ്ദേഹം പറഞ്ഞു. കോകിലയ്ക്ക് സ്വര്‍ണമാല വാങ്ങിച്ച് കൊടുത്തിട്ടില്ലെങ്കിലും അതിനിടക്ക് താന്‍ ഒരു ഹൃദയശസ്ത്രക്രിയയ്ക്ക് പണം കൊടുത്തിട്ടുണ്ട്.
മറ്റൊരു പെണ്ണായിരുന്നെങ്കില്‍ ഇതിനെല്ലാം പരാതി പറയുമായിരുന്നു എന്നും പക്ഷേ തന്റെ ലക്ഷ്യമെന്താണ് എന്ന് കോകിലയ്ക്ക് അറിയാം എന്നും ബാല കൂട്ടിച്ചേര്‍ത്തു. നാളെ തങ്ങള്‍ക്കൊരു കുട്ടി ഉണ്ടായാല്‍ ആ കുട്ടിയും ഇതുതന്നെയാകും പിന്തുടരുക എന്നും അദ്ദേഹം പറഞ്ഞു. താനിപ്പോള്‍ വലിയ ഡ്രാമ നേരിട്ടുകൊണ്ടിരിക്കുകയാണ് നിയമത്തില്‍ കുറച്ച് വിശ്വാസക്കുറവുണ്ട് എന്നും ബാല പറഞ്ഞു.












Click it and Unblock the Notifications