ചലച്ചിത്രതാരം ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ!!!
Recommended Video

കൊച്ചി: നടനും സംവിധായകനുമായ ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചി ആലിൻചുവട്ടിലെ വസതിയിലായിരുന്നു അന്ത്യം. 68 വയസായിരുന്നു. മസ്തിഷ്ഘാകാത്തതെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലായി 500ഓളം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. വില്ലൻ വേഷങ്ങളിലും കോമഡി വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നടനാണ് ക്യാപ്റ്റൻ രാജു.

മസ്തിഷ്ഘാതം
കഴിഞ്ഞ മാസം 25നാണ് ഭാര്യയ്ക്കും മകനുമൊപ്പം കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെ ക്യാപ്റ്റൻ രാജുവിന് മസ്തിഷ്കാഘാതം ഉണ്ടായത്. തുടർന്ന് ഒമാനിൽ അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ കൊച്ചിയിലെത്തിച്ച് ചികിത്സ തുടരുകയായിരുന്നു.

ഓമല്ലൂരിൽ
1950 ജൂൺ 27ന് തിരുവല്ല ഓമല്ലൂരിലാണ് അദ്ദേഹത്തിന്റെ ജനനം. ഏഴുമക്കളിൽ ഒരാളായിരുന്നു ക്യാപ്റ്റൻ രാജു. ഓമല്ലൂർ സർക്കാർ യുപി സ്കൂളിലെ അധ്യാപകരായിരുന്നു മാതാപിതാക്കൾ. പ്രമീളയാണ് ക്യാപ്റ്റൻ രാജുവിന്റെ ഭാര്യ. രവി രാജാണ് ഏകമകൻ.

തുടക്കം
പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജിൽ നിന്നും സുവോളജിയിൽ ബിരുദം നേടിയ ശേഷം 21ാം വയസിലാണ് ക്യാപ്റ്റൻ രാജു സൈന്യത്തിൽ ചേരുന്നത്. കമ്മീഷൻഡ് ഓഫീസറായി ആയിരുന്നു തുടക്കം.

സൈനികസേവനം
ഏറെ നാളത്തെ സൈനീക സേവനത്തിന് ശേഷം അദ്ദേഹം മുംബൈയിലെ ചില സ്വകാര്യ കമ്പനിയിലും ജോലി ചെയ്തു. മുംബൈയിലെ ചില നാടകസംഘങ്ങളുമായി സഹകരിച്ച് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്.

ആദ്യ ചിത്രം
1981ൽ പുറത്തിറങ്ങിയ രക്തം എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റൻ രാജുവിന്റെ സിനിമാ പ്രവേശനം. 2017ൽ പുറത്തിറങ്ങിയ മാസ്റ്റർ പീസായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം.

സിനിമകൾ
രതിലയം, ആവനാഴി, നാടോടിക്കാറ്റ്, മുംബൈ പോലീസ് ,പഴശ്ശിരാജ അങ്ങനെ അഞ്ഞുറോളം ചിത്രങ്ങളിലായി നിരവധി ശ്രദ്ധേയമായ വേഷങ്ങളാണ് അദ്ദേഹം ചെയ്തത്. ഇതാ ഒരു സ്നേഹ ഗാഥ, മിസ്റ്റർ പവനായി 99.9 എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

പവനായി
ക്യാപ്റ്റൻ രാജു എന്ന നടനെയോർക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന കഥാപാത്രം നാടോടിക്കാറ്റിലെ പവനായി ആയിരിക്കും. വേറിട്ട ഹാസ്യംകൊണ്ട് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച കഥാപാത്രമാണത്. നായകനായ മോഹൻലാലിനെ കൊല്ലാനായി മലപ്പുറം കത്തിമുതൽ അത്യാധുനിക തോക്കുവരെയായി എത്തിയ പ്രൊഫഷണൽ കില്ലറായിരുന്നു പവനായി.

കഥാപാത്രങ്ങൾ
തന്റെ പരുക്കൻ ശബ്ദവും ഉയരുവുമെല്ലാം അദ്ദേഹത്തിന്റെ കഥാപാത്രങ്ങലെയും വ്യത്യസ്തമാക്കി. നിരവധി സീരിയലുകളിലൂടെ കുടുംബസദസ്സുകളിലും അദ്ദേഹം പ്രിയങ്കരനായി.












Click it and Unblock the Notifications