ടീമേ അത് പൊളിച്ചു; ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു; അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹം
പുതുതലമുറ താരങ്ങളില്‍ ചെറിയ കാരക്ടര്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ബിനീഷ് ബാസ്റ്റിന്‍. പശ്ചിമകൊച്ചിയിലെ സാധാരണ പശ്ചാത്തലത്തില്‍ നിന്നാണ് ബിനീഷ് സിനിമാ മേഖലയില്‍ വളര്‍ന്നു വന്നത്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. അമ്മച്ചിയുമൊത്തുള്ള ബിനീഷിന്റെ വീഡിയോകള്‍ ഏറെ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ കല്യാണമാണെന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ബിനീഷ്. അഞ്ച് വര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ കല്യാണത്തിലേക്ക് അടുക്കുന്നത്.
കൊച്ചി മുണ്ടന്‍വേലിയിലാണ് ബിനീഷ് ഇപ്പോള്‍ താമസിക്കുന്നത്. പ്രതിശുത്ര വധുവായ താര അടൂര്‍ സ്വദേശിനിയാണ്. എറണാകുളത്ത് ജോലി ചെയ്യുകയാണ് താര. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ബിനീഷ് പങ്കുവെച്ചു. 'ഈ സോളമനും ശോശന്നയും കണ്ടുമുട്ടി' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയോട് കൂടി വിവാഹം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന് മുന്‍പ് മനസമ്മതവും ഉണ്ടാകും. വിവാഹത്തീയതി വൈകാതെ അറിയിക്കുമെന്നും തന്നെ സ്‌നേഹിക്കുന്ന എല്ലാവരെയും ക്ഷണിക്കുമെന്നും താരം അറിയിച്ചു.

വിവാഹിതനാകണമെന്ന തന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് പൂവണിയുന്നതെന്ന് ബിനീഷ് മാധ്യമങ്ങളോടു പ്രതികരിച്ചു. 'ഇന്ന് മുതല്‍ എന്നും, സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും പരസ്പര സ്‌നേഹത്തോടും വിശ്വസ്തതയോടും കൂടി ഏക മനസോടെ 'താര' എന്നോടൊപ്പം ഉണ്ടാകും. കല്യാണത്തിന്റെ ഡേറ്റ് അറിയിക്കാം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം' - ഇതാണ് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
10 വര്‍ഷത്തിലേറെയായി സിനിമ ലോകത്ത് സജീവമാണ് ബിനീഷ്. മലയാളത്തിന് പുറമേ തമിഴ് ചിത്രത്തിലും വിജയ്‌ക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. സ്റ്റാര്‍ മാജിക് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ബിനീഷ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പോക്കിരിരാജ, അണ്ണന്‍ തമ്പി, സൗണ്ട് തോമ, താപ്പാന, പാസഞ്ചര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ബിനീഷ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളില്‍ ദശലക്ഷത്തിലേറെ ഫോളോവേഴ്‌സ് ആണ് ബിനീഷിനുള്ളത്. അമ്മച്ചിയുമായുള്ള പാചക വീഡിയോകള്‍ക്ക് താഴെ നിരവധി പേരാണ് ബിനീഷ് കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. പ്രായമായ അമ്മച്ചിയെ കഷ്ടപ്പെടുത്തരുതെന്നും ചിലര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍ പ്രണയത്തിലാണെന്ന് വിവരം താരം ഇത്രയും നാളും പുറത്തുവിട്ടിരുന്നില്ല. വൈകിയുള്ള വിവാഹമാണെങ്കിലും സന്തോഷമുണ്ടെന്നും ബിനീഷ് പറഞ്ഞു.
പ്രശസ്ത താരങ്ങള്‍ അടക്കം നിരവധി പേരാണ് ബിനീഷിന് ആശംസകള്‍ അറിയിക്കുന്നത്. 'അതു കലക്കി ടീമേ. ആശംസകള്‍. അമ്മയെയും പൊന്നു പോലെ നോക്കണേ...' എന്നാണ് ഒരാള്‍ ഇരുവരുടെയും ചിത്രത്തിന് താഴെ കമന്റായി കുറിച്ചത്.












Click it and Unblock the Notifications